ബോളിവുഡിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍; കൗമാര സ്വപ്നങ്ങളിലെ രാജകുമാരന്‍

ബോളിവുഡിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍; കൗമാര സ്വപ്നങ്ങളിലെ രാജകുമാരന്‍

മുംബൈ: ജീവിത ഫ്രെയിമില്‍നിന്ന് രാജേഷ് ഖന്ന വിടവാങ്ങുമ്പോള്‍ മാഞ്ഞുപോകുന്നത് 70കളില്‍ ഇന്ത്യന്‍ കൗമാര സ്വപ്നങ്ങളുടെ ഹൃദയ രക്തം ചാലിച്ചെഴുതിയ പ്രണയനായകന്‍. ബോളിവുഡിലെ ആദ്യ സൂപ്പര്‍സ്റ്റാറായി തിളങ്ങിനിന്ന രാജേഷ് ഖന്ന ആരാധകരുടെ ഭ്രാന്തമായ ആവേശമായിരുന്നു. വെള്ളിത്തിരയിലെന്നപോലെ ജീവിതത്തിലും ഇത്രമേല്‍ പ്രണയിക്കപ്പെട്ട മറ്റൊരു നായകന്‍ ഉണ്ടാകില്ല. പകരംവെക്കാനാകാത്ത വസന്തമായിരുന്നു ഹൃദയപൂര്‍വം ‘കാക്കാ ’ എന്നു വിളിക്കപ്പെട്ട രാജേഷ് ഖന്ന. കിഷോര്‍ കുമാറിന്‍െറ സ്വരമാധുരിക്കൊത്തു വെള്ളിത്തിരയില്‍ ഭാവങ്ങള്‍ പകര്‍ന്നാണ് കാക്കാ യുവതയുടെ പ്രിയനായകനായത്.

രക്തത്തില്‍ ചാലിച്ചെഴുതിയ പ്രണയ ലേഖനങ്ങളായിരുന്നു രാജേഷ് ഖന്നയെ തേടിയെത്തിയിരുന്നത്. അദ്ദേഹത്തിന്‍െറ നോട്ടത്തിനും സ്പര്‍ശനത്തിനും കാത്തുനില്‍ക്കുന്ന കൗമാരക്കാരുടെ നിര അക്കാലത്തു സാധാരണമായിരുന്നു. ആരാധനമൂത്ത് ചിലര്‍ അദ്ദേഹത്തിന്‍െറ ഫോട്ടോകളെ വരിച്ചതും അന്നത്തെ വാര്‍ത്തകളായിരുന്നു. ഹൃദയംകവര്‍ന്ന നായകനെ ഒരുനോക്കുകാണാന്‍ അര്‍ധരാത്രികളിലും പെണ്‍പട സ്റ്റുഡിയോ പരിസരങ്ങളില്‍ കാത്തുനില്‍ക്കുമായിരുന്നു. ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലുള്ള ‘ആശിര്‍വാദ് ’ ബംഗ്ളാവിനു മുമ്പിലും ദര്‍ശനംകാത്ത് കൗമാര പടയെത്തും. രാജേഷ് ഖന്നയുടെ കാമുകിമാരെ പേടിച്ചു സിനിമാ ചിത്രീകരണത്തിനു സ്ഥലങ്ങള്‍ നല്‍കാന്‍ മടിച്ചവരുമുണ്ടായി. ഹൗറാ പാലത്തിനടിയിലൂടെ നായിക ശര്‍മിള ടാഗോറിനൊപ്പമുള്ള അദ്ദേഹത്തിന്‍െറ ബോട്ടുയാത്ര ആരാധികമാരെ പേടിച്ച് അധികൃതര്‍ക്ക് വിലക്കേണ്ടിവന്നു.


ഇന്ത്യന്‍ കൗമാരങ്ങളുടെ പ്രണയാഭ്യര്‍ഥനകള്‍ക്കു നടുവില്‍ നില്‍ക്കെയാണ് ഡിംപിള്‍ കപാഡിയ എന്ന പതിനാറുകാരിയോട് ഖന്ന ജീവതസഖിയാകുമോ എന്നു ചോദിക്കുന്നത്. ‘ബോബി’ എന്ന കന്നി ചിത്രത്തില്‍ അഭിനയിച്ചതേയുള്ളൂ ഡിംപിള്‍. 1973 മാര്‍ച്ചില്‍ അവര്‍ ഖന്നയുടെ ജീവിത സഖിയായി. ഇടക്കു വര്‍ഷങ്ങളോളം ഖന്നയില്‍നിന്ന് അകന്നുനിന്നെങ്കിലും അവസാനകാലത്തു ഡിംപിള്‍ തിരിച്ചെത്തി. മരണംവരെ ഒപ്പംനിന്നു. എട്ട് ഹിറ്റ് ചിത്രങ്ങളില്‍ ഖന്നയുടെ നായികയായ മുംതാസ് അദ്ദേഹത്തിന്‍െറ വിവാഹശേഷമാണ് തന്‍െറ വിവാഹത്തിനു സമ്മതംമൂളിയത്. 1966 ല്‍ ‘ആഖിരി ഖത്ത് ’ എന്ന സിനിമയിലൂടെ രംഗപ്രവേശം ചെയ്ത ഖന്ന ‘ആരാധന’എന്ന ചിത്രത്തിലൂടെയാണ് ആരാധനാപാത്രമായി മാറിയത്. 1966 മുതല്‍ 1974 വരെ തുടര്‍ച്ചയായി 15 ഹിറ്റു സിനിമകള്‍ സമ്മാനിച്ച ഖന്നയുടെ റെക്കോഡ് ഇന്നും ബാക്കി നില്‍ക്കുന്നു. രാജേഷ് ഖന്നയുടെ വ്യക്തി പ്രഭാവം ബോംബെ സര്‍വകലാശാല സിലബസിലെ ഒരധ്യായമാണ്. ബി.ബി.സിയുടെ ഡോക്യുമെന്‍ററി ‘ബോംബെ സൂപ്പര്‍ സ്റ്റാറി’നും ഖന്ന വിഷയമായി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus