Tue, 07/24/2012 - 00:42 ( 43 weeks 21 hoursago)
സെബ് കോ എന്ന ഒളിമ്പിക് പ്രഭു
(+)(-) Font Size
സെബ് കോ എന്ന ഒളിമ്പിക് പ്രഭു
1500, 800 മീറ്ററുകളിലെ ഒളിമ്പിക് ചാമ്പ്യനായ സെബാസ്റ്റ്യന്‍ കോയാണ് ലണ്ടന്‍ ഒളിമ്പിക്സിന്‍െറ മുഖ്യ സംഘാടകന്‍. ഒളിമ്പിക്സിന്‍െറ വിജയകരമായ ആതിഥ്യത്തിലേക്ക് ലണ്ടന്‍ അടുക്കവെ ഈ മുന്‍ ഒളിമ്പിക് ചാമ്പ്യന്‍െറ കൂടി വിജയമാണത്

‘ആ ദിവസം അവിടെ ആ ഒരാള്‍ മാത്രമായിരുന്നു, സെബാസ്റ്റ്യന്‍ കോ ആയിരുന്നു ആ ഒരേയൊരാള്‍...’ സ്റ്റീവ് ക്രാം -1984.

ട്രാക്കിലെ സമകാലികനായ ഇതിഹാസ താരത്തിന് മറ്റൊരു ജേതാവിന്‍െറ സര്‍ട്ടിഫിക്കറ്റായിരുന്നു ഈ വാക്കുകള്‍. 1980ലെ മോസ്കോ ഒളിമ്പിക്സിലും, 1984ലെ ലോസ്ആഞ്ജലസ് ഒളിമ്പിക്സിലും ട്രാക്കില്‍ തീപ്പൊരി പാറിച്ച നിമിഷത്തിനൊടുവില്‍ മാറില്‍ സ്വര്‍ണപ്പതക്കമണിഞ്ഞ സെബാസ്റ്റ്യന്‍ കോ എന്ന മധ്യദൂര ചാമ്പ്യന് എതിരാളി നല്‍കിയ വിശേഷണത്തിന് ഇന്നും പത്തര മാറ്റ് തിളക്കം. 1500, 800 മീറ്ററുകളില്‍ തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സില്‍ സ്വര്‍ണവും വെള്ളിയും നേടി അപൂര്‍വ റെക്കോഡ് കുറിച്ച കോക്കു പിന്നില്‍ 1500 മീ. വെള്ളി നേടിയ ശേഷമായിരുന്നു സ്റ്റീവ് ക്രാമിന്‍െറ ഈ വിശേഷണം. ഇന്ന് മുപ്പതാമത് ഒളിമ്പിക്സിന് ലണ്ടന്‍ വേദിയൊരുക്കുമ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് മറ്റാരുമല്ല. സെബാസ്റ്റ്യന്‍ കോ എന്ന പഴയ ഒളിമ്പിക് ചാമ്പ്യന്‍ തന്നെ. ലോകം ഇതുവരെ കണ്ടതില്‍വെച്ചേറ്റവും സമ്മോഹനമായ ഒളിമ്പിക്സിന് ലണ്ടന്‍ ചെപ്പ് തുറക്കുമ്പോള്‍ ഈ ഒളിമ്പിക് ചാമ്പ്യന്‍െറ വിജയം കൂടിയാവും രേഖപ്പെടുത്തുന്നത്.
ലോകയുദ്ധങ്ങളും വലിയ വിജയങ്ങളും ഏറെ കണ്ട ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ സംഗമത്തിനാണ് സൂര്യനസ്തമിക്കാത്ത· സാമ്രാജ്യത്തിന്‍െറ അധിപന്മാര്‍ വേദിയൊരുക്കുന്നത്. 30-ാമത് ഒളിമ്പിക്സിനുള്ള വേദി തെരഞ്ഞെടുക്കാന്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി നടപടികള്‍ തുടങ്ങിയ കാലത്തുതന്നെ ലണ്ടനുവേണ്ടി കരുക്കള്‍ നീക്കാന്‍ സെബാസ്റ്റ്യന്‍ കോ രംഗത്തുണ്ടായിരുന്നു. ലോസ്ആഞ്ജലസിനെയും പാരിസിനെയും മറികടന്ന് 2005ല്‍ ലണ്ടനെ ഒളിമ്പിക് വേദിയായി പ്രഖ്യാപിച്ചതു മുതല്‍ ഒളിമ്പിക് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനും സെബാസ്റ്റ്യന്‍ കോ എന്ന പഴയ ചാമ്പ്യന്‍ തന്നെ.
ഇന്ന് മഹാനഗരം ഭൂമിയിലെ ഏറ്റവും വലിയ കായിക ഉത്സവത്തിനായ് അണിഞ്ഞൊരുങ്ങിയപ്പോള്‍ ‘ലണ്ടന്‍ 2012’ന്‍െറ തൂണിലും തുരുമ്പിലും കോയുടെ മന്ത്രങ്ങളുണ്ട്.
ആദ്യ ഘട്ടത്തില്‍ ലണ്ടനുവേണ്ടി ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തി വേദി നിര്‍ണയ സമയത്ത·് വോട്ടുറപ്പിക്കുകയായിരുന്നു കോയുടെ ദൗത്യമെങ്കില്‍, പിന്നീട് അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിലായി. പ്രധാന വേദിയായ സ്റ്റേഡിയം, വിശാലമായ ഒളിമ്പിക്സ് വില്ലേജ്, എല്ലാത്തിനു വിലങ്ങുതടിയായി ലോകത്തെ, പ്രധാനമായും യൂറോപ്പിനെ പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യവും.
പ്രതിസന്ധികളെ ഓരോന്നായി നേരിട്ട് സെബാസ്റ്റ്യന്‍ കോയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി ഒളിമ്പിക്സിന്‍െറ വിജയകരമായ നടത്ത·ിപ്പിലേക്ക് അടുത്തുകൊണ്ടിരിക്കെയാണ് അഗ്നി പരീക്ഷയുടെ മൂന്നാം ഘട്ടമെത്തുന്നത്.
തിരിതെളിയാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങളും ട്രാഫിക് കുരുക്കും കീറാമുട്ടിയാവുന്നത്. എന്നാല്‍, എല്ലാത്തിനും പരിഹാരം നിര്‍ദേശിച്ച് ‘ലണ്ടന്‍ 2012’ എന്ന ഇംഗ്ളീഷ് സ്വപ്നത്തെ യാഥാര്‍ഥ്യമാക്കാന്‍ സെബാസ്റ്റ്യന്‍ കോ രംഗത്തുണ്ട്.

ചാമ്പ്യന്‍കോ
ഒളിമ്പിക് ആതിഥേയരായ ബ്രിട്ടന്‍െറ ഏറ്റവും ഉചിതമായ തീരുമാനങ്ങളില്‍ ഒന്നായി സെബാസ്റ്റ്യന്‍ കോയുടെ നിയമനത്തെ വിശേഷിപ്പിക്കാം. രണ്ട് തവണ ചാമ്പ്യനായി ഒളിമ്പിക്സിന്‍െറ എല്ലാ മര്‍മവും അറിയുന്ന അത്ലറ്റ്. ട്രാക്കിനോട് വിട പറഞ്ഞ ശേഷം കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലൂടെ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ എത്തി രാഷ്ട്രീയത്തിലും പയറ്റിത്തെളിഞ്ഞ സംഘാടന മികവ്. രണ്ടാം ലോകയുദ്ധത്തിനുശേഷം ബ്രിട്ടനെ തേടിയെത്തിയ വലിയവെല്ലുവിളിയുടെ കമാന്‍ഡര്‍ സ്ഥാനം അണിയാന്‍ യോഗ്യനായി സെബ് കോയെക്കാള്‍ മറ്റൊരാളുണ്ടായിരുന്നില്ല. ചൈനയുടെ ബെയ്ജിങ് വിസ്മയത്തെ വെല്ലും വിധം ലണ്ടന്‍ 2012നെ അവതരിപ്പിക്കുന്നതിനൊപ്പം ബ്രിട്ടന് സാമ്പത്തിക മിച്ചവും നല്‍കല്‍ ഒളിമ്പിക് ഓര്‍ഗനൈസിങ് കമ്മിറ്റിയുടെ വെല്ലുവിളിയായിരുന്നു. ബ്രിട്ടന്‍െറ ചരിത്രത്തില്‍ രേഖപ്പെടുത്താനുള്ള ഏറ്റവും വലിയ ചവിട്ടുപടിയാണ് ഈ 55കാരന് ലണ്ടന്‍ ഒളിമ്പിക്സെന്നതിനൊപ്പം ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടാനുള്ള സാധ്യതയും ഏറെ.

ഇന്ത്യയുടെ ചെറുമകന്‍
ലണ്ടനിലെ ചിസ്വികില്‍ 1956 സെപ്റ്റംബറില്‍ പിറന്ന സെബാസ്റ്റ്യന്‍ കോക്ക് അമ്മ വഴി ഇന്ത്യയുടെ ചെറുമകന്‍ കൂടിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചാബില്‍നിന്ന് ഇംഗ്ളണ്ടിലെത്തിയ സര്‍ദാരി ലാലിന്‍െറ മകള്‍ ആഞ്ജല ലാല്‍ ആണ് ഇന്നത്തെ ഒളിമ്പിക് ഹീറോ സെബാസ്റ്റ്യന്‍ കോയുടെ അമ്മ. വിദ്യാര്‍ഥിയായിരിക്കെ അത്ലറ്റിക്സിലെത്തിയ സെബ് കോ അധികം വൈകാതെ മധ്യദൂര ഓട്ടക്കാരനായി അറിയപ്പെടാന്‍ തുടങ്ങി. ലാഫ്ബറോ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരിക്കെ പിതാവ് പീറ്റര്‍ കോയുടെ ശിക്ഷണത്തിന്‍ കീഴിലാണ് സജീവ മത്സരരംഗത്തെത്തുന്നത്. 1972ലാണ് ഒളിമ്പിക് ട്രാക്ക് വരെ വെല്ലുവിളി ഉയര്‍ത്തിയ സ്റ്റീവ് ഓവറ്റിനെ കൂട്ടുകാരനായി ലഭിക്കുന്നത്. പിന്നീട്, ട്രാക്കിനു പുറത്തെ ഈ കൂട്ടുകാര്‍ തമ്മിലായി യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും ഒളിമ്പിക്സിലുമായുള്ള മത്സരങ്ങള്‍. വിജയങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ 800, 1500 മീറ്ററുകളില്‍ ഓവറ്റും കോയും പലപ്പോഴും സ്വര്‍ണമണിഞ്ഞു.
ഇവരുടെ മറ്റൊരു സമകാലികനായിരുന്നു സ്റ്റീവ് ക്രാം. 1980 മോസ്കോയില്‍ 1500 മീ. സ്വര്‍ണവും, 800ല്‍ വെള്ളിയും നേടിയ കോ, 1984 ലോസ്ആഞ്ജലസ് ഒളിമ്പിക്സിലും ഇതേ നേട്ടം ആവര്‍ത്തിച്ചാണ് ചരിത്രത്തിന്‍െറ ഭാഗമായത്. 800മീ, 1000 മീ, 1500 മീ എന്നിവയില്‍ ഒരേസമയം ലോക റെക്കോഡ് സ്വന്തമാക്കിയ ആദ്യ താരമെന്ന പദവിയും അവിസ്മരണീയ കരിയറിനിടയില്‍ കോയെ തേടിയെത്തി.
800,1500 മീ. ബ്രിട്ടന്‍െറ ഒന്നാം നമ്പര്‍ അത്ലറ്റായിരിക്കെ 1989ല്‍ 33ാം വയസ്സില്‍ ട്രാക്കിനോട് വിടപറഞ്ഞ കോ 1990കളില്‍ തന്നെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ഭാഗമായി രാഷ്ട്രീയ ചുവടുവെപ്പു കുറിച്ചു. 1992 മുതല്‍ 97 വരെ പാര്‍ലമെന്‍റംഗമായിരുന്നു. കായിക രംഗത്തെ ആദരണീയ വ്യക്തിത്വത്തിനുള്ള അംഗീകാരമായി ഫിഫ എത്തിക്സ് കമ്മിറ്റി അംഗത്വം മുതല്‍ ബ്രിട്ടീഷ് പ്രഭുസഭ അംഗത്വം വരെ കോയെ തേടിയെത്തി.
ഒളിമ്പിക് സംഘാടനത്തിനായ് ഓടിനടക്കുന്നതിനിടെ ആരോപണങ്ങളും തൊട്ടുപിന്നാലെയുണ്ട്. സ്വകാര്യ ഏജന്‍സിക്ക് സുരക്ഷാ ചുമതല നല്‍കിയതിലെ കരാര്‍ അടക്കം വിവാദങ്ങള്‍ കത്തിപ്പടരാനിരിക്കുമ്പോള്‍ ലോകത്തെ കണ്ണഞ്ചിപ്പിക്കുന്ന ഒളിമ്പിക്സിലൂടെ പഴയ ബ്രിട്ടന്‍െറ പെരുമ വിളിച്ചോതാനാണ് സെബ് കോയുടെ നിയോഗം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus