Jun 19 Wed 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

ആശങ്കകള്‍ക്കിടയില്‍ വ്യക്തത കാത്ത് നിക്ഷേപകര്‍

ആശങ്കകള്‍ക്കിടയില്‍ വ്യക്തത കാത്ത്  നിക്ഷേപകര്‍

അടിസ്ഥാന സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ഓഹരി വിപണി ഒരിക്കല്‍കൂടി വിശ്രമത്തില്‍. അതേസമയം മുന്‍ വാരാവസാന കേ്ളാസിങ്ങിനെ അപേക്ഷിച്ച് ചെറിയ നഷ്ടത്തോടെയാണ് പോയവാരം പ്രധാന ഓഹരിവില സൂചികകള്‍ ഇടപാടുകള്‍ അവസാനിപ്പിച്ചതെങ്കിലും വിപണിയില്‍ ദൗര്‍ബല്യം പ്രകടമല്ല. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ സാമ്പത്തികാന്തരീക്ഷത്തിലെ സര്‍ക്കാര്‍ നിലപാടുകളില്‍ കൂടുതല്‍ വ്യക്തതക്കായി കാതോര്‍ക്കുകയാണ്.
നിക്ഷേപകര്‍ വ്യക്തമായ ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ ഒരവസരത്തിനായി കാത്തിരിക്കുമ്പോള്‍ അവധി വിപണിയില്‍ ജൂലൈ മാസത്തെ ഇടപാടുകള്‍ ഈ ആഴ്ചതീരുന്നതാവും വരും ദിവസങ്ങളില്‍ ഓഹരി വിപണിയുടെ ദിശ നിയന്ത്രിക്കുക. പോയ വാരവസാനം 'കാഷ്' മാര്‍ക്കറ്റില്‍ നിക്ഷേപങ്ങളുടെ തോത് കുറയുന്ന പ്രവണത കാണിച്ചപ്പോള്‍ അവധി വിപണിയില്‍ ഇടപാടുകളുടെ തോതില്‍ കാര്യമായ വര്‍ധന പ്രകടമായിരുന്നു. വ്യാഴാഴ്ച ജൂലൈ മാസത്തെ അവധി ഇടപാടുകള്‍ തീരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഓഹരിവിലകളില്‍ കാര്യമായ വൃതിയാനങ്ങള്‍ പ്രകടമായേക്കും.
എന്നാല്‍, സാമ്പത്തിക കാര്യങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ നയപരമായ ചില തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാറില്‍നിന്ന് ഉണ്ടാകാനിടയുണ്ട്. ഇത് ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാവുകയും ചെയ്യും.
രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ കഴിയുന്നതോടെ കമ്മി കുറക്കാനുള്ള നടപടികളുടെ ഭാഗമായി ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള സാധ്യതയാണിതിലൊന്ന്. ഇതോടൊപ്പം ചില്ലറ വില്‍പനരംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുന്നതിനുള്ള നിയമവും വൈകാതെ കൊണ്ടുവന്നേക്കും. ഇതോടൊപ്പം ജൂലൈ 31 ലെ വായ്പാനയം സംബന്ധിച്ച സൂചനകളും വിപണി സുസൂക്ഷമം വിലയിരുത്തും.
ഈ സാഹചര്യത്തില്‍ വരും ദിവസങ്ങള്‍ ഓഹരി വിപണിക്ക് നിര്‍ണായകമാകും. ഇപ്പോഴത്തെ നിലവാരത്തില്‍നിന്ന് വരും ദിവസങ്ങളില്‍ മുന്നേറ്റം പ്രകടമായാല്‍ ഹ്രസ്വകാലത്തേക്ക് വിപണി മുന്നേറ്റത്തിന്റെ പാതയിലായിരിക്കും. എന്നാല്‍, പോയവാരം പ്രകടമായ തളര്‍ച്ച വില്‍പന സമ്മര്‍ദത്തിലേക്ക് നീങ്ങിയാല്‍ വിപണി വീണ്ടും ശക്തമായ തിരുത്തലിലേക്ക് നീങ്ങാം. എന്നാല്‍, ഇപ്പോള്‍ ഇതിനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തല്‍.
പോയവാരം 55 പോയന്റ് നഷ്ടം രേഖപ്പെടുത്തിയ ബോംബെ ഓഹരിവില സൂചിക (സെന്‍സെക്സ്) 17,158.4ലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. 17038-17319 എന്ന ചെറിയ വൃതിയാനത്തിലായിരുന്നു പോയവാരം സൂചികയുടെ ചലനം. ഇനി 17350, 17400 നിലവാരങ്ങള്‍ സൂചികക്ക് നിര്‍ണായകമാണ്. കാരണം ഈ നിലവാരങ്ങളിലാണ് ഇനി വില്‍പന സമ്മര്‍ദം ഉണ്ടായേക്കാവുന്നത്. ഈ രണ്ട് ഘട്ടങ്ങളും പിന്നിട്ടാല്‍ സമീപകാലത്തെ ഉയര്‍ന്ന നിലവാരമായ 17631 ആവും സൂചികയുടെ അടുത്ത ലക്ഷ്യം. ഈ നിലവാരം കൂടി മറികടന്നാല്‍ 18,200 വരെ സൂചിക ഉയരാം.
അതേസമയം, വില്‍പന സമ്മര്‍ദം വീണ്ടും ശക്തമായാല്‍ 16,800 വരെ സൂചിക താഴുകയും ചെയ്യാം.
അതേസമയം, 22 പോയന്റ് നഷ്ടത്തില്‍ 5205.1 വെറും 90 പോയന്റ് വൃതിയാനത്തിലായിരുന്നു നിഫ്റ്റി ഒരാഴ്ചക്കിടെ നീങ്ങിയത്. 5260, 5280 നിലവാരങ്ങളിലാണ് സൂചിക ഇനി സമ്മര്‍ദം നേരിടുക. ഇത് തിരുത്തലിലേക്ക് നീങ്ങിയാല്‍ 5150 വരെ സൂചിക താഴാം.
എന്നാല്‍, വിപണി മുന്നേറ്റം നിലനിര്‍ത്തിയാല്‍ 5350 വരെ സൂചിക ഉയരാം. 5125 -5170 നിലവാരത്തില്‍ വിപണിക്ക് നല്ല പിന്തുണയുമുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com