കാരയ്ക്കാമണ്ഡപം: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു. പണവും രേഖകളുമുള്‍പ്പെടെ അഗ്നിക്കിരയായി.
പഴയകാരയ്ക്കാമണ്ഡപം പൊന്നുമംഗലം പണയില്‍ വീട്ടില്‍ മാഹീന്‍ -ബീമാകണ്ണ് ദമ്പതികളുടെ വീടാണ് വെള്ളിയാഴ്ച വൈകുന്നേരം 3.45ഓടെ കത്തിനശിച്ചത്. അടുക്കളയിലെ വിറക് അടുപ്പ് കത്തിച്ചശേഷം ദമ്പതികള്‍ മുറിയില്‍ സംസാരിച്ചിരിക്കുന്നതിനിടെ തീ പുറത്തേക്ക് പടരുകയായിരുന്നു.
മേല്‍ക്കൂരക്ക് തീപിടിച്ചതുകണ്ട് അയല്‍വാസികള്‍ വിളിച്ചപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ ദമ്പതികള്‍ പുറത്തേക്കോടി. അതിനിടെ തീപടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ടി.വി, മേശ, കസേരയടക്കം ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, 56000 രൂപ എന്നിവ കത്തിനശിച്ചു. മൂന്ന്ലക്ഷം രൂപയുടെ നാശമുണ്ടായതായി കണക്കാക്കുന്നു. ചെങ്കല്‍ചൂളയില്‍നിന്ന് രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും 500 ഓളം മീറ്റര്‍ അകലെ മാത്രമേ വാഹനമെത്തിക്കാനായുള്ളൂ. തുടര്‍ന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍