Tue, 07/24/2012 - 23:41 ( 47 weeks 1 dayago)
ലണ്ടന്‍: ചൈനയുടെ ഇരുമ്പുകോട്ടയില്‍ കാത്തുസൂക്ഷിച്ച ബെയ്ജിങ് ഒളിമ്പിക്സിലെ ഉദ്ഘാടനച്ചടങ്ങുപോലും ദിവസങ്ങള്‍ക്കുമുമ്പ് ചോര്‍ന്നുപോയത് ലണ്ടന്‍ ഒളിമ്പിക്സ് സംഘാടകര്‍ക്ക് പാഠമായി കാണും. വെള്ളിയാഴ്ച രാത്രിയില്‍ ലോകത്തിനു മുമ്പാകെ ചെപ്പുതുറക്കാന്‍ പോവുന്ന ലണ്ടന്‍ ഒളിമ്പിക്സിന്‍െറ ഉദ്ഘാടനച്ചടങ്ങ് അതിവിസ്മയമാവുമെന്നതില്‍ സംശയമില്ല. എന്നാല്‍, അതീവ രഹസ്യമാവുമോ. ഇല്ലയെന്ന് ഒറ്റവാക്കില്‍ ഉത്തരം.
പതിനായിരത്തിലേറെ കലാകാരന്മാരും ലോകത്തിന്‍െറ വിവിധഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന മാധ്യമപ്പടയും ഇതിനുപുറമെ മൊബൈല്‍ കാമറയും സോഷ്യല്‍ നെറ്റ്വര്‍കിങ് സൈറ്റുകളുമുള്ള ഇക്കാലത്ത് ഇരുമ്പുമറയില്‍ ഒരു ഒളിമ്പിക്സെന്നത് അതിമോഹമെന്ന് സംഘാടകര്‍ക്ക് നന്നായി അറിയാം. ഒളിമ്പിക്സ് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉറക്കമിളച്ചു നടക്കുന്നവരെയും മറികടന്ന് ഉദ്ഘാടനച്ചടങ്ങിന്‍െറ വിവരങ്ങള്‍ പുറംലോകത്തെത്തുന്നു. വിഖ്യാത ബോളിവുഡ് സംവിധായകന്‍ ഡാനി ബോയല്‍ ഒരുക്കുന്ന വിസ്മയക്കാഴ്ചയിലേക്കാണ് വെള്ളിയാഴ്ച ലോകം കണ്‍തുറക്കുന്നത്. ഒളിമ്പിക്സ് ചെപ്പിന്‍െറ കണ്‍തുറക്കാന്‍ മൂന്നുദിനം മാത്രം ശേഷിക്കെ ഒരുക്കങ്ങള്‍ തകൃതിയാണ്. റിഹേഴ്സലും അവസാനവട്ട സന്നാഹവുമായി ഉദ്ഘാടനച്ചടങ്ങിലെ കലാകാരന്മാര്‍ തിരക്കില്‍. ഇതിനിടയില്‍ ചടങ്ങിന്‍െറ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് ദയനീയ അഭ്യര്‍ഥനയുമായി ഡാനി ബോയല്‍ രംഗത്തുണ്ട്. കലാകാരന്മാര്‍ക്കും ഒളിമ്പിക് സംഘാടകസമിതി അംഗങ്ങള്‍ക്കും ഇ-മെയില്‍ സന്ദേശവും ട്വിറ്ററും ഫേസ്ബുക്കും വഴിയുള്ള പ്രചാരണവും സംവിധായകന്‍ നടത്തുന്നു. ഒളിമ്പിക് പാര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോര്‍ത്തല്‍ തടയാന്‍ പഴുതുകളടച്ച സുരക്ഷയുമായാണ് അധികൃതര്‍ രംഗത്തുള്ളത്.
വില്യം ഷേക്സ്പിയറിന്‍െറ ടെംപസ്റ്റ് എന്ന പ്രശസ്ത നാടകത്തിലെ പ്രചോദനവുമായി വിസ്മയദ്വീപിനെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ സജ്ജമാക്കിയാണ് ഡാനി ബോയല്‍ ഉദ്ഘാടനച്ചടങ്ങ് ഒരുക്കിയത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍െറ വളര്‍ച്ചയെ വരച്ചുകാണിക്കുന്ന കാഴ്ചകളില്‍ വ്യവസായ വിപ്ളവവും സാങ്കേതിക വളര്‍ച്ചയുമെല്ലാം മിന്നിമറയും.
സീന്‍ ഒന്ന്: ഹരിതം പ്രസന്നം
വെള്ളിയാഴ്ച രാത്രി 9.12. സ്റ്റേഡിയത്തിനു മുകളില്‍ വട്ടമിടുന്ന ഹെലികോപ്ടറില്‍നിന്ന് ജെയിംസ്ബോണ്ട് സ്റ്റാര്‍ ഡാനിയല്‍ ക്രെയ്ഗ് ഇറങ്ങുമ്പോള്‍ ഉഗ്രശബ്ദത്തിലെ മണിനാദ മുഴക്കത്തോടെ ലണ്ടന്‍ ഒളിമ്പിക്സിന്‍െറ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുകയായി. 12 കുതിര, മൂന്ന് പശു, മൂന്ന് നായ, 70 ചെമ്മരിയാട് , കുതിരവണ്ടി, നാടോടികള്‍, ഗ്രാമീണ ക്രിക്കറ്റ് ടീം, നൃത്തംചവിട്ടുന്ന നാട്ടുകാര്‍, ഇങ്ങനെ പഴമയുടെ ഇംഗ്ളീഷ് കാഴ്ചകളില്‍ പച്ചപ്പുല്‍ത്തകിടി നിറയും. സ്റ്റേഡിയത്തിന്‍െറ ഒരറ്റത്തെ ഓക്ക്മരവും പൊടിഞ്ഞുപെയ്യുന്ന മഴയും പശ്ചാത്തലത്തില്‍ മുഴങ്ങുന്ന സംഗീതവുമായി വിസ്മയദ്വീപ് ഗൃഹാതുരത്വത്തിലെ നാട്ടിന്‍പുറകാഴ്ചകളില്‍ നിറയും.
സീന്‍ രണ്ട്: ഡാര്‍ക് സാതാനിക് മില്‍സ്
വില്യം ബ്ളെയ്കിന്‍െറ കവിതയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വ്യവസായ വിപ്ളവകാലത്തെ ഇംഗ്ളണ്ടിനെ വിശദീകരിക്കുന്നതാണ് രണ്ടാം രംഗത്തിലെ കാഴ്ചകള്‍. നെയ്ത്തുകാരും കല്‍ക്കരി ഖനിയിലെയും ഇരുമ്പു ഖനിയിലെയും തൊഴിലാളികളും എന്‍ജിനീയര്‍മാരുമായി വേഷമണിഞ്ഞ് കലാകാരന്മാര്‍ രംഗത്തെത്തുന്നു. ബ്രിട്ടന്‍ ലോകത്തിന്‍െറ പണിശാലയായ കാലഘട്ടത്തെയാണ് ഇവിടെ വരച്ചിടുന്നത്.
സീന്‍ മൂന്ന്: ഭാവിയിലേക്ക്
ലോകയുദ്ധാനന്തരം പരിണമിക്കുന്ന ഇംഗ്ളണ്ടിനെയാണ് മൂന്നാം രംഗത്തില്‍ ആവിഷ്കരിക്കുന്നത്. ബിഗ്ബെനും ലണ്ടനിലെ പ്രമുഖമായ ഇടങ്ങളുമെല്ലാം ഇവിടെയെത്തുന്നു. 12,000 നര്‍ത്തകര്‍, ഡ്രമ്മര്‍മാര്‍, അക്രോബറ്റ്സ്, സ്കേറ്റ് ബോര്‍ഡേര്‍സ് എന്നിവരുടെ പ്രകടനങ്ങളോടെയാണ് ബ്രിട്ടന്‍െറ ഓരോ വളര്‍ച്ചയും അവതരിപ്പിക്കുന്നത്. പുതുലോകത്തെ ബ്രിട്ടന്‍െറ ചലനങ്ങളും രാജ്യത്തെ ചരിത്രപുരുഷന്മാരും ഇതിനിടയില്‍ മിന്നിമറയും.
വര്‍ണവിസ്മയം തീര്‍ക്കുന്ന ചടങ്ങുകള്‍ക്കുശേഷം ആതിഥേയ രാഷ്ട്രത്തിന്‍െറ മേധാവി എലിസബത്ത് രാജ്ഞിക്ക് സ്വീകരണം. പിന്നാലെ, ഒളിമ്പിക്സിനെത്തുന്ന രാജ്യങ്ങളുടെ മാര്‍ച്ച്പാസ്റ്റ്, ഒളിമ്പിക്സ് ഗാനം, പതാക ഉയര്‍ത്തല്‍, പ്രതിജ്ഞ, പ്രസംഗം. ഈ ചടങ്ങുകള്‍ക്കുശേഷമാണ് ഒളിമ്പിക് ദീപശിഖ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതും വിളക്കിലേക്ക് തീപകരുന്നതും. അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ പത്നി മിഷേല്‍ ഒബാമ, റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവ്, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹികോ നോഡ എന്നിവരടക്കം 120 രാഷ്ട്രത്തലവന്മാര്‍ ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും.
തുടക്കം: രാത്രി 9 മണി (ഇന്ത്യന്‍ സമയം
1.30), സമാപനം 12 മണി.
ചെലവ്: 27 ദശലക്ഷം യൂറോ.
കലാകാരന്മാര്‍: 15,000 (25 സ്കൂളില്‍
നിന്നുള്ള 1650 കുട്ടികള്‍ ഉള്‍പ്പെടെ)
ലോകമെമ്പാടുമായി 400 കോടി പേര്‍
ടെലിവിഷനില്‍ കാഴ്ചക്കാരാവും.
ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍: ഡാനിബോയല്‍
ഡയറക്ടര്‍: കിം ഗാവിന്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍