രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടന്ന ദിവസമാണ് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ രോഗവാര്‍ത്തയറിഞ്ഞത്. 2002ല്‍ എ.പി.ജെ അബ്ദുല്‍ കലാമിനെതിരെ നാല് ഇടതുപക്ഷ കക്ഷികളുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചത് ക്യാപ്റ്റന്‍ ലക്ഷ്മിയായിരുന്നു.
ജയിക്കുന്നതിനുവേണ്ടിയുള്ള മത്സരമായിരുന്നില്ല അത്. പക്ഷേ, പ്രതീകാത്മകമായി മത്സരിക്കുന്നതിനുപോലും ഉചിതനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിയാതെ വരുന്ന കാലത്ത് അറുപതു വര്‍ഷത്തെ നിസ്തുലവും വിസ്മയകരവുമായ പൊതുജീവിതത്തിനു ലഭിച്ച അംഗീകാരമായിരുന്നു ലക്ഷ്മിയുടെ സ്ഥാനാര്‍ഥിത്വം.
സ്വാതന്ത്ര്യസമരത്തിലെ മിന്നല്‍ക്കൊടിയായിരുന്നു പാലക്കാട്ടെ അമ്മുക്കുട്ടിയുടെ മകളായ ലക്ഷ്മി. അമ്മു സ്വാമിനാഥന്‍ എന്ന പേരിലാണ് സാമൂഹികപ്രവര്‍ത്തനമേഖലയില്‍ അമ്മുക്കുട്ടി പ്രശസ്തയായത്. മദ്രാസ് ഹൈകോടതിയിലെ പ്രശസ്തനായ ക്രിമിനല്‍ അഭിഭാഷകനായിരുന്നു സ്വാമിനാഥന്‍. 1914 ഒക്ടോബര്‍ 24നായിരുന്നു ലക്ഷ്മിയുടെ ജനനം.
ഡോക്ടറാകാനായിരുന്നു ലക്ഷ്മിയുടെ ആഗ്രഹം. മദ്രാസ് മെഡിക്കല്‍ കോളജില്‍നിന്ന് സമ്പാദിച്ച മെഡിക്കല്‍ ബിരുദവുമായി 1940ല്‍ സിംഗപ്പൂരിലെത്തിയ ലക്ഷ്മി പാവപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ക്കുവേണ്ടി ഒരു ക്ളിനിക് ആരംഭിച്ചു. അവിടെവെച്ചാണ് ഇന്ത്യ ഇന്‍ഡിപെന്‍ഡന്‍സ് ലീഗുമായി ബന്ധപ്പെട്ടത്.
രണ്ടാം ലോകയുദ്ധം മൂര്‍ദ്ധന്യത്തിലെത്തിയ ഘട്ടം. ബ്രിട്ടന്‍െറ കൈവശമായിരുന്ന സിംഗപ്പൂര്‍ ജപ്പാന്‍െറ അധീനതയിലായി. ക്രിമിയന്‍ യുദ്ധകാലത്ത് പട്ടാളക്കാര്‍ക്ക് നല്‍കിയ പരിചരണത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയ ഫ്ളോറന്‍സ് നൈറ്റിങ്ഗേലിനെപ്പോലെ മുറിവേറ്റ തടവുകാരുടെ സമാശ്വാസമായി മാറി ഇരുപത്തിയെട്ടുകാരിയായ ലക്ഷ്മി. ആ ഘട്ടത്തിലാണ് നേതാജി സുഭാസ് ചന്ദ്ര ബോസ് സിംഗപ്പൂരിലെത്തിയത്. ബാല്യത്തില്‍ ഗാന്ധിജിയുടെ അനുഗ്രഹം കിട്ടിയ ലക്ഷ്മി സ്വാതന്ത്ര്യദാഹത്തില്‍ ബോസിന്‍െറ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സൈനികമായ നീക്കങ്ങള്‍ നടക്കുന്ന കാലം. ഇന്ത്യന്‍ നാഷനല്‍ ആര്‍മി രൂപവത്കൃതമായി. നേതാജിയുടെ നിര്‍ദേശമനുസരിച്ച് ഐ.എന്‍.എയുടെ ഝാന്‍സി റാണി റജിമെന്‍റില്‍ ചേര്‍ന്നു. അതോടെ ക്ളിനിക് പൂട്ടി. സ്റ്റെതസ്കോപ് ഉപേക്ഷിച്ച ലക്ഷ്മി തോക്കെടുത്തു.
ഡോക്ടര്‍ ലക്ഷ്മി അതോടെ കേണല്‍ ലക്ഷ്മിയായി. പക്ഷേ, ക്യാപ്റ്റന്‍ ലക്ഷ്മി എന്ന പേരാണ് ലക്ഷ്മിക്ക് പതിഞ്ഞുകിട്ടിയത്. ഝാന്‍സിയിലെ റാണിയെ അനുസ്മരിപ്പിച്ച പ്രകടനമാണ് അവര്‍ യുദ്ധമുന്നണിയില്‍ നടത്തിയത്. നിരവധി ഐ.എന്‍.എ സൈനികരെ രക്ഷിക്കാന്‍ ആ ധീരവനിതക്കു കഴിഞ്ഞു. പക്ഷേ, ഒടുവില്‍ ലക്ഷ്മി പിടിക്കപ്പെട്ടു.
തടവുകാരിയായി ഇന്ത്യയില്‍ എത്തിക്കപ്പെട്ട ലക്ഷ്മി ഇന്ത്യന്‍ മനസ്സുകളില്‍ ധീരതയുടെ പ്രതീകമായി. ലക്ഷ്മിയുടെ തടവിലെ ശക്തി തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സര്‍ക്കാര്‍ അവരെ മോചിപ്പിച്ചു. രാജ്യത്തുടനീളം സഞ്ചരിച്ച് സ്വാതന്ത്ര്യസമരത്തിന് ഊര്‍ജം പകരാന്‍ ലക്ഷ്മിക്കു സാധിച്ചു.
സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ് ലാഹോറിലെത്തിയ ലക്ഷ്മി വിവാഹിതയായി. കേണല്‍ പ്രേംകുമാര്‍ സൈഗാള്‍ ആയിരുന്നു ഭര്‍ത്താവ്. വിവാഹാനന്തരം അവര്‍ കാണ്‍പൂരില്‍ താമസമാക്കി. വിഭജനത്തെ തുടര്‍ന്ന് കാണ്‍പൂരിലെത്തിയ അഭയാര്‍ഥികള്‍ക്കുവേണ്ടിയായി ലക്ഷ്മിയുടെ പിന്നീടുള്ള പ്രവര്‍ത്തനം. കാണ്‍പൂരില്‍ മുസ്ലീങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ഏക ഡോക്ടറായിരുന്നു അക്കാലത്ത് ലക്ഷ്മി.
വനിതകള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനുറച്ച ലക്ഷ്മി എഴുപതുകളുടെ ആരംഭത്തില്‍ കൊല്‍ക്കത്തയിലെത്തി. ബംഗ്ളാദേശില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കിടയിലായിരുന്നു പ്രവര്‍ത്തനം.
കലാപത്തിനിടയിലെ പ്രശാന്തമായ സാന്നിധ്യമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. കാണ്‍പൂരും കൊല്‍ക്കത്തയും പിന്നിട്ട് ദല്‍ഹിയിലെത്തിയ ലക്ഷ്മി അസാമാന്യമായ ധൈര്യത്തോടെയാണ് സിഖുകാരെ കൊല്ലാനെത്തിയ കോണ്‍ഗ്രസുകാരെ നേരിട്ടത്. ലക്ഷ്മിയുടെ ക്ളിനിക് പ്രവര്‍ത്തിച്ചിരുന്ന പ്രദേശത്ത് ഒറ്റ സിഖുകാരന്‍പോലും ആക്രമിക്കപ്പെട്ടില്ല. സി.പി.എമ്മില്‍ അംഗമായ ലക്ഷ്മി 1971ല്‍ രാജ്യസഭയിലെത്തി. 1981ല്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ സംഘടന രൂപവത്കരിച്ചപ്പോള്‍ ഉപാധ്യക്ഷയായി. 1998ല്‍ പത്മ വിഭൂഷണ്‍ ബഹുമതി നല്‍കി രാഷ്ട്രം ലക്ഷ്മിയെ ആദരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍