ബി.എല്‍.എസ്. പ്രാദേശിക കേന്ദ്രങ്ങള്‍ അധികചാര്‍ജ് ഈടാക്കിയാല്‍ നടപടി: എംബസി

മസ്കത്ത്: ബി.എല്‍.എസ്. പ്രാദേശിക കേന്ദ്രങ്ങള്‍ എംബസി നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അംബാസഡര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച എംബസിയില്‍ ചേര്‍ന്ന ഓപ്പണ്‍ ഹൗസില്‍ ബി.എല്‍.എസിന്‍െറ പ്രാദേശിക മൊബൈല്‍ സേവനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക സംഘടനാ നേതാക്കള്‍ പരാതി ഉന്നയിച്ചപ്പോഴാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. പാസ്പോര്‍ട്ട് സേവനത്തിന് 70 ബൈസയും, വിസാ സേവനത്തിന് 3.050 ബൈസയും മാത്രമാണ് സര്‍വീസ് ചാര്‍ജായി ഈടാക്കേണ്ടത്. കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലേക്ക് ഒരു റിയാലും അവര്‍ ഈടാക്കും. ഇതിന് പിറമെ ഏതെങ്കിലും തരത്തില്‍ അധികചാര്‍ജ് ഈടാക്കുന്നുവെന്ന് തെളിയിച്ചാല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് അംബാസഡര്‍ ജെ.എസ്. മുകൂള്‍, ഫസ്റ്റ് സെക്രട്ടറി ശ്രീനിവാസ് ബാബു എന്നിവര്‍ പറഞ്ഞു.
‘ട്രാവല്‍സിറ്റി’ എന്ന സ്വകാര്യ ട്രാവല്‍ഏജന്‍സിയെ പാസ്പോര്‍ട്ട് സേവനവുമായി ബന്ധപ്പെട്ട് എംബസി ചുമതലകള്‍ ഏല്‍പിച്ചിട്ടില്ല. പ്രാദേശിക കേന്ദ്രം നടത്തിപ്പിനായി ഈ ട്രാവല്‍ ഏജന്‍സിയുമായി കരാറുണ്ടാക്കുന്നതിന് ബി.എല്‍.എസ്. അനുമതി ചോദിച്ചിരുന്നുവെങ്കിലും നല്‍കിയില്ല. പിന്നീട്, ബി.എല്‍.എസ്. ഇവിടുത്തെ ജീവനക്കാരുമായി വ്യക്തിഗതമായി ധാരണയുണ്ടാക്കുകയായിരുന്നു. പ്രാദേശിക കേന്ദ്രങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് കൃത്യമായ ബില്ല് നല്‍കിയിരിക്കണം. ബി.എല്‍.എസിന്‍െറ പേരിലുള്ള ബില്ലാണ് ഇവര്‍ നല്‍കേണ്ടത്. മറ്റൊരു സ്ഥാപനത്തിന്‍െറയും ബില്ല് ഇവരില്‍ നിന്ന് അപേക്ഷകര്‍ സ്വീകരിക്കരുത്. ഇവര്‍ നല്‍കുന്ന ബില്ലിന്‍െറ പകര്‍പ്പ് അപേക്ഷയോടൊപ്പം നല്‍കിയാല്‍ മാത്രമേ എംബസി അപേക്ഷകളില്‍ നടപടിയെടുക്കൂ. ബില്ലില്‍ അധികചാര്‍ജ് ഈടാക്കിയിട്ടുണ്ടെങ്കില്‍ എംബസിക്ക് പരിശോധിക്കാനാകും. അധികചാര്‍ജ് ഈടാക്കിയാല്‍ അതിന്‍െറ തെളിവുമായി എംബസിയിലെത്താന്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
നേരത്തേ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പാസ്പോര്‍ട്ട് സേവനം നല്‍കിയിരുന്ന കോണ്‍സുലാര്‍ ഏജന്‍റുമാരെ ഒഴിവാക്കിയിട്ടില്ലെന്ന് അധികൃതര്‍ വിശദീകരിച്ചു. എന്നാല്‍, അവര്‍ക്ക് പാസ്പോര്‍ട്ട്, വിസാ സേവനങ്ങളുടെ ചുമതല ഇനിയില്ല. മറിച്ച് അറ്റസ്റ്റേഷനടക്കമുള്ള ചുമതലകള്‍ അവര്‍ക്ക് നിര്‍വഹിക്കാമെന്നും അധികൃതര്‍ പറഞ്ഞു. അതിനിടെ, സൊഹാറിലെ പ്രാദേശിക കേന്ദ്രത്തില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ നല്‍കിയ അപേക്ഷകനില്‍ നിന്ന് കൊറിയര്‍ ചാര്‍ജ് എന്ന പേരില്‍ അഞ്ച് റിയാല്‍ അധികം ഈടാക്കിയതിന്‍െറ രശീത് സാമൂഹിക പ്രവര്‍ത്തകര്‍ അധികൃതര്‍ക്ക് കൈമാറി. ഇന്ത്യന്‍ സോഷ്യല്‍ക്ളബ് കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ പി.എം. ജാബിര്‍, കൈരളി ആര്‍ട്സ് ക്ളബ് പ്രസിഡന്‍റ് എസ്. ഷാജി, കേരളാവിങ് പ്രതിനിധി രതീഷ്, കെ.എം.സി.സി. ജന.സെക്രട്ടറി പി.എ.വി. അബൂബക്കര്‍, ഷമീര്‍, മൈത്രി മസ്കത്ത് നേതാവ് ശിവരാമന്‍ തുടങ്ങിയവരാണ് ഓപണ്‍ഹൗസില്‍ പാസ്പോര്‍ട്ട്, വിസാ സേവനം പുറംകരാറുമായി ബന്ധപ്പെട്ട പ്രശ്നം ഉന്നയിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus