Sat, 07/21/2012 - 11:05 ( 43 weeks 6 daysago)
മേരിയെ തുണക്കാന്‍ അമ്മ ലണ്ടനിലെത്തും
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിലേക്ക് ഇടിച്ചുകയറാനൊരുങ്ങുന്ന ധന്യമുഹൂര്‍ത്തത്തില്‍ കൈയെത്തുംദൂരത്ത് അമ്മയുടെ സാന്നിധ്യം പ്രചോദനം പകരാനുണ്ടാകുമെന്ന സന്തോഷത്തിലാണ് ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ വനിതാ ബോക്സിങ് താരം എം സി മേരി കോം. അഞ്ചു തവണ ലോക ചാമ്പ്യനായ മേരിയുടെ കന്നി ഒളിമ്പിക്സാണിത്. കാരണം, ഇതാദ്യമായാണ് ഒളിമ്പിക്സില്‍ വനിതാ ബോക്സിങ് ഉള്‍പ്പെടുത്തുന്നത്.
രണ്ടു മക്കളുടെ അമ്മയായ ശേഷമാണ് 29കാരിയായ മേരി 51 കിലോ ഗ്രാം വിഭാഗത്തില്‍ ഒളിമ്പിക്സിന്റെ റിങ്ങിലെത്തുന്നത്. മത്സരസമയത്ത് ഗാലറിയില്‍ ഈ മണിപ്പൂരുകാരിയുടെ മാതാവ് മാങ്തെ അഖാം കോമുണ്ടാകും. ഇന്ത്യക്കു പുറത്തേക്ക് ഇതാദ്യമായി യാത്ര ചെയ്യാനൊരുങ്ങുന്ന അഖാം കോര്‍പറേറ്റ് ഭീമന്മാരായ പ്രോക്ടര്‍ ആന്‍ഡ് ഗാംബ്ലെയുടെ സ്പോണ്‍സര്‍ഷിപ് വഴിയാണ് ലണ്ടനിലേക്ക് പറക്കാനൊരുങ്ങുന്നത്. കമ്പനിയുടെ 'താങ്ക് യൂ മം' കാമ്പയിന്റെ ഭാഗമായാണ് അഖാമിനെ ലണ്ടന്‍ യാത്രക്ക് തെരഞ്ഞെടുത്തത്.
'ഒളിമ്പിക്സ് എന്റെ കരിയറിലെ ഏറ്റവും വലിയ സംഭവമാണ്. അവിടെ അമ്മയുടെ സാന്നിധ്യം ഉണ്ടാവുമെന്നതില്‍ എന്തു മാത്രം സന്തോഷമുണ്ടെന്നത് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ആദ്യമായാണ് അമ്മ വലിയൊരു ചാമ്പ്യന്‍ഷിപ്പില്‍ എന്റെ മത്സരം നേരിട്ടുകാണാനെത്തുന്നത്. എന്നെങ്കിലുമൊരിക്കല്‍ അവര്‍ ഗാലറിയിലുണ്ടാവണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അത് ഒളിമ്പിക്സില്‍ യാഥാര്‍ഥ്യമാവുന്നത് ഇരട്ടി മധുരം നല്‍കുന്നു' -മേരി കോം പറഞ്ഞു.
'ഏതൊരു മാതാവിനെയും പോലെ മക്കളുടെ കാര്യങ്ങളില്‍ ബദ്ധശ്രദ്ധയായിരുന്ന അവര്‍ പരിക്കുപറ്റുമെന്ന് പേടിച്ച് എന്റെ ബോക്സിങ് താല്‍പര്യങ്ങളെ തുടക്കത്തില്‍ അനുകൂലിച്ചിരുന്നില്ല. ഒടുവില്‍ പൂര്‍ണ സമ്മതമില്ലെങ്കിലും എന്റെ താല്‍പര്യത്തെ പിന്തുണക്കുകയായിരുന്നു. ഞാന്‍ മത്സരങ്ങള്‍ക്കായി വിദേശത്ത് പോകുമ്പോള്‍ എന്റെ ഇരട്ടക്കുട്ടികളെ നോക്കുന്നത് അമ്മയാണ്. അതുകൊണ്ട് അക്കാര്യങ്ങളില്‍ കാര്യമായ മാനസിക ബുദ്ധിമുട്ടുകളില്ലാതെ റിങ്ങിലെത്താന്‍ കഴിയുന്നു. ജീവിതത്തില്‍ തന്റെ കരുത്തിന്റെ ഏറ്റവും വലിയ പ്രചോദനം മാതാവാണെന്നും മേരികോം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍