ന്യൂദല്‍ഹി: പാണ്ഡവരില്‍ ഭീമന്‍ എന്നും രണ്ടാമനായിരുന്നു. വിഷമം പിടിച്ചതെല്ലാം ചെയ്യാന്‍ ഭീമന്‍ വേണം.പക്ഷേ, ഒരിക്കലും ഒന്നാമനായി അംഗീകരിച്ചില്ല. എന്നും രണ്ടാമൂഴക്കാരനായി കഴിയേണ്ടി വന്നത് ഭീമന്‍െറ കുറ്റമായിരുന്നില്ല. കോണ്‍ഗ്രസിലെ ഭീമനായിരുന്നു ഇതുവരെ പ്രണബ് കുമാര്‍ മുഖര്‍ജി. കോണ്‍ഗ്രസിന്‍െറ അഥവാ ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയില്‍ കൃഷ്ണന്‍െറയും യുധിഷ്ഠിരന്‍െറയും അര്‍ജുനന്‍െറയുമൊക്കെ വേഷമിട്ട് പലരും വന്നു; കടന്നുപോയി. പക്ഷേ, ഭരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും കോണ്‍ഗ്രസില്‍ എന്നും പ്രണബായിരുന്നു ഭീമന്‍. ഇന്ദിരയുടെ കാലം മുതല്‍ മന്‍മോഹന്‍സിങ്ങിന്‍െറ വര്‍ത്തമാനം വരെയുള്ള കഥ മറ്റൊന്നല്ല. നാലര പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ തീര്‍ഥാടനത്തിനൊടുവില്‍ ഇപ്പോള്‍ പ്രഥമപദം പൂകുമ്പോള്‍ പ്രണബിന്‍െറ ഭീമപര്‍വം അവസാനിക്കുകയാണ്. ഇനി ഒന്നാമന്‍, അക്ഷരാര്‍ഥത്തില്‍ തന്നെ.
കോണ്‍ഗ്രസ് എന്നും ഒരാള്‍ക്കൂട്ടമാണ്. പല വേഷക്കാര്‍, രീതികള്‍. അവരെ ഒരു കണ്ണിയില്‍ കോര്‍ത്തെടുത്തു നയിക്കുക പെടാപാടു തന്നെ. ഒറ്റക്കക്ഷി ഭരണത്തില്‍ നിന്ന് സഖ്യകക്ഷി ഭരണത്തിലേക്ക് കോണ്‍ഗ്രസിന്‍െറ പ്രതാപം വഴുതിവീണ ഇക്കാലത്ത് സങ്കീര്‍ണത പലവിധമാണ്. വന്നുംപോയുമിരിക്കുന്ന ആള്‍ക്കൂട്ടങ്ങളെ സമര്‍ഥമായി മേയ്ക്കാന്‍ കഴിയുന്നത് ചുരുക്കം ചിലര്‍ക്കു മാത്രമാണ്. ഗാന്ധി കുടുംബത്തിന് അതിനു പ്രയാസമില്ല. ആ മേല്‍വിലാസത്തിന് മുന്നില്‍ ഏതു കോണ്‍ഗ്രസുകാരനാണ് അടങ്ങാത്തത്? ആ മേല്‍വിലാസമില്ലാത്തവരുടെ കാര്യം അങ്ങനെയല്ല. അവര്‍ക്കിടയിലാണ് ഭീമന്‍െറ കരുത്തുമായി പ്രണബ് മുന്‍നിരയില്‍ നിന്നത്. ഗാന്ധി കുടുംബത്തെ ചുറ്റിപ്പറ്റി കറങ്ങുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എന്നും വ്യത്യസ്തനാണ് പ്രണബ്. അടുക്കള നിരങ്ങാത്ത വിശ്വസ്തത. അത് കൂര്‍മബുദ്ധിക്ക് കിട്ടിയ അംഗീകാരമാണ്.
പ്രായോഗിക രാഷ്ട്രീയത്തിലും ഭരണത്തിലുമുള്ള ബുദ്ധികൂര്‍മതയും അനുഭവത്തഴക്കവുമാണ് ഗാന്ധികുടുംബത്തിന് കൈവിടാന്‍ കഴിയാത്ത നേതാവാക്കി പ്രണബിനെ വളര്‍ത്തിയത്. പാര്‍ട്ടിയോടും സര്‍ക്കാറിനോടും യാത്രപറഞ്ഞ് പ്രഥമപൗരന്‍െറ കൊട്ടാരത്തിലേക്ക് 76ാം വയസ്സില്‍ അദ്ദേഹം നടക്കുമ്പോള്‍, കോണ്‍ഗ്രസുകാര്‍ക്ക് പെട്ടെന്നൊരു ശൂന്യത അനുഭവപ്പെടുന്നു. നഷ്ടബോധം അനുഭവപ്പെടുന്നവരില്‍ സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങുമുണ്ട്. അതിനിടയില്‍, കോണ്‍ഗ്രസില്‍ പ്രതിഭകള്‍ക്ക് ദാരിദ്ര്യമില്ലെന്നും താന്‍ നിന്ന സ്ഥലത്തേക്ക് കടന്നുവരാന്‍ കഴിവുള്ള എത്രയോ പേര്‍ വേറെയുണ്ടെന്നും വെറുതെ പറഞ്ഞ് പ്രണബ് വിനയം നടിക്കുന്നുണ്ടെന്നു മാത്രം. അദ്ദേഹത്തിന് ശേഷം കോണ്‍ഗ്രസും ഭരണവും എങ്ങനെ മാറുന്നുവെന്ന് ഇന്ത്യന്‍ രാഷ്ട്രീയം സാകൂതം നോക്കിനില്‍ക്കുന്നു. കോണ്‍ഗ്രസിന്‍െറ ചിന്താധാരകള്‍ക്കൊത്ത് പ്രായോഗിക രാഷ്ട്രീയം എളുപ്പം തലയിലുദിക്കുന്ന നേതാവിനെയാണ് രാഷ്ട്രപതിഭവനിലേക്ക് പാര്‍ട്ടി പറഞ്ഞു വിടുന്നത്. മികച്ച മന്ത്രിയെന്നും സംഘാടകനെന്നുമൊക്കെ പ്രണബിനെ വിലയിരുത്തിക്കളയരുത്. അടിയന്തരാവസ്ഥയിലും ബാബരി മസ്ജിദിലും ആണവക്കരാറിലുമൊക്കെ നിലപാടുകളുടെ നിശ്ചയദാര്‍ഢ്യമൊന്നും മുഖര്‍ജിയില്‍ കാണാന്‍ കിട്ടില്ല. ധനമന്ത്രിപദം അദ്ദേഹം ഒഴിയുമ്പോള്‍ സമ്പദ്രംഗത്തെ കാഴ്ചകള്‍ ഒട്ടും ഭദ്രത നല്‍കുന്നതുമല്ല. പക്ഷേ, എങ്ങനെയൊക്കെ ഇന്ത്യന്‍ രാഷ്ട്രീയം മുന്നോട്ടു പോകണമെന്ന്, ഏതേതു തീരുമാനങ്ങള്‍ ഗുണകരവും ദോഷകരവുമാകുമെന്ന്, എങ്ങനെയൊക്കെ പ്രതിസന്ധികള്‍ മറികടക്കാമെന്ന് ഓരോ സന്ദര്‍ഭത്തിനനുസരിച്ചും കോണ്‍ഗ്രസിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ പ്രണബ് തലയും ചുരുട്ടും പുകച്ചു. കോണ്‍ഗ്രസില്‍ വിരളമായ ബുദ്ധിജീവി. ഇന്ദിര ഗാന്ധിക്കൊത്ത സമയനിഷ്ഠ. കാര്യമാത്രപ്രസക്തമായ വര്‍ത്തമാനങ്ങള്‍. തലക്കനവും പാണ്ഡിത്യവും മാനിക്കാന്‍ മടിക്കുമ്പോഴും, നല്ല തന്ത്രങ്ങള്‍ക്ക് വേണ്ടി ഒന്നാംനിരക്കാര്‍ പ്രണബിനെ ചെവിയോര്‍ത്തു.
ധനകാര്യത്തിലും ആസൂത്രണത്തിലും ഇന്ദിര ഗാന്ധിക്ക് പ്രണബിന്‍െറ വാക്കുകള്‍ വിലപ്പെട്ടതായിരുന്നു. അങ്ങനെ കോണ്‍ഗ്രസില്‍ ആത്മാവര്‍പ്പിച്ച് പ്രണബ് 1969 മുതല്‍ 2012 വരെ പാര്‍ട്ടിക്കൊപ്പം നീങ്ങി. ഇന്ദിരയുടെ വേര്‍പാടില്‍ രാജീവ്ഗാന്ധിയെ അധികാരത്തിലേക്ക് വഴിനടത്തിയപ്പോള്‍ രണ്ടാമനായി പ്രണബ് മാറിനിന്നു. രാജീവിനേക്കാള്‍ പ്രധാനമന്ത്രിയാകാന്‍ അര്‍ഹത തനിക്കാണെന്ന തലക്കനം വിനയായി മാറിയതിന്‍െറ പരിണിതഫലം, കോണ്‍ഗ്രസ് വിട്ട് സ്വന്തംനിലക്ക് പാര്‍ട്ടി ഉണ്ടാക്കലായിരുന്നു. കരുണാകരനും ആന്‍റണിക്കുമൊക്കെ പറ്റിയതു പോലെ ചെറിയൊരിടവേള. പിന്നെ, രാജീവുമായി സന്ധിയുണ്ടാക്കി വീണ്ടും കോണ്‍ഗ്രസിലേക്ക് മടക്കം. പിന്നങ്ങോട്ട്, ഇവിടം വരെ, നിര്‍ണായക റോളില്‍. രാജീവ് പോയി നരസിംഹറാവു വന്നപ്പോള്‍, സോണിയയെ രാഷ്ട്രീയത്തില്‍ ഇറക്കുന്നതിന്, രാഹുലിനെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനെല്ലാം പ്രണബ് പങ്കുവഹിച്ചു. അതിനേക്കാള്‍, സര്‍ക്കാറിന്‍െറ സന്ദിഗ്ധ ഘട്ടങ്ങളില്‍ മറ്റു പാര്‍ട്ടിക്കാരെ നേരിടാന്‍ കോണ്‍ഗ്രസിന്‍െറ മികച്ച ആയുധമായി.
സഖ്യകക്ഷി ഭരണമെന്ന പ്രായോഗിക രാഷ്ട്രീയം ഷിംല സമ്മേളനത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചതിലും പ്രണബിന് നിര്‍ണായക പങ്കുണ്ടായിരുന്നു. പക്ഷേ, അധികാരം വീണ്ടു കിട്ടിയപ്പോള്‍ പ്രണബ് കളത്തിന് പുറത്ത്. ബഹുമാനം കൊണ്ട് പേരു ചൊല്ലി വിളിക്കാന്‍ മടിച്ചു നിന്നിരുന്ന മന്‍മോഹന്‍സിങ്ങിന് വേണ്ടിവരെ മാറിനില്‍ക്കാന്‍ ‘ഭീമന്‍ ’ നിര്‍ബന്ധിതനായി. പ്രണബിനെക്കൊണ്ട് മന്‍മോഹന്‍ ജീവിച്ചുവെന്ന് പിന്നീടത്തെ ചരിത്രം. അപ്പോഴും രോഷം ഉള്ളില്‍പേറി, ഗാന്ധികുടുംബത്തിന്‍െറ വിശ്വസ്തത നഷ്ടപ്പെടാതിരിക്കാന്‍ മത്സരിച്ച് പ്രണബ് കോണ്‍ഗ്രസില്‍ ജീവിച്ചു. പ്രണബ് മുഖര്‍ജിയും ഹാമിദ് അന്‍സാരിയുമെന്ന ഹൈകമാന്‍ഡിന്‍െറ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് രണ്ടാമനായി മാറിനില്‍ക്കേണ്ടി വരുമായിരുന്ന ഒരവസ്ഥ നീങ്ങിക്കിട്ടിയത് യഥാര്‍ഥത്തില്‍ മമതയുടെ എടുത്തുചാട്ടം കൊണ്ടാണെന്ന് ഇന്ന് മുഖര്‍ജിയെങ്കിലും തിരിച്ചറിയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍