തിരുവല്ല: കവിയൂര്‍ മുണ്ടിയപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ ക്രമക്കേട് കണ്ടെത്തി.
ബാങ്കില്‍ പണയപ്പെടുത്തിയ വസ്തുവിന്‍െറ ആധാരം ജീവനക്കാരന്‍ ഉടമക്ക് തിരികെ നല്‍കുകയും ഈ വസ്തു ഉടമ രഹസ്യമായി വിറ്റതായുമാണ് കണ്ടെത്തിയത്.
1998 ല്‍ 50 സെന്‍റ് വസ്തുവിന്‍െറ ആധാരം പണയപ്പെടുത്തി ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 2002 ല്‍ ബാങ്കിലെ ജീവനക്കാരന്‍െറ സഹായത്തോടെ വസ്തു ഉടമ ബാങ്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ രഹസ്യമായി ആധാരം തിരികെ എടുത്തതായി ബാങ്കിലെ ഓഹരി ഉടമകള്‍ പറയുന്നു.
വസ്തു ഉടമ ചങ്ങനാശേരിയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ വീണ്ടും ആധാരം പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപ വായ്പയെടുത്തതായും പലിശയും മുതലും അടക്കാഞ്ഞതിനെ തുടര്‍ന്ന് വസ്തു മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തത്രേ.
മുണ്ടിയപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ കുടിശ്ശിക ഉള്ളവരുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബാങ്കിലെ ലോക്കറിലിരുന്ന പ്രമാണം നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞത്. ഇത് സംബന്ധിച്ച് അന്വേഷണ കമീഷനെ നിയമിച്ചിരുന്നു. കമീഷന്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
2006ല്‍ ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തിയിരുന്ന സ്വകാര്യ വ്യക്തിയുടെ 18 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപ എടുത്ത് ബാങ്കിലെ ജീവനക്കാരനായിരുന്ന ജോയി എന്ന ഇലവുങ്കല്‍ ഇ.വി. തോമസ് ബാങ്ക് രേഖകളില്‍ മാറ്റം വരുത്തി കൂടുതല്‍ പലിശക്ക് പുറത്തുവായ്പ നല്‍കുകയായിരുന്നു.
ബാങ്ക് ബോര്‍ഡ് ജോയിയെ അന്ന് താക്കീത് നല്‍കുകയും ജോലിയിലെ രണ്ട് ഇന്‍ക്രിമെന്‍റ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ തട്ടിപ്പ് വെളിച്ചത്തായത്. യു.ഡി.എഫ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്.
ക്രമക്കേടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നേതൃത്വത്തില്‍ വെള്ളിയാഴ്ച ബാങ്ക് ഉപരോധിച്ചു.
ബാങ്ക് ഉപരോധം യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
രാവിലെ 10.30 ന് ഉപരോധം ആരംഭിച്ചു. ഉച്ചക്ക് 12.30 ആയിട്ടും ബാങ്ക് ഭരണസമിതി അധികൃതര്‍ ചര്‍ച്ചക്ക് തയാറാകാഞ്ഞതിനെത്തുടര്‍ന്ന് ബാങ്ക് കവാടത്തില്‍ കപ്പയും കഞ്ഞിയും പാകപ്പെടുത്തി സമരാനുകൂലികള്‍ ഉച്ചഭക്ഷണം കഴിച്ചു.
ബി.ജെ.പി കവിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ദിനേശ് കവിയൂര്‍ അധ്യക്ഷത വഹിച്ചു. സുരേഷ് ഓടക്കല്‍,സുനില്‍, വി.കെ. സുജു,രാജേഷ് ആര്‍. കുറുപ്പ്, പ്രകാശ് ബി. പിള്ള, സതീശ്, ഗിരീഷ് മംഗലത്ത്, വിനോദ്, രാജേഷ് എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍