Thu, 07/19/2012 - 23:37 ( 44 weeks 1 dayago)
ഐ.പി.എല്‍ കഴിഞ്ഞിട്ട് ഒന്നരമാസം; പ്രതിഫലം ലഭിക്കാതെ താരങ്ങള്‍
(+)(-) Font Size

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) സീസണ്‍ അഞ്ച് കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും പ്രതിഫലം ലഭിക്കാതെ താരങ്ങള്‍. കളിക്കുന്നതിന് മുമ്പായി ലഭിക്കേണ്ട ആദ്യഗഡു തുകപോലും മിക്ക കളിക്കാര്‍ക്കും ലഭിക്കാതായതോടെ താരങ്ങള്‍ പരാതിയുമായി രംഗത്തെത്തി. മദ്യരാജാവ് വിജയ് മല്യയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, ഹൈദരാബാദിന്‍െറ ഡെക്കാന്‍ ചാര്‍ജേഴ്സ് എന്നീ ടീമുകളിലെ കളിക്കാരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയത്. ഈ ടീമുകള്‍ക്കായി കളിച്ച വിദേശീയരും ഇന്ത്യന്‍ താരങ്ങളും തങ്ങളുടെ ഫ്രാഞ്ചൈസിക്കെതിരെ പരാതിപ്പെട്ടിരിക്കുകയാണ്.
ഡെക്കാനും ബംഗളൂരുവിനും വേണ്ടി കളിച്ച ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക താരങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ കളിക്കാര്‍ക്കും പ്രതിഫലം ലഭിച്ചിട്ടില്ല. സൗത് ആഫ്രിക്കന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ടോണി ഐറിഷ് തങ്ങളുടെ രാജ്യത്തുനിന്നുള്ള അഞ്ച് താരങ്ങള്‍ക്ക് റോയല്‍ ചലഞ്ചേഴ്സ് പ്രതിഫലത്തില്‍ കുടിശ്ശിക വരുത്തിയതായി പറഞ്ഞു. റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ ഡാനിയേല്‍ വെട്ടോറി, ബാറ്റ്സ്മാന്‍ എബി ഡിവില്ലിയേഴ്സ്, ആസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡ്, ഇന്ത്യന്‍ ബൗളര്‍ വിനയ്കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചിട്ടില്ല. ഡെക്കാനുവേണ്ടി കളിച്ച ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡെയ്ല്‍ സ്റ്റെയിന്‍, ജെ.പി. ഡുമിനി, യുവാന്‍ തെറോണ്‍ എന്നിവര്‍ക്കും കുടിശ്ശിക വരുത്തിയിട്ടുണ്ട്. ബംഗളൂരുവിനുവേണ്ടി കളിച്ച പ്രശസ്തരായ താരങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട ആദ്യഗഡു തുകപോലും ലഭിച്ചില്ലെന്ന് പരാതിപ്പെട്ടതോടെയാണ് മറ്റു ടീമുകളിലെ പ്രതിസന്ധിയും പുറത്തുവന്നത്. ഫ്രാഞ്ചൈസിയും താരങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം ഐ.പി.എല്‍ ആരംഭിക്കുന്നതിന് മുമ്പ് ഏപ്രില്‍ ഒന്നിനുതന്നെ പ്രതിഫലത്തിന്‍െറ 15 ശതമാനം നല്‍കണം. 50 ശതമാനം തുക മേയ് ഒന്നിനോ ഐ.പി.എല്‍ അവസാനിക്കുന്നതിന് മുമ്പോ നല്‍കണം. 20 ശതമാനം ട്വന്‍റി 20 ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാലുടനും 15 ശതമാനം ഡിസംബര്‍ ഒന്നിനും നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇതില്‍ മിക്ക ഇന്ത്യന്‍ കളിക്കാര്‍ക്കും ചില വിദേശീയര്‍ക്കും ഏപ്രില്‍ ഒന്നിന് ലഭിക്കേണ്ട 15 ശതമാനം പ്രതിഫലം പോലും ലഭിച്ചിട്ടില്ല.
അതേസമയം, ഒരു കുടിശ്ശികയും ഇതുവരെ റോയല്‍ ചലഞ്ചേഴ്സ് വരുത്തിയിട്ടില്ലെന്നും പ്രതിഫലം നല്‍കാനുള്ളവര്‍ക്ക് അത് എത്രയും പെട്ടെന്ന് നല്‍കുമെന്നും വിജയ് മല്യയുടെ യു.ബി ഗ്രൂപ്പിന്‍െറ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്‍റ് പ്രകാശ് മിര്‍പൂരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus