12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

പിന്തുണ ഈ തലക്കനത്തിന്

പിന്തുണ ഈ തലക്കനത്തിന്

പാര്‍ലമെന്‍റിന്‍െറ ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനം. ലോക്സഭയില്‍ 2ജി അഴിമതിയുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ച നടക്കുന്നു. പ്രതിപക്ഷ ബഹളത്തില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി മറുപടിപറയാന്‍ എഴുന്നേറ്റു. ചില പ്രതിപക്ഷാംഗങ്ങള്‍ കേള്‍ക്കാന്‍ തയാറല്ല. കലപില ബഹളം. ശാന്തനായി തുടങ്ങിയ പ്രണബിന്‍െറ കവിള്‍ ചുവന്നു. കോപം കൊണ്ടു വിറച്ച് പ്രണബ് അവരെ നോക്കി ആജ്ഞാപിച്ചു: ‘ഷട്ട് അപ്’. ധനമന്ത്രിയൊക്കെത്തന്നെ. പക്ഷേ, കളി എം.പിമാരോടു വേണ്ട. സഭക്ക് ചില മര്യാദകളൊക്കെയുണ്ട്. ഇതൊന്നും പ്രണബിന് അറിയാത്തതല്ല. പക്ഷേ, പറഞ്ഞു പോയി. ബഹളം ഒന്നുകൂടി ഉച്ചത്തിലായതോടെ സ്പീക്കര്‍ മീരാകുമാര്‍ നടപടി നിര്‍ത്തി. വീണ്ടും സഭ ചേര്‍ന്നപ്പോള്‍, തലക്കനം വിടാത്ത മെയ്വഴക്കവും ചെറുപുഞ്ചിരിയുമായി പ്രണബ് എല്ലാവര്‍ക്കും മുന്നില്‍ കൈകൂപ്പി: ‘സോറി ...’ അതോടെ പരാതിക്കാര്‍ പൊടുന്നനെ നിശ്ശബ്ദരായി. ക്ഷമ പറഞ്ഞ പ്രണബിന് കരഘോഷം.
ക്ഷിപ്രകോപിയാണ് ഈ ലക്ഷണമൊത്ത രാഷ്ട്രീയക്കാരന്‍. ദേശീയരാഷ്ട്രീയത്തില്‍ നേടിയെടുത്ത ഔ്യത്തിന്‍െറ തലക്കനം വേണ്ടുവോളം. സഭക്കുള്ളിലും പുറത്തും തനിക്ക് അപ്രിയമായതിനോടൊക്കെ കോപിക്കും. ആരെയും വിടാതെ പിന്നാലെ ശല്യമായി കൂടുന്ന ചാനലുകാര്‍ ‘കൊമ്പും കുഴലും’ ഒതുക്കിപ്പിടിച്ച് പ്രണബിന് മുന്നില്‍ മാറിനില്‍ക്കും. പഴയ ജേണലിസ്റ്റാണ്. അധ്യാപകനാണ്. അതൊക്കെ കഴിഞ്ഞാണ് ഈ പണിക്കു വന്നത്. പത്രക്കാര്‍ക്കും ഒതുങ്ങാതെ വയ്യ അല്ലങ്കെില്‍ തന്നെ, അവരൊക്കെ ജനിക്കുംമുമ്പേ, ചിത്രവും വാര്‍ത്തയും പത്രത്തില്‍ വരണമെന്ന് താല്‍പര്യമുള്ള രാഷ്ട്രീയക്കാരന്‍െറ കാലം പ്രണബ് പിന്നിട്ടു കഴിഞ്ഞതാണ്. ആ ബഹുമാനം പത്രക്കാര്‍ക്കും സ്വന്തം പാര്‍ട്ടിക്കാര്‍ക്കും മുന്നണിയില്‍ പെട്ടവര്‍ക്കും പ്രതിപക്ഷത്തുള്ളവര്‍ക്കും ഒരുപോലെയുണ്ട്. പ്രണബ് മുഖര്‍ജി അവരുടെ ‘പ്രണബ്ദാ’യാണ്. തലക്കനവും മൂക്കിന്‍തുമ്പത്തെ കോപവുമെല്ലാം അറിഞ്ഞുതന്നെയാണ് ഈ കുറിയ മനുഷ്യനോടുള്ള ഇഷ്ടം. ദേശീയ രാഷ്ട്രീയത്തില്‍ അധികം പേര്‍ക്ക് അവകാശപ്പെടാനാത്ത പെരുമ. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആ സ്വീകാര്യത വ്യക്തമായതാണ്. മൂന്നു ചേരികളെയും പിളര്‍ത്തിയാണ് പ്രണബ് സ്ഥാനാര്‍ഥിയായത്. നല്ളൊരു സ്ഥാനാര്‍ഥിയെ കിട്ടാതെ ബി.ജെ.പി സാങ്മയില്‍ അഭയം തേടി. ഇടതുചേരിയിലും വിള്ളല്‍ വീണു. പ്രണബിനെ പിന്തുണച്ചില്ലങ്കെില്‍ നഷ്ടം തനിക്കാണെന്ന് ബോധ്യമായതോടെ മമതയും അവസാനം മെരുങ്ങി. അതോടെ ഭൂരിപക്ഷം മൂന്നില്‍രണ്ടും കടന്ന് മുന്നോട്ടു പോയി. ഒരു കോണ്‍ഗ്രസ് നേതാവിനും രാഷ്ട്രീയാതീതമായി ഇത്തരമൊരു പിന്തുണ കിട്ടില്ല. ഇത് പൊടുന്നനെ കെട്ടിപ്പൊക്കിയതല്ല.
നാലര പതിറ്റാണ്ടിന്‍െറ ദേശീയ സാന്നിധ്യം, കൈകാര്യം ചെയ്ത ചുമതലകള്‍, കൈവെച്ച മേഖലകളില്‍ കാണിച്ച മിടുക്ക്. താന്‍പോരിമയുടെ മൈനസുകള്‍ക്കിടയിലും എതിരാളികളോടും നല്ല ബന്ധം നിലനിര്‍ത്താനും പ്രണബിലെ ചാണക്യന്‍ പ്രത്യകേം ശ്രദ്ധ പുലര്‍ത്തി.

പ്രണബ് മുഖര്‍ജി -നാള്‍ വഴികള്‍
1935 ഡിസംബര്‍ 11ന് പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയിലെ മിറാത്തിയില്‍ ജനനം.
പിതാവ് സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജി. മാതാവ് രാജലക്ഷ്മി മുഖര്‍ജി.
സുരിയിലെ വിദ്യാസാഗര്‍ കോളജ്, കൊല്‍ക്കത്ത സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ചരിത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദാനന്തര ബിരുദം, നിയമത്തില്‍ ബിരുദം.
1957ല്‍ സര്‍വാ മുഖര്‍ജിയെ വിവാഹം ചെയ്തു. മൂന്ന് മക്കള്‍. മകന്‍ അബ്ജിത്ത് പശ്ചിമ ബംഗാള്‍ നിയമസഭാംഗം.
1969, 1975, 1981,1993 വര്‍ഷങ്ങളില്‍ രാജ്യസഭാംഗം. 2004, 2009 വര്‍ഷങ്ങളില്‍ ലോക്സഭാംഗം.
1978ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം.
1998ല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി.
1978-80 രാജ്യസഭാ ഉപനേതാവ്.
1980-85 രാജ്യസഭാ നേതാവ്.
1973-74ല്‍ ഇന്ദിര ഗാന്ധി മന്ത്രിസഭയില്‍ വ്യവസായ വികസനവകുപ്പ് സഹമന്ത്രി.
1974ല്‍ കപ്പല്‍, ഗതാഗത സഹമന്ത്രി.
1975-77 കേന്ദ്ര റവന്യൂ വകുപ്പ് മന്ത്രി.
1980-82 കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി.
1982-84 കേന്ദ്രധനകാര്യ മന്ത്രി.
1984ല്‍ ലോകത്തെ മികച്ച ധനകാര്യ മന്ത്രിയായി യൂറോമണി മാഗസിന്‍ സര്‍വേയില്‍ തെരഞ്ഞെടുക്കപ്പെട്ടു.
1993-1995 കേന്ദ്ര ധനകാര്യ മന്ത്രി.
1995 സാര്‍ക് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് പ്രസിഡന്‍റ്.
1995-96 കേന്ദ്ര വിദേശകാര്യ മന്ത്രി.
2004-2006 കേന്ദ്ര പ്രതിരോധ മന്ത്രി.
2004-12 ലോക്സഭാ നേതാവ്.
2006-2009 കേന്ദ്ര വിദേശകാര്യ മന്ത്രി.
2008ല്‍ പത്മവിഭൂഷണ്‍ പുരസ്കാരം.
2009-2012 കേന്ദ്ര ധനകാര്യ മന്ത്രി.
2010ല്‍ എമേര്‍ജിങ് മാര്‍ക്കറ്റിന്‍െറ ‘ഫിനാന്‍സ് മിനിസ്റ്റര്‍ ഓഫ് ഏഷ്യ’ പുരസ്കാരം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com