12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

മിറാത്തിയുടെ ‘പോല്‍തു ദാ’

മിറാത്തിയുടെ ‘പോല്‍തു ദാ’

1942ലെ ക്വിറ്റ് ഇന്ത്യ സമരകാലം. പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ മിറാത്തി ഗ്രാമത്തിലെ കമദ കിങ്കര്‍ മുഖര്‍ജി ബ്രിട്ടീഷ് പൊലീസ് നിരീക്ഷണത്തിലാണ്. ഏതു നിമിഷവും അറസ്റ്റുണ്ടാവുമെന്ന അവസ്ഥ. ദേഹപരിശോധന നടത്തിയല്ലാതെ വീട്ടില്‍ പ്രവേശിപ്പിക്കരുതെന്ന് അദ്ദേഹം മക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കാന്‍ പൊലീസ് തന്നെ വീട്ടില്‍ പലതും നിക്ഷേപിക്കും എന്ന കാരണത്താലായിരുന്നു അത്. ദേഹപരിശോധന നടത്താന്‍ നിയോഗിക്കപ്പെട്ടത് ഏഴു വയസ്സുകാരന്‍ മകനും. പ്രതീക്ഷിച്ചപോലെ ഒരു ബ്രിട്ടീഷ് പൊലീസ് ഓഫിസര്‍, രണ്ട് കോണ്‍സ്റ്റബ്ള്‍മാരൊപ്പം വീട്ടിലെത്തി. അവരെ തടഞ്ഞ മകന്‍, ദേഹപരിശോധന നടത്താതെ വീട്ടില്‍ പ്രവേശിക്കാനാവില്ലെന്ന് വ്യക്തമാക്കി. മകന്‍െറ ധീരത കണ്ട ആ ബ്രിട്ടീഷ് ഓഫിസര്‍ പിന്നെ ആ ഏഴു വയസ്സുകാരന് വഴങ്ങിക്കൊടുത്തു. റെയ്ഡ് പൂര്‍ത്തിയാക്കി തിരിച്ചുപോകാനൊരുങ്ങിയ പൊലീസുകാരോട്, ഭക്ഷണം കഴിച്ചിട്ടല്ലാതെ അവരെ പറഞ്ഞയക്കരുതെന്ന് പിതാവ് പ്രത്യേകം നിര്‍ദേശിച്ചതായി പ്രണബ് അറിയിച്ചു. ഒടുവില്‍, ഉച്ച ഭക്ഷണവും കഴിഞ്ഞാണ് അവര്‍ മടങ്ങിയത്. ആ ഏഴു വയസ്സുകാരനാണ് റെയ്സിന കുന്നിലെ കൊട്ടാരമേറാനൊരുങ്ങുന്ന ഇന്നത്തെ പ്രണബ്കുമാര്‍ മുഖര്‍ജി.


കുഞ്ഞനിയനെപ്പറ്റി ഇതുപോലുള്ള നിരവധി ഓര്‍മകളുണ്ട് മൂത്ത സഹോദരി അന്നപൂര്‍ണക്ക്. എങ്കിലും വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പോകാനൊരുങ്ങുന്ന തന്‍െറ പിറകില്‍ കരഞ്ഞുകൊണ്ടുനിന്ന പ്രണബിനെ ഓര്‍ക്കാനാണ് അന്നപൂര്‍ണ ഇഷ്ടപ്പെടുന്നത്. ന്യൂദല്‍ഹിയിലെ തിരക്കേറിയ ദിവസങ്ങള്‍ക്കിടയിലും, മിറാത്തിക്കടുത്ത കിര്‍നാഹാറിലെ സഹോദരിയെത്തേടി പ്രണബിന്‍െറ ഫോണ്‍ എത്തും.


മിറാത്തി ഗ്രാമത്തിലെ ധനപതി ചൗധരിയുടെ ഓര്‍മകളില്‍ പ്രഥമപൗരനെക്കുറിച്ചുള്ള ഓര്‍മകള്‍ മറ്റൊരു ട്രബ്ള്‍ ഷൂട്ടറുടേതാണ്. പ്രണബിന്‍െറ അയല്‍വാസിയാണ് ഇയാള്‍. തന്‍െറ മകന്‍ ഭാവിയില്‍ ഒരു ശാസ്ത്രജ്ഞനായി തീരുമെന്ന് പ്രണബിന്‍െറ മാതാവ് രാജലക്ഷ്മി മുഖര്‍ജി എല്ലായ്പ്പോഴും പറയുമായിരുന്നത്രെ. പഠനത്തില്‍ പ്രണബ് പുലര്‍ത്തിയ അതീവ ജാഗ്രതയും നിരന്തര വായനയും കാര്യങ്ങളെ വ്യത്യസ്തമായ രീതിയില്‍ നിരീക്ഷിക്കുന്നതിലുള്ള കഴിവുമൊക്കെയായിരിക്കാം ആ വീട്ടമ്മക്ക് അങ്ങനെ തോന്നാന്‍ കാരണം. ചൗധരിക്ക് അനുഭവപ്പെട്ടത് മറ്റൊരു രീതിയിലായിരുന്നു. ഏതൊരു പ്രശ്നത്തിനും ഞൊടിയിടയില്‍ പരിഹാരം കാണാനുള്ള കഴിവായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ‘ഒരു ശാസ്ത്രജ്ഞനൊന്നുമല്ലെങ്കിലും അദ്ദേഹം രാജ്യത്ത് അറിയപ്പെടുന്നവനാകുമെന്ന് അന്നേ തോന്നിയിരുന്നു. ‘പോല്‍തു ദാ’യുടെ (പ്രണബിന്‍െറ വിളിപ്പേര്) സംസാരരീതിയും മറ്റും അങ്ങനെയായിരുന്നു’. -ചൗധരി പറയുന്നു.


1940കള്‍. മിറാത്തി ഗ്രാമത്തിലെ കായിക,സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം പ്രണബിന്‍െറ കൊച്ചുവീടായിരുന്നു. പ്രണബിന്‍െറ പിതാവ് കമദ കിങ്കര്‍ മുഖര്‍ജി എന്ന സ്വാതന്ത്ര്യസമര സേനാനിയുടെ സാന്നിധ്യമാണ് അതിനെ വീടിനപ്പുറം ഒരു സാംസ്കാരിക നിലയമാക്കിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ചതിന്‍െറ പേരില്‍ പലപ്പോഴായി കിങ്കര്‍ മുഖര്‍ജി പത്തുവര്‍ഷം ജയില്‍വാസം അനുഭവിച്ചിരുന്നു. പ്രണബ് അന്നേ നന്നായി പ്രസംഗിക്കുമായിരുന്നു. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും മറ്റും കുഞ്ഞുപ്രണബ് പിതാവിനോട് ചര്‍ച്ചചെയ്യുന്നതിന്‍െറ നേരിയ ഓര്‍മകള്‍ ഇപ്പോഴും ചൗധരിക്കുണ്ട്. ബിര്‍ഭൂം ജില്ലയിലെ ആദ്യ ലൈബ്രറിയായ മിറാത്തി കിഷോര്‍ സമിതിയുടെ സ്ഥാപകന്‍ കൂടിയായിരുന്നു പ്രണബ്. പ്രണബ് ആദ്യമായി ധനകാര്യ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് 1982ലാണ്. സത്യപ്രതിജ്ഞക്കുശേഷം പിതാവിനെ കാണാന്‍ അദ്ദേഹം മിറാത്തിയിലെത്തി. ‘നിനക്ക് ഈ ജോലിയെക്കുറിച്ച് വല്ല ധാരണയുമുണ്ടോ?’ പിതാവിന്‍െറ ചോദ്യം. ‘ഇല്ല, പക്ഷേ, ഞാനത് പഠിക്കും. എനിക്കറിയാം, അമ്മ എങ്ങനെയാണ് വീട്ടില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന്.’ -പ്രണബിന്‍െറ മറുപടി ഇങ്ങനെയായിരുന്നു. ചെറുപ്പം മുതലേ, സംസാരത്തിലും പെരുമാറ്റത്തിലും പ്രണബ് ഈ വ്യത്യസ്തത വെച്ചുപുലര്‍ത്തി. അന്നപൂര്‍ണയോടൊപ്പം താമസിച്ചാണ് പ്രണബ് തന്‍െറ കോളജ് കാലഘട്ടം പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് അവിടെ ഒരു സ്കൂളില്‍ അദ്ദേഹം പഠിപ്പിക്കുകയും ചെയ്തിരുന്നു.


76ാം വയസ്സിലും 18 മണിക്കൂര്‍ ജോലിയെടുക്കുന്ന പിതാവിനെക്കുറിച്ചാണ് മകള്‍ ശര്‍മിസ്ത മുഖര്‍ജിക്ക് പറയാനുള്ളത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അദ്ദേഹം അവധി എടുത്തിട്ടുള്ളത് ഏതാനും ദിവസങ്ങളില്‍ മാത്രം. എന്നാല്‍, വര്‍ഷത്തില്‍ ദുര്‍ഗാ പൂജാ ദിവസം അദ്ദേഹം തിരക്കുകള്‍ മാറ്റിവെച്ച് സ്വന്തം ഗ്രാമത്തില്‍വരും. ആ ദിവസം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മാത്രമുള്ളതാണ്. രബീന്ദ്ര സംഗീതത്തിന്‍െറ ആരാധകനായ പ്രണബിന് ആ ദിവസം പാടാനുള്ളതാണ്. രബീന്ദ്ര സംഗീത വേദികളിലെ സജീവ സാന്നിധ്യമായ ഭാര്യ സര്‍വ മുഖര്‍ജിയും കൂടെയുണ്ടാകും.

ദിവസവും പത്ത് കിലോമീറ്റര്‍ നടന്നാണ് സ്കൂളില്‍ പോയിരുന്നതെന്ന പിതാവിനെക്കുറിച്ച അറിവാണ് തന്നെ ഏറെ അദ്ഭുതപ്പെടുത്തിയതെന്ന് ശര്‍മിസ്ത പറയുന്നു. വെള്ളപ്പൊക്കം ഭീഷണി സൃഷ്ടിക്കാറുള്ള ആ ഗ്രാമത്തില്‍ മണ്‍സൂണ്‍ കാലത്ത് തന്‍െറ അധ്യാപികയുടെ വീട്ടിലായിരുന്നു അദ്ദേഹത്തിന്‍െറ താമസം. ‘ ഞാന്‍ ആ കാലത്തെ പലപ്പോഴും ഭാവനയില്‍ കാണാറുണ്ട്. മണ്‍സൂണ്‍ കാലത്ത് ഒരു പുഴക്കുസമീപം ഇതെങ്ങനെ മുറിച്ചുകടക്കുമെന്ന് ആശങ്കപ്പെട്ടു നില്‍ക്കുന്ന ഒരു കുട്ടിയായിരിക്കും അപ്പോള്‍ എന്‍െറ മനസ്സില്‍’ - ശര്‍മിസ്ത പറയുന്നു. ഏല്‍പിക്കപ്പെട്ട ചുമതലകളെല്ലാം പൂര്‍ണ ഉത്തരവാദിത്തത്തോടെ നിറവേറ്റിയ അദ്ദേഹം പ്രസിഡന്‍റ് പദത്തില്‍ പുതിയപാത വെട്ടിത്തെളിക്കുമെന്നതില്‍ ഈ മകള്‍ക്ക് സംശയമില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com