12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

പ്രാഗല്ഭ്യം, അറിവ്

പ്രാഗല്ഭ്യം,  അറിവ്

പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ എതാണ്ട് നാല് ദശാബ്ദകാലത്തെ ബന്ധത്തിന്‍െറ സ്മരണകളാണ് എന്നില്‍ നിറയുന്നത്. 71 കാലത്താണ് ഞാന്‍ പാര്‍ലമെന്‍റില്‍ എത്തുന്നത്. ഏതാണ്ട് അതേ കാലമാണ് പ്രണബ് മുഖര്‍ജിയും പാര്‍ലമെന്‍റിലേക്ക് കടന്നുവരുന്നത്. കാണുകയും പരിചയപ്പെടുകയും അന്നുമുതല്‍ ബന്ധം സ്ഥാപിക്കുകയും ചെയ്തു. അതിനുശേഷം കൂടുതല്‍ അടുത്ത് ഇടപെടാന്‍ കഴിഞ്ഞത് അദ്ദേഹം ഷിപ്പിങ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരുന്നപ്പോഴാണ്. ഞാന്‍ കൊച്ചി പോര്‍ട്ടിലെ തൊഴിലാളി നേതാവായിരുന്ന കാലം. തുറമുഖവുമായും തൊഴിലാളികളുമായും ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടേണ്ടിവന്നു. ഇതിനിടെ, എങ്ങനെയോ ഞങ്ങള്‍ തമ്മില്‍ മാനസികമായി വളരെ അടുത്തു. ബന്ധം വളര്‍ന്നതോടെ എന്നോട് ദേഷ്യം തോന്നിയ ഒരു സംഭവം പ്രണബ് പിന്നീട് പങ്കുവെക്കുകയുണ്ടായി. 1978 ലെ കല്‍ക്കത്ത എ.ഐ.സി.സി യോഗം. ഞാന്‍ വര്‍ക്കിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഈ സമ്മേളനത്തിലായിരുന്നു. ആ പാനലില്‍ പ്രണബിന്‍െറ പേരും ഉണ്ടായിരുന്നു. ചര്‍ച്ചയില്‍ പാനലില്‍നിന്ന് ഒരാളെ വര്‍ക്കിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാന്‍ തീരുമാനമായി. അവസാനം വയലാര്‍ രവിയോ പ്രണബോ എന്ന നിലയിലായി ചര്‍ച്ച. ഇന്ദിര ഗാന്ധിയുടെ തീരുമാനം എനിക്ക് അനുകൂലമായതോടെ ഞാന്‍ വര്‍ക്കിങ് കമ്മിറ്റി അംഗമായി.
രവി തന്‍െറ വര്‍ക്കിങ് കമ്മിറ്റി സ്ഥാനം തട്ടിയെടുത്തതായി പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് പ്രണബ് പറയുമായിരുന്നു. എന്നാല്‍, ഞാന്‍ അതിന് നല്‍കിയ മറുപടി പ്രണബ് എന്‍െറ സ്ഥാനം തട്ടിയെടുത്തില്ലല്ലോ എന്നായിരുന്നു. ഞാന്‍ വര്‍ക്കിങ് കമ്മിറ്റിയംഗവും അദ്ദേഹം മന്ത്രിയുമായി. നാട്ടുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുമൊക്കെയായി അദ്ദേഹവുമായി തുടര്‍ന്നും ബന്ധപ്പെട്ടുകൊണ്ടിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെക്കുന്നതിലേക്ക് ഞങ്ങളുടെ ബന്ധം വളര്‍ന്നു.
ബംഗ്ളാ കോണ്‍ഗ്രസിലൂടെയായിരുന്നു പ്രണബ് കോണ്‍ഗ്രസിലേക്ക് വരുന്നത്. പാര്‍ലമെന്‍റില്‍ വന്നതിനുശേഷവും മന്ത്രിയായപ്പോഴും മികച്ച നിലയില്‍ ശോഭിച്ചു. ഇന്ദിര ഗാന്ധിയാണ് പ്രണബിന്‍െറ കഴിവുകള്‍ തിരിച്ചറിഞ്ഞത്. ആ കഴിവുകള്‍ പ്രോത്സാഹിപ്പിച്ച് അവര്‍ പാര്‍ട്ടിക്കും സര്‍ക്കാറിനും ഉപയോഗപ്പെടുത്തി. ഓരോ അവസരങ്ങളിലും അദ്ദേഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ദിരഗാന്ധി ശ്രമിച്ചിരുന്നു. പ്രണബ് മുഖര്‍ജിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു ഇന്ദിരഗാന്ധി.
ഇന്ദിര ഗാന്ധി അധികാരത്തിലേക്ക് മടങ്ങിവന്നപ്പോള്‍ പ്രണബിനെയും മന്ത്രിസഭയിലെടുത്തു. ആദ്യം കോമേഴ്സ് അടക്കം ചില വകുപ്പുകളുടെ ചുമതലയായിരുന്നു. 82ല്‍ അദ്ദേഹത്തെ ധന മന്ത്രിയായി ഉയര്‍ത്തി.സ്ഥാനമേറ്റതോടെ വകുപ്പ് ശരിയായി കൊണ്ടുപോകാന്‍ കഴിയുമോയെന്ന ചിന്ത അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഇത് മനസ്സിലാക്കിയ ഇന്ദിര ഗാന്ധി വിഷമിക്കാനൊന്നുമില്ല എന്നുപറഞ്ഞ് പ്രണബിന് ആത്മവിശ്വാസം പകര്‍ന്നുനല്‍കി. കാര്യങ്ങള്‍ പഠിക്കാന്‍ അവര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതൊക്കെ പ്രണബിന് മുന്നോട്ടുള്ള വഴിയില്‍ കരുത്തായി. ധനമന്ത്രിയായപ്പോഴുണ്ടായ ഒരു രസകരമായ അനുഭവം പ്രണബ് പങ്കുവെച്ചതിങ്ങനെ: ലോക ബാങ്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രണബിന് ക്ഷണമുണ്ടായി. ഇതിനെക്കുറിച്ച് ആശങ്കപ്പെട്ട പ്രണബിനെ വിളിച്ച് ഇന്ദിര ഗാന്ധി പറഞ്ഞു. ലോകബാങ്ക് ഉദ്യോഗസ്ഥരെയൊന്നും പേടിക്കേണ്ടതില്ല.അവര്‍ വലിയ പല കാര്യങ്ങളും പറയും. എന്നാല്‍, നമ്മുടെ നിലപാടില്‍ ഉറച്ചുനില്‍ക്കണം. നമ്മുടെ നിലപാടിനോട് യോജിക്കാത്ത കാര്യങ്ങള്‍ അംഗീകരിക്കരുത്. അങ്ങനെ വന്നാല്‍ യോഗത്തില്‍നിന്ന് പോകണം. പിറ്റേ ദിവസം നിങ്ങളുടെ മുറിയില്‍ ലോകബാങ്കിന്‍െറ എം.ഡി എത്തും. അടുത്ത ദിവസം അതുപോലെ തന്നെ നടന്നു. ലോകബാങ്കിന്‍െറ എം.ഡി മുറിയിലെത്തി സന്ധി സംഭാഷണങ്ങള്‍ നടത്തി. തുടര്‍ന്ന് നമ്മുടെ വാദങ്ങള്‍ അവര്‍ അംഗീകരിച്ചു. ഇന്ദിര ഗാന്ധി മന്ത്രിമാരെ പരിശീലിപ്പിച്ചെടുക്കുന്നതിന്‍െറ ഉദാഹരണം കൂടിയാണത്. ഇന്ദിര ഗാന്ധി ലോക ബാങ്ക് ഉദ്യോഗസ്ഥരെ കൃത്യമായി പഠിച്ചിരുന്നു.
ബജറ്റുകളിലൂടെ അദ്ദേഹം ഇന്ത്യക്ക് നല്‍കിയ മാറ്റവും പ്രധാനമാണ്.ഇന്ദിര ഗാന്ധി ഇന്ത്യയുടെ വികസനം എപ്രകാരം സ്വപ്നം കണ്ടുവോ അത് പ്രാവര്‍ത്തികമാക്കുന്നതായിരുന്നു അക്കാലത്തെ പ്രണബിന്‍െറ ബജറ്റുകള്‍.ബജറ്റുകളിലൂടെ ഇന്ത്യന്‍ ജനതക്ക് ആവേശം പകര്‍ന്ന നേതാവായാണ് അക്കാലത്ത് പ്രണബിനെ ഞങ്ങള്‍ കണ്ടത്. ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനുശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി വന്ന അവസരത്തില്‍ പ്രണബുമായി ചെറിയ തെറ്റിദ്ധാരണ ഉണ്ടായി എന്നത് സത്യമാണ്. പലപ്പോഴും പ്രണബുതന്നെ പറഞ്ഞിട്ടുണ്ട്, അത് താന്‍ അറിഞ്ഞ കാര്യമല്ലെന്ന്. അതിനുശേഷം ഒരടി പിറകോട്ട് പോയെങ്കിലും അതിനേക്കാള്‍ ശക്തിയോടെ അദ്ദേഹം തിരിച്ചുവന്നു.രാജീവ് ഗാന്ധി ഉള്ളപ്പോള്‍ തന്നെയായിരുന്നു മടങ്ങിവരവെങ്കിലും ഔദ്യാഗിക പദവികളിലേക്കുള്ള മടക്കത്തിന് നരസിംഹറാവുവിന്‍െറ കാലമാണ് സാക്ഷിയായത്. പ്ളാനിങ് ബോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്കായിരുന്നു മടക്കം. അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ കെ. കരുണാകരന്‍ വലിയ പങ്കുവഹിച്ചു. കരുണാകരനും പ്രണബും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു.ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അദ്ദേഹം പെട്ടെന്ന് കേന്ദ്രമന്ത്രി സഭയില്‍ അംഗമായി. അതിനുശേഷം കോണ്‍ഗ്രസ് മാറി എന്‍.ഡി.എ അധികാരത്തിലെത്തി. പാര്‍ലമെന്‍റില്‍ അദ്ദേഹം ശോഭിച്ച നാളുകളായിരുന്നു അന്ന്. പാര്‍ലമെന്‍റിലെ നടപടിക്രമങ്ങളെക്കുറിച്ചോ അവതരിപ്പിച്ച വിഷയത്തെക്കുറിച്ചോ രൂക്ഷമായ തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ പ്രണബ് ചിട്ടവട്ടമെന്താണെന്ന് വിശദീകരിച്ചു കഴിഞ്ഞാല്‍ അത് എല്ലാവരും അംഗീകരിക്കും. ആ പതിവാണ് അന്നും ഇന്നും പാര്‍ലമെന്‍റില്‍. ഭരണഘടനയെക്കുറിച്ച് അപാര അറിവുള്ള അദ്ദേഹം ഓര്‍മശക്തിയിലും മുന്നിലായിരുന്നു.പാര്‍ലമെന്‍റില്‍ താന്‍ വന്നകാലം മുതലുള്ള മിക്കപ്രസംഗങ്ങളെക്കുറിച്ചും പ്രണബ് പലപ്പോഴും വിശദീകരിക്കുന്നത് കേട്ടിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം ലോക്സഭയില്‍ എത്തുന്നത്. അതിനുമുമ്പ് രാജ്യസഭാംഗമായിരുന്നു.
ഞങ്ങള്‍ തമ്മിലുണ്ടായ വ്യക്തിപരമായ ഒരനുഭവം ഓര്‍ക്കുന്നു. ഞങ്ങള്‍ പ്രതിപക്ഷത്തായിരുന്നു. പ്രണബാണ് ചീഫ് വിപ്പ്. ഇന്‍ഷ്വറന്‍സ് ബില്‍ ഭേദഗതി പരിഗണിക്കുന്ന സമയം. എല്‍.ഐ.സി അടക്കമുള്ളവയുടെ ഷെയറുകള്‍ പൂര്‍ണമായല്ലെങ്കിലും സ്വകാര്യമേഖലക്ക് നല്‍കുന്നതിനെ ഞാന്‍ ശക്തിയായി എതിര്‍ത്തു. ഇതുസംബന്ധിച്ച് ഒരുകുറിപ്പും സോണിയ ഗാന്ധിക്ക് നല്‍കി. കുറിപ്പ് മൂന്നു ദിവസത്തോളം പാര്‍ട്ടി ചര്‍ച്ചചെയ്തു. പിന്നീട് സോണിയ ഗാന്ധി വിളിച്ചിപ്പ് കുറിപ്പ് ചര്‍ച്ചചെയ്തെന്നും രവി പറയുന്നതില്‍ ചില കാര്യങ്ങളുണ്ടെന്നും പറഞ്ഞു. എങ്കിലും ഒരു പരിധിവിട്ട് മുന്നോട്ടു പോകാനായില്ല.പാര്‍ലമെന്‍റിലെ നടപടിക്രമങ്ങളെക്കുറിച്ചോ അവതരിപ്പിച്ച വിഷയത്തെക്കുറിച്ചോ രൂക്ഷമായ തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ പ്രണബ് ചിട്ടവട്ടമെന്താണെന്ന് വിശദീകരിച്ചു കഴിഞ്ഞാല്‍ അത് എല്ലാവരും അംഗീകരിക്കും. ഭരണഘടനയെക്കുറിച്ച് അപാര അറിവുള്ള അദ്ദേഹം ഓര്‍മശക്തിയിലും മുന്നിലായിരുന്നു.പാര്‍ലമെന്‍റില്‍ താന്‍ വന്നകാലം മുതലുള്ള മിക്കപ്രസംഗങ്ങളെക്കുറിച്ചും പ്രണബ് പലപ്പോഴും വിശദീകരിക്കുന്നത് കേട്ടിട്ടുണ്ട്.ഉറപ്പു നല്‍കിയിട്ടുള്ളതിനാല്‍ ബില്ലിനെ എതിര്‍ക്കാന്‍ പറ്റുമായിരുന്നില്ല. പിന്നീട് എന്‍െറ നിലപാടില്‍നിന്ന് ഞാന്‍ പിന്മാറി. ബില്ലിന്‍െറ ചര്‍ച്ചക്കിടെ എനിക്ക് സംസാരിക്കണമെന്ന് പ്രണബിന് കുറിപ്പ് കൊടുത്തു. എന്നാല്‍, സംസാരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. താന്‍ ഏന്തെങ്കിലും ഏതിര്‍പ്പ് പ്രകടിപ്പിക്കുമോ എന്ന സംശയമായിരിക്കാം അദ്ദേഹത്തിന്‍െറ ശക്തമായ നിലപാടിന് പിന്നില്‍. അത്തരത്തില്‍ വീട്ടുവീഴ്ചയില്ലാത്ത പ്രണബിനെയും സഭയില്‍ കണ്ട നിമിഷങ്ങളുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മമത-പ്രണബ് തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭരണപരമായ ഏതാവശ്യത്തിനും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. ഞാന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പിന്‍െറ ചുമതല വഹിക്കുന്ന സമയം. സാമ്പത്തിക പ്രതിസന്ധിമൂലം എയര്‍ ഇന്ത്യ ശമ്പളം കൊടുക്കാന്‍പോലും പണം ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. രാത്രി 11 കഴിഞ്ഞ് അദ്ദേഹത്തെ കാണാന്‍ ഞാന്‍ പോകുമായിരുന്നു. വൈകി ഉറങ്ങുന്ന ശീലമാണ് അദ്ദേഹത്തിന്. കാണുന്ന ഉടനെ എന്താണെന്നാവും ചോദ്യം. പൈലറ്റുമാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം വേണമെന്ന് ഞാന്‍ പറയും. എത്രയാണെന്ന് ചോദിക്കും. ആ തുക അനുവദിക്കും. പണം നല്‍കിയ ശേഷം, തനിക്ക് ഇതിനെയൊന്ന് നന്നാക്കിയെടുക്കാന്‍ കഴിയുമോയെന്ന് പല തവണ ചോദിച്ചിട്ടുണ്ട്.
ഞാന്‍ എയര്‍ ഇന്ത്യയെ രക്ഷപ്പെടുത്തുമെന്ന് അദ്ദേഹം കരുതിയിരുന്നു. എന്നാല്‍, അജിത്സിങ്ങിനായി എനിക്ക് വകുപ്പ് ഒഴിയേണ്ടിവന്നു. വ്യക്തിപരമായി അടുത്ത ബന്ധത്തിലേക്ക് ഞങ്ങളെ വളര്‍ത്തിയത് ഒരു പക്ഷേ രാഷ്ട്രീയമായ ചിന്തകളിലെ അടുപ്പമാവാം. കെ.എസ്.യുവിലേയും യൂത്ത് കോണ്‍ഗ്രസിലേയും എന്‍െറ പ്രവര്‍ത്തനങ്ങള്‍ അടുത്തറിഞ്ഞതും ബന്ധം നിലനിര്‍ത്താന്‍ സഹായകരമായി. എല്ലാതരത്തിലും പാര്‍ട്ടിപരമായ ബന്ധമായിരുന്നു ഭരണബന്ധത്തേക്കാള്‍ കൂടുതല്‍. അതാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നതും. കഴിഞ്ഞ നാല്‍പത് വര്‍ഷം സഹപ്രവര്‍ത്തകനായിരുന്ന പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനിലേക്ക് മാറുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നവരില്‍ ഒരാളാണ് ഞാന്‍. വിദേശകാര്യമന്ത്രിയും ധനമന്ത്രിയുമായിരുന്ന കാലഘട്ടങ്ങളില്‍ വിവിധ രാഷ്ട്രത്തലവന്മാരുമായുള്ള പ്രണബിന്‍െറ സുഹൃത്ത് ബന്ധം ഇന്ത്യക്ക് ഗുണം ചെയ്യും. മറ്റു കക്ഷികളുമായുള്ള പ്രണബിന്‍െറ വ്യക്തിപരമായ ബന്ധവും മറ്റും അദ്ദേഹത്തിന്‍െറ രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വിജയം സുഗമമാക്കി. ഭരണപരമായ പ്രാഗല്ഭ്യവും സാമ്പത്തികമടക്കമുള്ള വിവിധ മേഖലകളില്‍ അഗാധമായ അറിവുമുള്ള പ്രണബ് ഇന്ത്യയുടെ പരമോന്നത സ്ഥാനത്തേക്ക് നടന്നുകയറുമ്പോള്‍ സന്തോഷിക്കുന്നു, അഭിമാനിക്കുകയും ചെയ്യുന്നു.

(തയാറാക്കിയത് എബി തോമസ്)


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com