കടുത്തുരുത്തി: പകര്‍ച്ചവ്യാധികള്‍ തടയാന്‍ കടുത്തുരുത്തി പഞ്ചായത്ത് ശേഖരിച്ച മാലിന്യം ചാക്കുകളില്‍ കെട്ടിവെച്ച നിലയില്‍ വഴിയരികിലും പുരയിടങ്ങളിലും ചീഞ്ഞുനാറുന്നു. ജില്ലാ ശുചിത്വമിഷന്‍ പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ നല്‍കിയ ഫണ്ട് ചെലവിട്ടാണ് ചാക്കുകളില്‍ മാലിന്യം ശേഖരിച്ചത്. വാര്‍ഡൊന്നിന് 10,000 രൂപ പ്രകാരം 1,90,000 രൂപയാണ് ജില്ലാ ശുചിത്വ മിഷന്‍ നല്‍കിയത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഉപയോഗിച്ച് വഴിയോരങ്ങളിലും വീടുകളിലും നിന്നും വാരിക്കൂട്ടി ചാക്കുകളിലാക്കിയ മാലിന്യമാണ് നശിപ്പിക്കപ്പെടാതെ കിടക്കുന്നത്.
ജൂണ്‍ 25, 26 തീയതികളില്‍ വാര്‍ഡുകളില്‍ നടത്തിയ ശുചീകരണത്തിന്‍െറ ഭാഗമായാണ് മാലിന്യം വാരിക്കൂട്ടി ചാക്കുകളില്‍ നിറച്ചത്. മാലിന്യം ശേഖരിച്ചുകൊണ്ടുപോയി സംസ്കരിക്കുന്നതിന് വാര്‍ഡൊന്നിന് 1800 രൂപ വീതവും അനുവദിച്ചിരുന്നു. ഇതേസമയം, ചാക്കുകളില്‍ ശേഖരിച്ച മാലിന്യം എവിടെ കൊണ്ടുപോയി സംസ്കരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് കടുത്തുരുത്തിയില്‍ ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കടുത്തുരുത്തി മാര്‍ക്കറ്റിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്ളാന്‍റും പരിസരവും നിറയെ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. കടുത്തുരുത്തി മാര്‍ക്കറ്റില്‍നിന്ന് ശേഖരിച്ച മാലിന്യം വ്യക്തിയുടെ പറമ്പില്‍ നിക്ഷേപിച്ച ശേഷം മണ്ണടിച്ച് മൂടുകയായിരുന്നു. ശേഖരിച്ച ദിവസങ്ങളിലും തുടര്‍ന്നുള്ള ദിവസങ്ങളിലും കനത്ത മഴയായതിനാലാണ് ചാക്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ കഴിയാതെ പോയതെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീദേവി സുബ്ബരായന്‍ പറഞ്ഞു. ചാക്കുകളില്‍ ശേഖരിച്ചിരിക്കുന്നത് പ്ളാസ്റ്റിക് മാലിന്യം മാത്രമാണെന്നും ഇവയും നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ശ്രീദേവി സുബ്ബരായന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍