സുല്‍ത്താന്‍ ബത്തേരി: വയനാടിനോട് ചേര്‍ന്ന് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍നിന്ന് വയനാട്ടിലേക്കുള്ള കുടിയേറ്റം ശക്തിപ്പെടുന്നു.
നീലഗിരി ബയോസ്ഫിയറില്‍പെട്ട താലൂക്കുകള്‍ അതീവ പരിസ്ഥിതി പ്രധാന മേഖലയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് നടപ്പാക്കുന്ന കര്‍ശന നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ഒഴിഞ്ഞുപോക്കിനും കുടിയേറ്റത്തിനും ജനങ്ങളെ പ്രേരിപ്പിക്കുന്നത്.
കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്കിറങ്ങാതിരിക്കാന്‍ ഈ പ്രദേശത്ത് വനാതിര്‍ത്തിയില്‍ സ്ഥാപിച്ച വൈദ്യുതി കമ്പിവേലികള്‍ വനംവകുപ്പധികൃതര്‍ നീക്കം ചെയ്യുകയാണ്. ഭൂമി രജിസ്ട്രേഷന്‍, വീട്, റോഡ്, കെടിട നിര്‍മാണം, പുതിയ വൈദ്യുതി കണ്കഷനുകള്‍ എന്നിവ നേരത്തേ തന്നെ തടഞ്ഞിരുന്നു. ജീവനും സ്വത്തിനും സംരക്ഷണം നഷ്ടപ്പെട്ട ജനങ്ങള്‍ തോട്ടങ്ങള്‍ നിലനിര്‍ത്തി സുരക്ഷിത താവളത്തിലേക്ക് താമസം മാറ്റാന്‍ നടത്തുന്ന നീക്കത്തിന്‍െറ ഭാഗമായാണ് ഈ മേഖലയില്‍നിന്ന് വയനാട്ടിലേക്കുള്ള കുടിയേറ്റം. ഭൂമി രജിസ്ട്രേഷനും വിലക്കു വീണതോടെ കിട്ടുന്ന വിലക്ക് വിറ്റുപോകാനുള്ള സാധ്യതകള്‍ ഇല്ലാതായിരിക്കുകയാണ്.
താരതമ്യേന സമ്പന്നരായ വിഭാഗം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുമ്പോള്‍ നിര്‍ധന വിഭാഗങ്ങള്‍ ഭീതിയിലാണ്. വനാതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് ഒരു വിഭാഗം ഒഴിഞ്ഞുപോകുന്നതോടെ വന്യജീവിശല്യം കൂടുതല്‍ രൂക്ഷമാകുമെന്നതുതന്നെ കാരണം. ഇവിടെ തമിഴ് സംസാരിക്കുന്ന വിഭാഗം തമിഴ്നാട്ടിലെ മറ്റു ജില്ലകളിലേക്ക് ചേക്കേറാന്‍ ശ്രമിക്കുമ്പോള്‍ മലയാളികള്‍ മുഖ്യമായും വയനാട്ടിലേക്കാണ് കൂടുമാറ്റം ആഗ്രഹിക്കുന്നത്.
പന്തല്ലൂര്‍, ഗൂഡല്ലൂര്‍ താലൂക്കുകളിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കുടിയേറ്റം നടന്നിട്ട് നൂറ്റാണ്ടുകളായി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നിയമക്കുരുക്ക് മുറുകി. ജനങ്ങളുടെ ഏകകണ്ഠമായ ചെറുത്തുനില്‍പ്പില്‍ കുടിയൊഴിപ്പിക്കല്‍ നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങള്‍ സ്വയം ഒഴിഞ്ഞുപോകാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്ന അവസ്ഥയിലാണ്. ഏക്കര്‍ കണക്കിന് ഭൂമിയുള്ള കുടുംബങ്ങള്‍ക്കുപോലും പുതിയ വീട് വെക്കാനാവുന്നില്ല. പല മേഖലകളിലും പ്രാഥമികാവശ്യങ്ങള്‍പോലും നിഷേധിക്കപ്പെടുകയാണ്.
കനത്ത നാശംവിതക്കുന്ന കാട്ടാനകളെ പ്രതിരോധിക്കാന്‍ കൃഷിയിടങ്ങളോട് ചേര്‍ന്ന് ജനങ്ങള്‍ തന്നെയാണ് പലയിടങ്ങളിലും വൈദ്യുതി കമ്പിവേലികള്‍ സ്ഥാപിച്ചത്. വന്യജീവിശല്യം തടഞ്ഞ് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവാതെ വന്നപ്പോഴാണ് ജനങ്ങള്‍ മുന്‍കൈയെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് അനധികൃതമാണെന്നും വന്യജീവികളുടെ സൈ്വരവിഹാരത്തിന് തടസ്സമാണെന്നും ആരോപിച്ചാണ് കമ്പിവേലികള്‍ പൊളിച്ചുനീക്കുന്നത്. എന്നാല്‍, ബദല്‍ സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടുമില്ല.
ഇതിനിടെ വയനാട്ടിലെ മൂന്ന് താലൂക്കുകളെയും അതീവ പരിസ്ഥിതി പ്രാധാന്യമേഖലയില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്യുന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ റിപ്പോര്‍ട്ട് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. നിയന്ത്രണങ്ങള്‍ കര്‍ക്കശമായ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദേശം.
റിപ്പോര്‍ട്ട് പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിക്കഴിഞ്ഞു.വിദേശരാഷ്ട്രങ്ങളില്‍നിന്ന് കോടികളുടെ ഫണ്ട് കൈപ്പറ്റിയാണ് ജനവിരുദ്ധ നയങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നാണ് ജനങ്ങളുടെ ആക്ഷേപം.
നിങ്ങളുടെ അഭിപ്രായങ്ങള്‍