അബൂദബി: യു.എ.ഇയിലെ ആദ്യ ആണവോര്‍ജ നിലയത്തിലെ പ്രഥമ യൂനിറ്റ് 2017ല്‍ പ്രവര്‍ത്തനസജ്ജമാകും. ഇതിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പശ്ചിമ മേഖലയിലെ ബറാകയില്‍ തുടക്കം കുറിച്ചു. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതി.
രണ്ട് ആണവോര്‍ജ റിയാക്ടര്‍ യൂനിറ്റുകള്‍ നിര്‍മിക്കാന്‍ എമിറേറ്റ്സ് ന്യൂക്ളിയര്‍ എനര്‍ജി കോര്‍പറേഷനാണ് ലൈസന്‍സ് ലഭിച്ചത്. ലൈസന്‍സ് അനുവദിച്ചതായി ജൂലൈ 18ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ളിയര്‍ റഗുലേഷന്‍ അബൂദബിയില്‍ പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു.
കൊറിയന്‍ കമ്പനി തയാറാക്കിയ രൂപമാതൃകയിലാണ് നിലയത്തിന്‍െറ നിര്‍മാണം നടത്തുന്നത്. ‘ബറാക യൂനിറ്റ്-1 റിയാക്ടര്‍ കണ്ടയ്ന്‍മെന്‍റ് ബില്‍ഡിങ്’ നിര്‍മാണമാണ് തുടങ്ങിയത്. ഇതിനകത്താണ് ആണവ റിയാക്ടര്‍ സ്ഥാപിക്കുക. നിലയത്തിന്‍െറ ഏറ്റവും സുരക്ഷിത ഭാഗവും ഇതാണ്. ഫൗണ്ടേഷന്‍ സ്ളാബിന്‍െറ ഒരു ഭാഗത്തിന് 1,500 ഘനമീറ്റര്‍ കോണ്‍ക്രീറ്റ് നിക്ഷേപിച്ചതാണ് ആദ്യ പ്രവൃത്തി. കണ്ടയ്ന്‍മെന്‍റ് കെട്ടിടത്തിന്‍െറ ചുമരുകള്‍ വളരെയേറെ ബലമുള്ളതായിരിക്കും. ഇതിന്‍െറ നിര്‍മാണത്തിന് വന്‍ തോതില്‍ ഉരുക്ക് ഉപയോഗിക്കും.
കണ്ടയ്ന്‍മെന്‍റ് കെട്ടിടത്തിന് പുറമെ അനുബന്ധ കെട്ടിടം, ടര്‍ബൈന്‍ കെട്ടിടം എന്നിവയും വെള്ളം തണുപ്പിക്കാനുള്ള സംവിധാനവുമുണ്ടാക്കും. ‘എ.പി.ആര്‍ 1400’ എന്നറിയപ്പെടുന്ന രണ്ട് അത്യാധുനിക പ്രഷറൈസ്ഡ് വാട്ടര്‍ റിയാക്ടറുകളാണ് ബറാകയില്‍ സ്ഥാപിക്കുക. ഒരു റിയാക്ടറില്‍നിന്ന് 1,400 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാം.
അഞ്ച് വര്‍ഷം കൊണ്ട് ആദ്യ യൂനിറ്റ് നിര്‍മാണം പൂര്‍ത്തിയായാല്‍ രാജ്യത്തെ ആണവ നിയന്ത്രണാധികാരമുള്ള ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ളിയര്‍ റഗുലേഷന്‍ സുരക്ഷാ പരിശോധന നടത്തിയ ശേഷമേ പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂ. ഇപ്പോഴത്തെ ലൈസന്‍സ് പ്രകാരം ഇത് ഓപറേറ്റ് ചെയ്യാന്‍ എമിറേറ്റ്സ് ന്യൂക്ളിയര്‍ എനര്‍ജി കോര്‍പറേഷന് സാധിക്കില്ല. ഇതിനുവേണ്ടി ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ളിയര്‍ റഗുലേഷന് ഇവര്‍ പ്രത്യേക അപേക്ഷ നല്‍കണമെന്നാണ് വ്യവസ്ഥ.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പഠനങ്ങള്‍ നടത്തിയ ശേഷമാണ് ആണവോര്‍ജ നിലയത്തിന് പശ്ചിമ മേഖലയിലെ ബറാക തെരഞ്ഞെടുത്തത്. പഠനങ്ങളില്‍ നിരവധി അനുകൂല ഘടകങ്ങള്‍ അവിടെ കണ്ടെത്തി. ഇതില്‍ ഏറ്റവും പ്രധാനം വലിയ ജനസാന്ദ്ര പ്രദേശത്തു നിന്നുള്ള അകലമാണ്. ഭൂകമ്പ മേഖലയില്‍നിന്ന് ബറാക ഏറെ അകലെയാണെന്നും കണ്ടെത്തി. ഇതിനുവേണ്ടി പ്രദേശത്തിന്‍െറ ഭൗമചരിത്രം വിദഗ്ധര്‍ വിശദമായി പരിശോധിച്ചിരുന്നു. വന്‍ തോതില്‍ ജല ലഭ്യത, അനുകൂല പരിസ്ഥിതി എന്നിവയും ബറാക തെരഞ്ഞെടുക്കാന്‍ കാരണമായി.
ആദ്യ യൂനിറ്റിന്‍െറ ഓപറേഷന്‍ ലൈസന്‍സിന് എമിറേറ്റ്സ് ന്യൂക്ളിയര്‍ എനര്‍ജി കോര്‍പറേഷന്‍ 2015ല്‍ അപേക്ഷ നല്‍കും. 2013ലാണ് രണ്ടാമത്തെ യൂനിറ്റ് നിര്‍മാണം ആരംഭിക്കുക. ഇപ്പോള്‍ നിര്‍മാണ ലൈസന്‍സ് നല്‍കിയ രണ്ട് യൂനിറ്റുകള്‍ക്ക് പുറമെ രണ്ടെണ്ണം കൂടി ബറാകയില്‍ നിര്‍മിക്കാനാണ് പദ്ധതി. 2018ല്‍ രണ്ടാമത്തെയും 2019ല്‍ മൂന്നാമത്തെയും 2020ല്‍ നാലാമത്തെയും യൂനിറ്റ് പ്രവര്‍ത്തനസജ്ജമാകും. ഇതോടെ രാജ്യത്തെ ഊര്‍ജ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും. ആണവോര്‍ജത്തിന്‍െറ ഉപയോഗം ഓരോ വര്‍ഷവും അന്തരീക്ഷത്തിലേക്ക് 12 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് പുറന്തള്ളപ്പെടുന്ന അവസ്ഥയില്‍നിന്ന് യു.എ.ഇയെ രക്ഷിക്കും.
അതേസമയം, ജപ്പാനിലെ ഫുക്കുഷിമ ആണവ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ബറാകയില്‍ ഏറ്റവും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ളിയര്‍ റഗുലേഷന്‍ വ്യക്തമാക്കി. 2008 മുതല്‍ നാല് വര്‍ഷം നീണ്ട നടപടികള്‍ക്ക് ശേഷമാണ് എമിറേറ്റ്സ് ന്യൂക്ളിയര്‍ എനര്‍ജി കോര്‍പറേഷന് നിര്‍മാണ ലൈസന്‍സ് അനുവദിച്ചത്. 2010 ഡിസംബര്‍ ഏഴിനാണ് എമിറേറ്റ്സ് ന്യൂക്ളിയര്‍ എനര്‍ജി കോര്‍പറേഷന്‍ ഔദ്യാഗികമായി നിര്‍മാണ ലൈസന്‍സ് അപേക്ഷ (സി.എല്‍.എ) സമര്‍പിച്ചത്. 9,000 പേജുകളുള്ള അപേക്ഷക്ക് പുറമെ ഒന്നര വര്‍ഷത്തെ അവലോകനത്തിനിടെ 1,800 ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഇവര്‍ ഫെഡറല്‍ അതോറിറ്റിക്ക് മറുപടി നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍