12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

കണ്ണുനീര് തുടക്കുന്ന തൂവാല

കണ്ണുനീര് തുടക്കുന്ന തൂവാല

വയനാട്ടില്‍നിന്നായിരുന്നു ആ വിളി വന്നത്. രോഗക്കിടക്കയില്‍ ആശ്രയമില്ലാതെ ഒരു സ്ത്രീ മരണത്തോട് മല്ലടിക്കുന്നു. വിളി വന്നയുടന്‍ ഇല്യാസ് ആ വിളിപ്പാടകലേക്ക് ഓടിയെത്തി. അവിടെ കാടിന്‍െറ ഓരത്തെ ഒറ്റമുറി വീട്ടില്‍ ഒരു സ്ത്രീയുടെ കോലമുള്ള രൂപം കിടപ്പുണ്ടായിരുന്നു. ആരോ കെട്ടിക്കൊടുത്ത കയറില്‍ പിടിച്ച് മുകളിലോട്ട് ഒന്ന് എഴുന്നേറ്റിരിക്കും. കാലുകള്‍ നീരുബാധിച്ച് തളര്‍ന്നുപോയിരിക്കുന്നു. കണ്ണുകള്‍ ദാരിദ്ര്യത്തിന്‍െറ കറുത്ത കുഴികളുണ്ടാക്കി മുഖത്ത് മറഞ്ഞിരുന്നു. മൂത്രമൊഴിക്കാനാകാതെ അണബാധയേറ്റ് പിടയുകയായിരുന്നു അവര്‍. മരണം ദയ കാട്ടി മറഞ്ഞിരുന്ന് അവരെ അനുഗ്രഹിച്ചു കാണണം. കാരണം, ജീവന്‍െറ ചെറിയൊരു കണിക മാത്രമേ ആ ശരീരത്തില്‍ അവശേഷിച്ചിരുന്നുള്ളൂ. കരച്ചിലില്ല, അലമുറയില്ല. നിശ്ശബ്ദമായൊരു തേങ്ങല്‍പോലും അവരില്‍ നിന്നുണ്ടായില്ല.
ഇല്യാസും സംഘവും അവരെ ചുമലിലേറ്റി ‘തണലി’ലേക്ക് വണ്ടികയറി. ആദ്യം കുളിപ്പിച്ച് പുത്തന്‍ വസ്ത്രങ്ങള്‍ ധരിപ്പിച്ചു. പിന്നെ ഭക്ഷണവും മരുന്നും നല്‍കി. രാത്രിയോടെ നില വഷളായി. അവര്‍ നിര്‍ത്താതെ ഛര്‍ദിക്കാന്‍ തുടങ്ങി. ഒപ്പം വയറിളക്കവും. കുറച്ചുനേരം നോക്കിനിന്നെങ്കിലും ഉടന്‍ തന്നെ ‘തണലി’ന്‍െറ സാരഥി ഡോ. ഇദ്രീസിനെ ഫോണില്‍വിളിച്ച് കാര്യംപറഞ്ഞു.കര്‍ണാടകയിലെ മെഡിക്കല്‍ കോളജില്‍ ഉന്നത പഠനത്തിനായി പോയ അദ്ദേഹം അവിടെനിന്ന് മരുന്നുകള്‍ നിര്‍ദേശിച്ചു. രണ്ടുദിവസം ആ മരുന്നുകള്‍ക്ക് മുകളില്‍ അവരുടെ ശരീരം പ്രതിരോധം നടത്തി. മൂന്നാം ദിവസം അനുസരണയുള്ള കുട്ടിയെപ്പോലെ ശരീരം മരുന്നും ഭക്ഷണവും സ്വീകരിച്ചു തുടങ്ങി.
മൂത്രം പോകാനിട്ട ട്യൂബ് ഒരാഴ്ചക്കുള്ളില്‍ നീക്കം ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞതോടെ മുഖത്തെ കുഴികളുടെ മറവില്‍നിന്ന് കണ്ണുകള്‍ പുറത്തേക്കുവന്നു. കാലിലെ നീര് വറ്റി. വേദനയില്ലാത്ത മുഖമായി അവര്‍ അവിടെ ജീവിച്ചു. ഒരു മാസത്തെ പരിചരണത്തിനു ശേഷം അവരോട് ചോദിച്ചു. ഇപ്പോള്‍ എങ്ങനെയുണ്ട്? ഛര്‍ദിയും വയറിളക്കവും എല്ലാം പോയില്ലേ? ഭക്ഷണം നന്നായി കഴിക്കണം ഡോ. ഇദ്രീസ് പറഞ്ഞു.
അവര്‍ മറുപടി പറഞ്ഞില്ല. ഒരു ദീര്‍ഘനിശ്വാസത്തിനുശേഷം ഒലിച്ചിറങ്ങിയ കണ്ണീര്‍ത്തുള്ളികള്‍ തുടച്ചുമാറ്റി ഡോക്ടര്‍ വീണ്ടും ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘അസുഖം കൊണ്ടൊന്നുമല്ല സാറേ... അന്നം തിന്നാതിരുന്നിട്ടാ ഛര്‍ദിയും അതിസാരോം പിടിച്ചത്’.
ഈ ഉത്തരം കേട്ടപ്പോഴാണ് ഡോക്ടറും സംഘവും അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത്. കഴിഞ്ഞ അഞ്ചു മാസമായി ഇവര്‍ ഭക്ഷണം കഴിക്കാറേ ഇല്ല. താഴ്വാരത്തെ വീട്ടില്‍ ജോലിക്കുപോകുന്ന സ്ത്രീ ആഴ്ചയിലൊരിക്കല്‍ കൊണ്ടുവന്ന് കൊടുക്കുന്ന ഒരു കുപ്പി കട്ടന്‍ ചായയായിരുന്നു ആകെ അവരുടെ ഭക്ഷണം. പഴകിപ്പഴകി കയ്പുബാധിച്ച കട്ടന്‍ചായ മാത്രമാണ് അവരുടെ നാവും അന്നനാളവും പരിചയിച്ചത്. ഒട്ടി ഉണങ്ങിയ കുടലുകളിലൂടെ ഭക്ഷണത്തിന്‍െറ കണിക എത്തിയപ്പോള്‍ ശരീരത്തിന്‍െറ പ്രതിരോധം മാത്രമായിരുന്നു അവരുടെ വയറിളക്കവും പനിയും .
രണ്ടു മാസത്തെ പരിചരണം കഴിഞ്ഞപ്പോള്‍ കാലിലെ നീര് പൂണര്‍മായുംകുറഞ്ഞ് സാധാരണ അവസ്ഥയിലെത്തി, നാലുമാസം കഴിഞ്ഞപ്പോള്‍ കിടക്കവിട്ട് എഴുന്നേറ്റ് ഇരിക്കാനും ചെറുതായി പിച്ചവെച്ച് നടക്കാനും തുടങ്ങി. പിന്നെ, ആഴ്ചകള്‍ കഴിയും തോറും അവര്‍ നടത്തത്തിന് വേഗതകൂട്ടി. ഒരു വൈകുന്നേരം തണലിന്‍െറ മുറ്റത്തെ മണല്‍പരപ്പില്‍ അവര്‍ ആവേശത്തോടെ ഓടി.
പട്ടിണി മാത്രമായിരുന്നു ഇവരുടെ രോഗം. ഉറ്റവര്‍ കൈമലര്‍ത്തി. വഴിയിലുപേക്ഷിച്ചുപോയ ഒരു ജന്മം. ഒന്നുറക്കെ നിലവിളിച്ചാല്‍പോലും ആരും തിരിഞ്ഞുനോക്കാനില്ലാത്തയിടത്ത് ഇവരുടെ ശരീരം അതിജീവിച്ചത് മനക്കരുത്തുകൊണ്ട് മാത്രം. ആ മനക്കരുത്തിന്‍െറ പ്രാര്‍ഥനക്കൊടുവിലാണ് കനിവിന്‍െറ കൈകളുമായി തണലിന്‍െറ സ്നേഹം അവരെ തേടിയെത്തിയത്.

വെയിലില്‍ വിരിഞ്ഞ
തണല്‍
പേരുപോലെതന്നെ ജീവിതത്തിന്‍െറ യാതനകളുടെ പൊരിവെയിലിലും കണ്ണീരിന്‍െറ തോരാത്ത മഴയിലും മനുഷ്യസ്നേഹത്തിന്‍െറ കുട നിവര്‍ത്തി സാന്ത്വനത്തിന്‍െറ കൈകളുമായെത്തുന്ന നന്മ തന്നെയാണവിടം. കോഴിക്കോട് ജില്ലയിലെ വടകരയിലെ കടലോരത്ത് മനുഷ്യസ്നേഹി നല്‍കിയ ഭൂമിയില്‍ വളര്‍ന്നുവരുന്ന തണല്‍ വൃക്ഷമാണ് ‘തണല്‍’.
രോഗം ഏതൊരാള്‍ക്കും വേദനിപ്പിക്കുന്ന അനുഭവങ്ങളായിരിക്കും. രോഗാവസ്ഥയില്‍ ഉറ്റവര്‍ കൂടെ ഉണ്ടായാല്‍ രോഗതീവ്രത കുറയും അഥവാ വേദനയുടെ ആഴം ചിലപ്പോള്‍ അലിഞ്ഞില്ലാതാകും. എന്നാല്‍, രോഗവും വാര്‍ധക്യവും ശാപമാകുന്ന ചിലരുണ്ട് നമുക്കിടയില്‍. രോഗിയെന്ന് തിരിച്ചറിഞ്ഞാല്‍ എത്ര സ്നേഹമുണ്ടായിട്ടും പകരംകിട്ടാതെ മക്കളാല്‍ ആട്ടിയോടിക്കപ്പെട്ട അനവധിപേര്‍. ആരോഗ്യമുണ്ടെങ്കില്‍ ചായക്കടകള്‍ക്കു മുന്നില്‍ ഒട്ടിയ വയറുമായി ‘മീല്‍സ് റെഡി’ ബോര്‍ഡും പിടിച്ചു നിന്ന് ശിഷ്ടകാലം ജീവിക്കാം. പക്ഷേ, രോഗികളായ വാര്‍ധക്യത്തിന് വൃദ്ധസദനങ്ങളില്‍പോലും ഇടമില്ല. അങ്ങനെ പോകാനൊരിടമില്ലാതെ വീട്ടിലെ കാലിത്തൊഴുത്തിലും കക്കൂസുകളിലും മക്കളാല്‍ അടച്ചിടപ്പെട്ടവരും രാത്രിയുടെ മയക്കത്തില്‍ ഒളിച്ചുകൊണ്ടുവന്ന് തെരുവില്‍ ഉപേക്ഷിച്ചുപോകുന്നവരും കാണാത്ത ഒരിടമാണ് തണല്‍. സ്നേഹം മാത്രം വിളമ്പുന്ന പാത്രങ്ങള്‍ നിറയെ ഉള്ള ഒരു വീട്. ഇവിടെ രോഗികളായ അഗതികള്‍ക്ക് സാന്ത്വനവും ആശ്വാസവും പകരുന്ന കുറച്ചുപേരുണ്ട്. അതില്‍ ഒരാളാണ് ഈ തണലിന്‍െറ മുഖ്യസൂത്രധാരന്‍ ഡോ. ഇദ്രീസ്. പിന്നെയുള്ളത് ഇല്യാസ് എന്ന ചെറുപ്പക്കാരന്‍. വയനാട്ടുകാരനായ ഇല്യാസ് കുടുംബ സമേതം തണലില്‍ താമസിച്ച് വേദനിക്കുന്നവര്‍ക്ക് സാന്ത്വനത്തിന്‍െറ സ്നേഹപരിചരണം നല്‍കുന്നു, പിന്നെ ജീവിതം മുഴുവന്‍ സ്നേഹപരിചരണത്തിനായി മാറ്റിവെച്ച മനുഷ്യപ്പറ്റുള്ള കുറച്ചുപേര്‍.
ആരും ഏറ്റെടുക്കാനില്ലാത്ത രോഗിയായ ഒരു സ്ത്രീയെ പരിശോധിക്കേണ്ടി വന്നു മുമ്പൊരിക്കല്‍ ഡോക്ടര്‍ ഇദ്രീസിന്. രോഗമല്ല സ്നേഹവും പരിചരണവുമാണ് അവര്‍ക്ക് വേണ്ട മരുന്നെന്ന് കണ്ടെത്തിയെങ്കിലും ഡോക്ടര്‍ നിസ്സഹായനായിരുന്നു. അവരെ പാര്‍പ്പിക്കാന്‍ സുരക്ഷിതമായൊരിടം തേടി. ഒടുവില്‍ സുഹൃത്തുക്കളായ ചിലരോട് ഇക്കാര്യം പറഞ്ഞു. അവര്‍ വലിയ ധനികരായിരുന്നില്ല.
ഓരോ മാസത്തെ ശമ്പളത്തില്‍നിന്ന് മിച്ചംവെച്ച്, വീട്ടിലെ ആഘോഷങ്ങള്‍ മാറ്റിവെച്ച് അവര്‍ സ്വരൂപിച്ച മൂലധനമായിരുന്നു തണലിന്‍െറ പിറവിക്ക് കാരണം. ആ കൂട്ടായ്മ വളര്‍ന്നു, ഒപ്പം തണലും.
നിരവധി രോഗികളായ അഗതികളെത്തി. അവര്‍ക്ക് സ്നേഹവും പരിചരണവും നന്മയുടെ സ്പൂണില്‍ നിറച്ചു നല്‍കി.
ദിനംപ്രതി ആവശ്യം കൂടിക്കൂടി വന്നു. 2008ല്‍ മാഹിയിലെ വാടകക്കെട്ടിടത്തില്‍ ആരംഭിച്ച തണല്‍ മരത്തിന്‍െറ വേരുകള്‍ സാന്ത്വനം ആവശ്യമുള്ള ഇടങ്ങളിലെല്ലാം പടര്‍ന്നുകയറി.
സാധാരണ അഗതിമന്ദിരങ്ങളില്‍ നിന്ന് വ്യത്യസ്തമായി പരിചരിക്കാനാളില്ലാത്ത തീര്‍ത്തും നിര്‍ധനരായ അഗതികളെയും രോഗികളെയുമാണ് ഇവിടെ സ്വീകരിക്കുന്നത്.

താളം തെറ്റിയ മനസ്സുകള്‍ക്കൊരു താരാട്ട്
മനോനില തെറ്റി സ്വന്തം വ്യക്തിത്വം പോലും തിരിച്ചറിയാതെ അലയുന്ന നിരവധിപേരെ നമ്മള്‍ വഴിവക്കില്‍ കണ്ടുമുട്ടും. ചിലര്‍ കളിയാക്കിച്ചിരിക്കും. മറ്റു ചിലര്‍ ആട്ടിയോടിക്കും. മനുഷ്യത്വം മരവിച്ചവര്‍ കല്ലെറിഞ്ഞ് മുറിവേല്‍പിക്കും. അങ്ങനെ സമൂഹത്തിന്‍െറ ആട്ടും തുപ്പും ഏറ്റുവാങ്ങി തെരുവുകളില്‍ കഴിയുന്നവര്‍ക്ക് അവിടെനിന്നുതന്നെ ചികിത്സ തുടങ്ങി മനോരോഗത്തില്‍നിന്ന് ജീവിതത്തിലേക്ക് നടക്കാന്‍ പ്രേരിപ്പിക്കാനും തണല്‍ മുന്‍കൈയെടുത്തു.
കോഴിക്കോട് ജില്ലയിലെ ഒരു നാട്ടിന്‍പുറം. അവിടെ നാട്ടുകാരുടെ ആശ്രയമായൊരു ചായ മക്കാനി. ആ കടയിലെ ആദ്യ ചായ റിസര്‍വ് ചെയ്തിരിക്കുന്നത് ഒരു മനോരോഗിക്കാണ്. അയാള്‍ ആ കടയുടെ ഐശ്വര്യമാണെന്ന് കടക്കാരന്‍ വിശ്വസിച്ചിരുന്നു. പുലര്‍ച്ചെ മാത്രം ചായ കുടിക്കാനെത്തുന്ന ആ മനുഷ്യന്‍ പിന്നെ എങ്ങനെ ജീവിക്കുന്നുവെന്ന് ആരും അന്വേഷിച്ചിരുന്നില്ല. തണലിന്‍െറ ഫോണിലേക്ക് ആ ചെറുപ്പക്കാരന്‍െറ വിവരവും അറിയിച്ചുകൊണ്ട് ഒരു ഫോണ്‍കാളെത്തി. സംഘം അടുത്ത ദിവസം തന്നെ ചെറുപ്പക്കാരനെ കൊണ്ടുപോകാന്‍ ശ്രമംനടത്തി. പക്ഷേ, അയാള്‍ ചികിത്സയെ മാത്രമല്ല എല്ലാറ്റിനെയും ഭയന്നിരുന്നു. ഒടുവില്‍ തണല്‍ ഡോക്ടര്‍മാര്‍ പുതിയൊരു സൂത്രം പ്രയോഗിച്ചു.
പതിവായി ചായ കുടിക്കുന്ന കടക്കാരനെ സമീപിച്ചു. അയാളുടെ അനുവാദത്തോടെ, നാട്ടുകാരുടെ സമ്മതത്തോടെ ചികിത്സയുടെ ആദ്യത്തെ ഗുളിക ചായയില്‍ ചേര്‍ത്ത് കൊടുത്തു. പിന്നെപ്പിന്നെ പതിയെ മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പവും മരുന്നു നല്‍കി. നാളുകള്‍ മാസങ്ങളായപ്പോള്‍ ചായയില്‍ എന്തോ കലര്‍ത്തുന്നതായി അയാള്‍ തിരിച്ചറിഞ്ഞു. ഒപ്പം ഈ ലോകത്തെയും. രോഗാവസ്ഥയില്‍ നിന്ന് താന്‍ പടി കയറി ജീവിതത്തിലേക്ക് എത്തുകയാണെന്ന് അയാള്‍ മനസ്സിലാക്കി. അങ്ങനെ തണലിന്‍െറ കരുണയില്‍ ആ ചെറുപ്പക്കാരന്‍ സ്വന്തം മനോനിലയിലേക്ക് മടങ്ങിയെത്തി. തണല്‍ മാനസികാരോഗ്യ കേന്ദ്രത്തിന്‍െറ വിവരം പൊതുജനങ്ങള്‍ അറിഞ്ഞു തുടങ്ങി. അങ്ങനെ മനോനില തെറ്റിയവരെയൊക്കെ തണലിലേക്ക് നയിക്കപ്പെട്ടു. മുറികള്‍ നിറഞ്ഞുകവിഞ്ഞു. മരുന്നും ഭക്ഷണവും സൗകര്യങ്ങളും കുറഞ്ഞുവന്നു. തണലിലെ ജീവനക്കാരും സംഘാടകരും മുണ്ടുമുറുക്കിയുടുത്തു. ചെലവുകള്‍ ചുരുക്കി സൗഹൃദങ്ങളില്‍നിന്ന് കടംവാങ്ങി. മനുഷ്യ സ്നേഹികളില്‍ നിന്ന് ചില സഹായങ്ങളും തേടി.
അതിനിടയില്‍ പയ്യോളി പൊലീസ് സ്റ്റേഷനില്‍ നിന്നും ഒരു സ്ത്രീയെ പൊലീസുകാര്‍ തനെ തണലില്‍ എത്തിച്ചു. നിരവധി മുറിവുകളേറ്റ് പലവിധ ആക്രമണങ്ങള്‍ക്ക് വിധേയയായ മറുനാട്ടുകാരിയായ സ്ത്രീ. പൊലീസുകാര്‍ രക്ഷപ്പെടുത്തിക്കൊണ്ടുവന്നതാണ്. മനോരോഗിയും പരിക്കേറ്റവരുമായതിനാല്‍ തണലിലേക്ക് തന്നെ അവരെ എത്തിച്ചു. തണല്‍ പരിമിതികള്‍ക്കിടയിലും അവരെ ഏറ്റെടുത്തു. രക്തംകുറഞ്ഞ് വിളര്‍ച്ച ബാധിച്ചിരുന്നു. ഹീമോഗ്ളോബിന്‍ കൗണ്ട് മൂന്നായി കുറഞ്ഞു. മരണത്തിന്‍െറ വക്കിലായിരുന്നു അവരുടെ ശരീരം. തണലിന്‍െറ കാരുണ്യമുള്ള കൈകള്‍ അവര്‍ക്ക് സാന്ത്വനവും പരിചരണവും നല്‍കി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മറന്നുപോയ പല പേരുകളും അവരുടെ മനസ്സില്‍ വീണ്ടും മുളപൊട്ടി. സ്വന്തം ഭാഷയും ദേശവും അവര്‍ തിരിച്ചറിഞ്ഞു. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ പൂര്‍ണ ആരോഗ്യവതിയായി. അതോടെ വീട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹവും കലശലായി. മൈസൂരിനടുത്തുള്ള ശ്രീലപുരത്താണ് വീടെന്നും കേരളത്തിലേക്കുള്ള തീര്‍ഥാടന യാത്രക്ക് വന്നപ്പോള്‍ കൂട്ടംതെറ്റിപ്പോയതാണെന്നും അവര്‍ പറഞ്ഞു. ഹംസവല്ലിയെന്നാണ് പേരെന്നും ആഴ്ചകളുടെ പരിചരണംകൊണ്ട് അവര്‍ തിരിച്ചറിഞ്ഞു.
മനോനില വീണ്ടുകിട്ടിയതോടെ പിന്നെ ഒന്നും ആലോചിച്ചില്ല. തണലിന്‍െറ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ഹംസവല്ലി പറഞ്ഞ വഴിയെ യാത്ര തിരിച്ചു, മൈസൂരെത്തി. പോകേണ്ട വഴിയും ദിശയുമെല്ലാം ഡ്രൈവര്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ ഹംസവല്ലിക്കു കഴിഞ്ഞു. വൈകാതെ അവര്‍ വലിയൊരു വീട്ടിലെത്തി. അവിടെ ഹംസവല്ലിയെ കണ്ടതും കണ്ണീരിന്‍െറ പ്രളയമായിരുന്നു. അമ്മയെ കാണാതായ ദിനം മുതല്‍ അവിടെ കണ്ണീരുകൊണ്ടാണ് വിശപ്പടക്കിയിരുന്നത്. ഒരു മകന്‍ ഈ അമ്മയെ തിരഞ്ഞ് കേരളത്തിലാണെന്നും സംഘം ഞെട്ടലോടെ മനസ്സിലാക്കി. പിന്നെ വൈകാതെ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് കാര്യം ധരിപ്പിച്ച് തണല്‍ സംഘം മടങ്ങി. ഇങ്ങനെ നൂറുകണക്കിന് ജീവിതങ്ങളാണ് വഴികളില്‍ ഇടറിവീണിട്ടും തണല്‍ സംഘം കൂട്ടിയിണക്കിയിട്ടുള്ളത്.
രോഗങ്ങള്‍ എപ്പോഴും നമുക്ക് വേദന തന്നെയാണ്. എന്നാല്‍, ആ വേദനക്കൊപ്പം സാമ്പത്തിക നിലകൂടി തകര്‍ന്നാലോ? അമിത ചികിത്സാ ചെലവ് താങ്ങാനാകാതെ മരണത്തിന്‍െറ വഴി തെരഞ്ഞെടുക്കുന്നവരും കുറവല്ല. വൃക്ക രോഗം വന്ന് മരണം മാത്രം അവസാനത്തെ പ്രതീക്ഷയായി കാണുന്ന ആയിരങ്ങള്‍ക്ക് ഒരു കൈത്താങ്ങണ് തണലിന്‍െറ ഡയാലിസിസ് സെന്‍റര്‍. രണ്ട് വൃക്കകളും തകരാറിലായവര്‍ക്ക് ആഴ്ചയില്‍ മൂന്ന് ഡയാലിസിസെങ്കിലും വേണം. ഒന്നിനുതന്നെ മിക്ക ആശുപത്രികളും 1500 രൂപയോളം ഈടാക്കുന്നുണ്ട്. ശരാശരി മലയാളിക്ക് ഈ ചികിത്സാ ചെലവ് ഒരിക്കലും താങ്ങാനാവുന്നതല്ല.
അത്തരം രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്ന പദ്ധതിയാണ് ‘തണല്‍ ഡയാലിസിസ് സെന്‍റര്‍’. നിലവില്‍ സുമനസ്സുകളുടെ കനിവുകൊണ്ട് സ്വരൂപിച്ച 18 ഡയാലിസിസ് യന്ത്രങ്ങളിലായി 54 പേര്‍ക്കാണ് ജീവിതത്തിന്‍െറ വെളിച്ചം തിരിച്ചുനല്‍കുന്നത്. പ്രതിമാസം 1500ലധികം ഡയാലിസിസുകള്‍ നടക്കുന്ന കേരളത്തിലെ ഏക സെന്‍ററും തണലിന്‍േറതുതന്നെ. രോഗികളായ അഗതികളെ സ്വീകരിക്കുമ്പോള്‍ പലതരം രോഗികളുടെ ബാഹുല്യമുണ്ടാകും. തണലിന്‍െറ പ്രതിസന്ധിയും അതുതന്നെ. എന്നാല്‍, ആ പ്രതിസന്ധികളെ തരണം ചെയ്ത് ‘തനിമ സ്പീച്ച് തെറപ്പി സെന്‍റര്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ എന്നിവയും ആരംഭിച്ചു. സമൂഹം സദാചാരത്തിന്‍െറ കൂര്‍ത്ത മുനകള്‍കൊണ്ട് നോവിച്ചുകൊല്ലുന്നഎയിഡ്സ് രോഗികളെ പുനരധിവസിപ്പിക്കാനും അവരുടെ നിത്യജീവിതത്തെ തടസ്സമില്ലാതെ സംരക്ഷിക്കാനുംവേണ്ടി തണലിന്‍െറ എച്ച്.ഐ.വി സെന്‍റര്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നു. എച്ച്.ഐ.വി ബാധിതരായി മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികളെ സംരക്ഷിക്കാനും തണലിന്‍െറ കൈകള്‍ സന്നദ്ധമാണ്. എയിഡ്സ് രോഗികള്‍ അടക്കം നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് വീടുകളില്‍ എത്തിച്ചുകൊടുക്കുന്ന നന്മയും ഈ സംഘടിത കൂട്ടായ്മയുടെ ഭാഗമാണ്.
രോഗവും പട്ടിണിയും പടിയടച്ച് പുറത്താക്കപ്പെട്ട നിര്‍ധനരെ സ്നേഹവും ജീവിതവും കൊടുത്ത് കൈപിടിച്ച് നടത്തുന്ന ദൗത്യസംഘമാണ് ചെറുപ്പക്കാരുടെ ഈ കൂട്ടായ്മ. ഡോക്ടര്‍ ഇദ്രീസിന്‍െറ 9745336020 നമ്പറില്‍ സഹായമഭ്യര്‍ഥിച്ച് കാള്‍ വന്നാല്‍ ആ കാളിന് മനുഷ്യപ്പറ്റുള്ള മറുപടി ഉണ്ടാകും. സമൂഹത്തിലെ കണ്ണീരുമാത്രം സ്വന്തമായുള്ള നിര്‍ധന രോഗികളുടെ കവിളുകളില്‍ സാന്ത്വനത്തിന്‍െറ തലോടലായി എത്തുന്ന തണല്‍സംഘം എപ്പോഴും സേവനത്തിനായി ആവേശത്തോടെ ഉണ്ടാകും.
ഇതുവായിച്ച് കീറക്കടലാസു കെട്ടുകളുടെ ഇടയിലേക്ക് നമ്മള്‍ വലിച്ചെറിഞ്ഞ് കളയുമ്പോള്‍ ആ സമയം തണലിന്‍െറ നന്മ ചൊരിയുന്ന മനസ്സുകള്‍ സമൂഹം വലിച്ചെറിഞ്ഞുകളഞ്ഞ ഏതെങ്കിലുമൊരു ജീവനെ ജീവിതത്തിലേക്ക് നടത്തുകയായിരിക്കും, തീര്‍ച്ച.

prajeshsen@gmail.com


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com