12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

ഹോട്ടലുകളില്‍ റെയ്ഡ്; മൂന്നെണ്ണം പൂട്ടിച്ചു

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ ഹോട്ടലുകളില്‍ ജില്ലാ ഫുഡ് സേഫ്റ്റി വിഭാഗവും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍.
മലിനജലം കെട്ടിക്കിടക്കുന്ന ഈച്ചയും പുഴുക്കളും നിറഞ്ഞ അടുക്കള. ദിവസങ്ങള്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍, പഴകിയ ഇറച്ചി, മീന്‍, മുട്ട, അജിനാമോട്ടോ ഉപയോഗിച്ച് തയാറാക്കിയ കറികള്‍ എന്നിവയായിരുന്നു ഇവിടങ്ങളിലെ കാഴ്ചകള്‍. വൃത്തിഹീനമല്ലെന്ന് കണ്ടെത്തിയ മൂന്ന് ഹോട്ടലുകള്‍ അടപ്പിച്ചു.
കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപത്തെ ആര്യഭവന്‍, പോസ്റ്റോഫിസിന് പടിഞ്ഞാറ് ഭാഗത്തെ എവര്‍ഗ്രീന്‍ കോണ്ടിനന്‍റല്‍, കോഴഞ്ചേരി അംബികാ ഹോട്ടല്‍ എന്നിവയാണ് അടപ്പിച്ചത്. ഹോട്ടലുകളില്‍ പലതും മാലിന്യം നിറഞ്ഞ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് കണ്ടെത്തി. ഭക്ഷണ സാധനങ്ങളെല്ലാം തുറന്നുവെച്ച നിലയിലായിരുന്നു. അടുക്കള ഭാഗത്ത് ഈച്ചകളെക്കൊണ്ട് നിറഞ്ഞിരുന്നു.
രാവിലെ നഗരസഭാ ഹെല്‍ത്ത് വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തി കുഴപ്പങ്ങളില്ലെന്ന് പറഞ്ഞ് പോയ സ്ഥാപനങ്ങളാണ് തൊട്ടുപിന്നാലെ ജില്ലാ ഫുഡ് സേഫ്റ്റി വിഭാഗത്തിന്‍െറ നേതൃത്വത്തിലെത്തിയ സംഘം പൂട്ടിച്ചത്.
നഗരസഭ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഒരിടത്തുനിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തില്ല.
അടപ്പിച്ച ഹോട്ടലുകളില്‍ ഒന്നായ എവര്‍ഗ്രീന്‍ കോണ്ടിനന്‍റലിന്‍െറ അടുക്കളഭാഗം വൃത്തിഹീനമായിരുന്നു.
ദിവസങ്ങള്‍ പഴക്കമുള്ള ഇറച്ചി, മീന്‍, ആട്ടിയ മാവ്, സോസ്, അണ്ടിപ്പരിപ്പ് ഇവ കണ്ടെടുത്തു. ഇവിടെ ഷവര്‍മ തയാറാക്കുന്ന ഭാഗവും ആകെ മലിനമായിരുന്നു. ഫ്രീസര്‍ വൃത്തിയായി സൂക്ഷിച്ചിരുന്നില്ല.
പരിശോധനയില്‍ അജിനാമോട്ടോ ഭക്ഷണസാധനങ്ങളില്‍ ചേര്‍ക്കുന്നതായി കണ്ടെത്തി. പഴകിയ മുട്ടകള്‍ കണ്ടെടുത്ത് നശിപ്പിച്ചു.
അടുക്കളയുടെ പിറകിലെ കിണര്‍ മാലിന്യം നിറഞ്ഞ നിലയിലാണ്. ഇതിലെ വെള്ളമാണ് ഹോട്ടലില്‍ ഉപയോഗിക്കുന്നത്. കിണറിന്‍െറ മുകളിലുള്ള തൂണിലാണ് തുണികള്‍ ഉണക്കാനായി ഇട്ടിരുന്നത്. ചുറ്റും മലിനജലം കെട്ടി നില്‍ക്കുന്നുണ്ട്.
മുമ്പ് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കിണര്‍ ശുചിയാക്കണമെന്ന് നിര്‍ദേശം നല്‍കിയതാണെങ്കിലും പാലിച്ചില്ല. കിണറ്റിലെ വെള്ളം പരിശോധിച്ച ശേഷമേ ഉപയോഗിക്കാവൂവെന്ന് ഫുഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. കട പൂട്ടുന്നതിന്‍െറ ഭാഗമായി നല്‍കിയ നോട്ടീസ് കൈപ്പറ്റാന്‍ മാനേജര്‍ വിസമ്മതിച്ചത് തര്‍ക്കത്തിന് ഇടയാക്കി.
വിവരമറിഞ്ഞ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി കെ. മോഹന്‍കുമാര്‍ എത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ച് കട തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഉദ്യോഗസ്ഥര്‍ അതിനോട് അനുകൂലിച്ചില്ല. പിന്നീട് ഏറെ സമയത്തെ തര്‍ക്കത്തിനുശേഷം കട പൂട്ടാന്‍ തയാറാവുകയായിരുന്നു. രാവിലെ നഗരസഭാ നേതൃത്വത്തില്‍ ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെടുത്തിരുന്നില്ല.
കെ.എസ്.ആര്‍.ടി.സി ജങ്ഷനിലെ ആര്യഭവനാണ് പൂട്ടിയ മറ്റൊരു ഹോട്ടല്‍. ഇവിടെയും അടുക്കളഭാഗത്ത് മാലിന്യം കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. ധാന്യങ്ങള്‍ അരക്കുന്ന ഗ്രൈന്‍ഡറില്‍ മാലിന്യം പറ്റിപ്പിടിച്ച് നിറയെ പുഴുക്കളെ കണ്ടെത്തി. ദുര്‍ഗന്ധവും വമിക്കുന്നുണ്ടായിരുന്നു. പഴകിയ ദോശ, ഇഡ്ഡലി, ചപ്പാത്തി, എന്നിവയും കണ്ടെത്തി. കക്കൂസും അടുക്കള ഭാഗത്തോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. തകരാറുകള്‍ പരിഹരിക്കും വരെ ഹോട്ടല്‍ അടച്ചിടാന്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. ഇവിടെത്തന്നെയുള്ള ഹോട്ടല്‍ കാവേരിയിലും പിന്നീട് പരിശോധന നടത്തി. പാചകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ തറയില്‍ വെച്ചിരിക്കുകയായിരുന്നു. കുടിവെള്ള പരിശോധന ഇവിടെ നടക്കുന്നില്ലെന്നും കണ്ടെത്തി.
ഫുഡ് സേഫ്റ്റി വിഭാഗത്തിന്‍െറ ലൈസന്‍സ് ഇല്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. ന്യൂനതകള്‍ ഒരാഴ്ചക്കകം പരിഹരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.മണ്ണില്‍ റീജന്‍സിയില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഇറച്ചി, ഐസ്ക്രീം, സോസ് ഇവ കണ്ടെത്തി. ഭക്ഷണ സാധനങ്ങള്‍ തുറന്നുവെച്ചിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇവിടെയും ഫ്രീസറുകള്‍ ശുചിയാക്കാറില്ലായിരുന്നു. സെന്‍റ്പീറ്റേഴ്സ് ജങ്ഷനില്‍ റിങ്റോഡിന് സമീപത്തെ ജെ. മാര്‍ട്ടില്‍ നടന്ന റെയ്ഡില്‍ ദിവസങ്ങളോളം പഴക്കമുള്ള ചിക്കന്‍ കണ്ടെടുത്തു. കോഴഞ്ചേരി അംബികാ ഹോട്ടല്‍ലിന്‍െറ അടുക്കള ഭാഗം വൃത്തിഹീനമായി കിടക്കുന്നത് പരിഹരിക്കുന്നതിന് രണ്ടു ദിവസം അടച്ചിടാന്‍ നിര്‍ദേശിച്ചു.ഇവിടെയും അടുക്കള ശോച്യാവസ്ഥയിലായിരുന്നു.ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസര്‍ രമേശ്ബാബു, ജില്ലാ മെഡിക്കല്‍ ഓഫിസ് ടെക്നിക്കല്‍ അസിസ്റ്റന്‍റ് സി.ജി. ശശിധരന്‍, ടി.വി. ദിനേശന്‍, കെ.എം.ഷാജി , ഷിബു ഇസ്മായില്‍, എസ്.ഷൈന്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് അവര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com