Mon, 07/23/2012 - 10:15 ( 47 weeks 2 daysago)
ന്യൂദല്‍ഹി: ഒറ്റച്ചാട്ടത്തിന് ഒളിമ്പിക് മെഡല്‍ പീഠത്തിലേറാന്‍ കഴിയുമെന്ന അതിമോഹമൊന്നും മലയാളി ട്രിപ്ള്‍ ജമ്പ് താരം മയൂഖ ജോണിക്കില്ല. ആദ്യ ആറിനുള്ളില്‍ ഫിനിഷ് ചെയ്താല്‍തന്നെ മെഡലോളം വരുന്ന നേട്ടമാകുമെന്ന വിശ്വാസത്തിലാണ് മയൂഖ. ഒളിമ്പിക്സില്‍ ട്രാക്കിലും ഫീല്‍ഡിലും ഫൈനല്‍ റൗണ്ടിലെത്താന്‍ വിരലെണ്ണാവുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കേ ഭാഗ്യം ലഭിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഫൈനല്‍ റൗണ്ടിലെത്തിയാല്‍ അത് അഭിമാനകരമായ നേട്ടമായി മാറുമെന്ന പ്രതീക്ഷയിലാണ് ട്രിപ്ള്‍ ജമ്പ് താരം.
‘വലിയ വാഗ്ദാനങ്ങളൊന്നും ഞാന്‍ ഉറപ്പ് തരുന്നില്ല. ആദ്യ ആറില്‍ ഫിനിഷ് ചെയ്യുക എന്നതാണ് ലക്ഷ്യം. ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുന്നത്എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. വ്യക്തിഗത റെക്കോഡിനേക്കാള്‍ മികച്ച ദൂരം ലണ്ടനില്‍ ചാടിക്കടക്കാനാവുമെന്നാണ് പ്രതീക്ഷ. അടുത്തിടെ ബര്‍ലിനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 14.10 മീറ്റര്‍ താണ്ടാന്‍ സാധിച്ചു. പരിശീലനം തൃപ്തികരമാണ്. ലണ്ടനില്‍ മികച്ച ദൂരം മറികടക്കാനാവുമെന്ന പ്രത്യാശയുണ്ട് -മയൂഖ പറഞ്ഞു.
ട്രിപ്ള്‍ ജമ്പിലെ ദേശീയ റെക്കോഡ് ഉടമയാണെങ്കിലും ലണ്ടന്‍ ഒളിമ്പിക്സില്‍ ഫൈനല്‍ റൗണ്ട് പ്രവേശനം മയൂഖക്ക് കടുത്തതാകും.
കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 14.11 മീറ്റര്‍ ചാടിക്കടന്നാണ് മയൂഖ ദേശീയ റെക്കോഡ് സ്ഥാപിച്ചത്. സീസണിലെ പ്രകടനങ്ങള്‍ ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക്സ് ഫെഡറേഷന്‍െറ ആദ്യ നൂറ് താരങ്ങളില്‍ ഇടം പിടിക്കുന്ന തരത്തിലല്ലായിരുന്നുവെങ്കിലും മയൂഖ തികഞ്ഞ പ്രതീക്ഷയിലാണ്.
മയൂഖ അടക്കം മൂന്ന് താരങ്ങളോട് ഫിറ്റ്ന്സ് തെളിയിക്കാന്‍ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത് അടുത്തിടെ വിവാദമായിരുന്നു. ഫിറ്റ്നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ടതായി അറിയില്ലെന്നും ആശയവിനിമയത്തിലെ തകരാറാണ് വിവാദത്തിന് പിന്നിലെന്നുമാണ് മയൂഖയുടെ പ്രതികരണം.
‘ഏഷ്യന്‍ ഗ്രാന്‍ഡ് പ്രീക്ക് ശേഷം മയൂഖയുടെ കാലിന്‍െറ മടമ്പിന് ചെറിയ പരിക്കുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ പരിക്കു മാറി. പരീശീലന സമയത്ത് സ്ഥിരമായി 14 മീറ്റര്‍ പിന്നിടാന്‍ സാധിക്കുന്നുണ്ട്. ലോങ്ജമ്പിനേക്കാള്‍ മയൂഖക്ക് അനുയോജ്യം ട്രിപ്ള്‍ ജമ്പാണ്. ഇപ്പോള്‍ പുറത്തെടുക്കുന്നതിനേക്കാള്‍ മികച്ച പ്രകടനം ലണ്ടനില്‍ കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’- മയൂഖയുടെ കോച്ച് ശ്യാം കുമാര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍