Wed, 07/18/2012 - 17:05 ( 47 weeks 5 daysago)
ട്വന്‍റി20 ലോകകപ്പ്: യുവരാജ് സാധ്യതാ ടീമില്‍
പരിക്കുകാരണം വിശ്രമിക്കുന്ന എസ്. ശ്രീശാന്തിനെ പരിഗണിച്ചില്ല
ന്യൂദല്‍ഹി: സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ശ്രീലങ്കയില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. കാന്‍സര്‍ബാധയില്‍നിന്ന് മുക്തനായ മധ്യനിര ബാറ്റ്സ്മാന്‍ യുവരാജ് സിങ്ങിനെ 30 അംഗ സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോശം ഫോം കാരണം അല്‍പകാലമായി തഴയപ്പെടുന്ന ഓഫ്സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്, 2009നുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ പന്തെറിഞ്ഞിട്ടില്ലാത്ത പേസ്ബൗളര്‍ ലക്ഷ്മീപതി ബാലാജി എന്നിവര്‍ക്കും സാധ്യതാ ടീമില്‍ ഇടം ലഭിച്ചു. പരിക്കുകാരണം വിശ്രമിക്കുന്ന മലയാളി പേസ് ബൗളര്‍ എസ്. ശ്രീശാന്തിനെ പരിഗണിച്ചില്ല.
ഐ.പി.എല്ലില്‍ തിളങ്ങിയ ഒരുപിടി താരങ്ങളെ സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ് കിങ്സ് ഇലവന്‍െറ 20കാരനായ ഓള്‍റൗണ്ടര്‍ മന്‍ദീപ് സിങ്, മുംബൈ ഇന്ത്യന്‍സ് ബാറ്റ്സ്മാന്‍ അമ്പാട്ടി റായുഡു, അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നമന്‍ ഓജ എന്നിവര്‍ ഉള്‍പ്പെട്ട ലിസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) സെക്രട്ടറി സഞ്ജയ് ജഗ്ദാലെയാണ് പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ക്യാപ്റ്റനാണ് മന്‍ദീപ് സിങ്. പത്താന്‍ സഹോദരന്മാരും സാധ്യതാ ടീമില്‍ ഇടംനേടിയിട്ടുണ്ട്.
അസുഖം ഭേദമായ ശേഷം ദേശീയ ടീമില്‍ മടങ്ങിവരവിനൊരുങ്ങുന്ന യുവരാജ് ബംഗളൂരുവിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയിലാണിപ്പോള്‍ പരിശീലിക്കുന്നത്. 2007ലെ ട്വന്‍റി20 ലോകകപ്പില്‍ ഇംഗ്ളണ്ട് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍െറ ഒരോവറില്‍ മുഴുവന്‍ പന്തുകളും സിക്സറിന് പറത്തി യുവി മിടുക്കുകാട്ടിയിരുന്നു. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ പ്ളെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റായിരുന്നു ഈ 30കാരന്‍. നമുക്കുവേണ്ടി ലോകകപ്പ് ജയിച്ച താരം ടീമിലേക്ക് തിരിച്ചുവരവ് അര്‍ഹിക്കുന്നുവെന്ന് ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു. 30 അംഗ സാധ്യതാ ടീമിലെ പകുതി പേരെ ഒഴിവാക്കി പിന്നീട് 15 അംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കും.
സാധ്യതാ ടീം: മഹേന്ദ്ര സിങ് ധോണി, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, രോഹിത്ശര്‍മ, സുരേഷ് റെയ്ന, ആര്‍. അശ്വിന്‍, പ്രഗ്യാന്‍ ഓജ, ഉമേഷ് യാദവ്, അശോക് ദിന്‍ഡ, അജിന്‍ക്യ രഹാനെ, മനോജ് തിവാരി, രാഹുല്‍ ശര്‍മ, വിനയ്കുമാര്‍, സഹീര്‍ഖാന്‍, യുവരാജ്സിങ്, റോബിന്‍ ഉത്തപ്പ, ഇര്‍ഫാന്‍ പത്താന്‍, യൂസുഫ് പത്താന്‍, മന്‍ദീപ് സിങ്, പിയൂഷ് ചൗള, രവീന്ദ്ര ജദേജ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, ഹര്‍ഭജന്‍ സിങ്, മുനാഫ് പട്ടേല്‍, നമന്‍ ഓജ, ദിനേഷ് കാര്‍ത്തിക്, പ്രവീണ്‍കുമാര്‍, എല്‍. ബാലാജി.
നിങ്ങളുടെ അഭിപ്രായങ്ങള്‍