പ്രണയനായകന്‍

പ്രണയനായകന്‍

‘മേരേ സപ്നോംകെ റാണി കബ് ആയേഗി തു...’ ഇത്രമേല്‍ പ്രണയാര്‍ദ്രമായ ഗാനവും അത് പാടി അഭിനയിച്ച നായകനെയും ആര്‍ക്കു മറക്കനാവും. ബോളിവുഡിന്‍െറ ‘റൊമാന്‍റിക് ഹീറോ’മണ്‍മറയുമ്പോഴും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒട്ടൊരുപാട് കഥാപാത്രങ്ങളും ഗാനരംഗങ്ങളും ബാക്കി നില്‍ക്കുന്നു. ലക്ഷക്കണക്കിന് ആരാധകരുടെ മനം കവര്‍ന്ന്, അഭിനയിച്ച മിക്ക സിനിമകളും വന്‍ വിജയമായ ചരിത്രമാണ് ഇന്ത്യയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ചാര്‍ത്തപ്പെട്ട രാജേഷ്ഖന്നയുടേത്.
1942ല്‍ പഞ്ചാബിലെ അമൃത്സറില്‍ ജനനം. മാതാപിതാക്കളുടെ ബന്ധുക്കളുടെ അടുത്ത് വളര്‍ന്ന ഖന്നയുടെ കുട്ടിക്കാലം ഗിര്‍ഗോണിനടുത്തെ താക്കൂര്‍ദാറിലായിരുന്നു. സ്കൂള്‍ കാലയളവില്‍ തന്നെ തിയേറ്ററില്‍ സജീവമായിരുന്നു. നിരവധി സമ്മാനങ്ങളും ഈ മിടുക്കന്‍ വാരിക്കൂട്ടി. ബോളിവുഡില്‍ തിളങ്ങി നിന്ന ആദ്യ കാലത്ത് ഫാഷന്‍ ഡിസൈനറും നടിയുമായ അഞ്ജു മഹേന്ദ്രയുമായി പ്രണയത്തിലായി. ഏഴു വര്‍ഷം നീണ്ടു നിന്ന പ്രണയം എന്നാല്‍ വിവാഹത്തില്‍ കലാശിച്ചില്ല. ഈ ബന്ധം തകര്‍ന്നതിനുശേഷം നീണ്ട 17 വര്‍ഷക്കാലം ഇവര്‍ പരസ്പരം മിണ്ടുകപോലുമുണ്ടായില്ല.
1973 മാര്‍ച്ചില്‍ പ്രമുഖ നടി ഡിമ്പിള്‍ കപാഡിയയെ തന്‍െറ ജീവിതസഖിയാക്കിയ ഖന്നയുടെ ജീവിതത്തില്‍ ഇതിനിടക്ക് ചില താളപ്പിഴകളുമുണ്ടായി. സിനിമയില്‍ തുടരാനുള്ള തീരുമാനവുമായി മുന്നോട്ടുപോയ ഡിമ്പിള്‍, രാജേഷുമായി പിരിയാന്‍ തീരുമാനിച്ചു. എന്നാല്‍, വീണ്ടും ഇവര്‍ ഒന്നിക്കുന്ന കാഴ്ചയാണുണ്ടായത്. ഈ ബന്ധത്തില്‍ രണ്ടു പെണ്‍കുട്ടികളുണ്ട്. ഇതില്‍ ട്വിങ്കിള്‍ ഖന്നയെ പ്രശസ്ത നടന്‍ അക്ഷയ് കുമാറാണ് വിവാഹം ചെയ്തത്.
ഒരുകാലത്ത് ഹിന്ദി സിനിമാ ലോകത്തെ നിറഞ്ഞാടിയ മുഖമായിരുന്നു ഖന്നയുടേത്. തുടര്‍ച്ചയായി 15 ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റാക്കിയെന്ന ചരിത്രവും ഈ നടന് സ്വന്തം. 1966 ല്‍ പുറത്തിറങ്ങിയ ‘ആഖ് രി ഖത്’ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് വിജയ ചിത്രങ്ങളുടെ പരമ്പരയായിരുന്നു. രാസ്,ബഹാരോന്‍ കി സപ്നാ,ഒറാത്,ആരാധന, അമര്‍ദീപ്, ജാന്‍വര്‍,ആവാസ്,ധന്‍വാന്‍ തുടങ്ങി നീളുന്നു ആ പട്ടിക.
1990കളുടെ ആദ്യത്തില്‍ അഭിനയത്തില്‍ നിന്ന് തല്‍ക്കാലം വിട വാങ്ങിയ ഖന്ന 91 മുതല്‍ 96 വരെ കോണ്‍ഗ്രസില്‍ നിന്ന് ന്യൂദല്‍ഹിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്‍റില്‍ എത്തി. 2000മുതല്‍ 2009 വരെയുള്ള കാലയളവില്‍ ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം കൈവെച്ചു. ഇതോടൊപ്പം പഞ്ചാബ് കേന്ദ്രീകരിച്ച് കോണ്‍ഗ്രസിനുവേണ്ടി സജീവ രാഷ്ട്രീയത്തില്‍ ശ്രദ്ധ പതിപ്പിച്ചു.
ഈ വര്‍ഷം ആദ്യത്തില്‍ തന്നെ രാജേഷ് ഖന്നയുടെ അനാരോഗ്യം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രോഗബാധിതനായ ഖന്നയെ കഴിഞ്ഞ ജൂണില്‍ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജുലൈ എട്ടിന് ആശുപത്രി വിട്ടെങ്കിലും പിന്നീട് രോഗത്തില്‍ നിന്ന് തിരിച്ചു വരവുണ്ടായില്ല. മുംബൈ ബാന്ദ്രയിലെ ബംഗ്ളാവില്‍ വെച്ച് ഭാര്യയുടെയും മക്കളുടെയും സാന്നിധ്യത്തില്‍ ഈ അഭിനയ പ്രതിഭ അന്ത്യനിദ്രയിലേക്കു മടങ്ങി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus