തിരുവല്ല: മൂല്യബോധമുള്ള ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്ന പ്രോത്സാഹനം കൂടുതല്‍ ഉത്തേജനം പകരുന്നുവെന്ന് മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ജേതാവ് ബ്ളെസി പറഞ്ഞു. വലുതാണെങ്കിലും ചെറുതാണെങ്കിലും ഫിലിംമേക്കറിന് കിട്ടുന്ന അവാര്‍ഡും ബഹുമതിയും സന്തോഷം ഉളവാക്കുന്നതാണ്.അവാര്‍ഡ് പ്രതീക്ഷിച്ചല്ല സിനിമ നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാതൃത്വം മുഖ്യ വിഷയമാക്കി വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നൂതന പ്രമേയമുള്ള ചിത്രത്തിന്‍െറ പണിപ്പുരയില്‍ ഒ.എന്‍. വിക്കും ജയചന്ദ്രനോടുമൊപ്പം തിരുവനന്തപുരത്ത് ആയിരിക്കുമ്പോഴാണ് അവാര്‍ഡ് വിവരം ലഭിച്ചത്. എന്നാല്‍, തിരുവല്ല പുത്തന്‍വീട്ടിലേക്കുള്ള യാത്രാമധ്യേ പൊടിയാടിയിലുള്ള സുഹൃത്ത് ബിജുവാണ് ഫോണിലൂടെ ടി.വിയില്‍ അവാര്‍ഡ് പ്രഖ്യാപനം കേള്‍പ്പിച്ചത്. തൊട്ടുപിന്നാലെ മന്ത്രി കെ.സി. വേണുഗോപാല്‍ ദല്‍ഹിയില്‍ നിന്ന് ഫോണിലൂടെ ആദ്യം ആശംസ നേര്‍ന്നുവെന്ന് വീട്ടിലെത്തിയ ബ്ളെസി പറഞ്ഞു.
മികച്ച സംവിധായകനുള്ള രണ്ടാമത്തെ അവാര്‍ഡ് ജേതാവായ ബ്ളെസി കുറ്റപ്പുഴയിലെ തന്‍െറ പുത്തന്‍വീട്ടില്‍ ഭാര്യ മീനക്ക് മധുരം നല്‍കി സന്തോഷം പങ്കിട്ടു.
ഒപ്പം മക്കളായ ആദിത്തും അഖിലും സുഹൃത്തുക്കളായ തോമസ് തിരുവല്ലയും തറവാട് ബിജുവും സാജനും സന്തോഷം പങ്കുവെച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍