പത്തനംതിട്ട: പിതൃസ്മരണ പുതുക്കി സ്നാനഘട്ടങ്ങളില്‍ ബുധനാഴ്ച ആയിരങ്ങള്‍ ബലിയര്‍പ്പണം നടത്തും. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും കര്‍ക്കടക വാവിനുള്ള സൗകര്യങ്ങളൊരുക്കി. ക്ഷേത്രങ്ങളിലും പുണ്യസങ്കേതങ്ങളിലുമാണ് പ്രധാനമായും പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കുക.
വ്രതാനുഷ്ഠാനത്തോടെയാണ് ഭക്തര്‍ ചടങ്ങുകള്‍ക്കത്തെുന്നത്. പ്രധാന ക്ഷേത്രങ്ങളിലും നദീതീരങ്ങളിലുമെല്ലാം ബലി ചടങ്ങുകള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. മിക്കയിടത്തും പുലര്‍ച്ചെ നാലിന് ബലി തര്‍പ്പണം തുടങ്ങും. ഉച്ചവരെ പിതൃതര്‍പ്പണത്തിന് സമയമുണ്ട്.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവില്‍ പുലര്‍ച്ചെ നാലിന് ചടങ്ങുകള്‍ ആരംഭിക്കും.
ചെന്നീര്‍ക്കര കുന്നേല്‍ ദേവീക്ഷേത്രത്തിന്‍െറ ആഭിമുഖ്യത്തില്‍ ബുധനാഴ്ച രാവിലെ അഞ്ചുമുതല്‍ അച്ചന്‍കോവിലാറ്റിലെ തോമ്പില്‍ കടവില്‍ പിതൃബലി തര്‍പ്പണം നടക്കും. കോന്നി മങ്ങാരം ഇളങ്ങവട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വാവുബലി തര്‍പ്പണ ചടങ്ങുകള്‍ ബുധനാഴ്ച പുലര്‍ച്ചെ നാലിന് തുടങ്ങും. വാഴമുട്ടം മഹാവിഷ്ണുക്ഷേത്രത്തില്‍ രാവിലെ അഞ്ചിന് ചടങ്ങുകള്‍ ആരംഭിക്കും. വള്ളിക്കോട് തൃക്കോവില്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാവിലെ പിതൃപൂജ, തിലഹഹോമം, വിഷ്ണുപൂജ എന്നിവ നടക്കും.
വെട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ പുലര്‍ച്ചെ അഞ്ചിന് ചടങ്ങുകള്‍ ആരംഭിക്കും. പത്തനംതിട്ട വലഞ്ചുഴി ദേവീക്ഷേത്രക്കടവില്‍ പുലര്‍ച്ചെ അഞ്ചിന് കര്‍മങ്ങള്‍ തുടങ്ങും. ഇവിടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
മാലക്കര തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ പുലര്‍ച്ചെ നാലു മുതല്‍ ചടങ്ങുകള്‍ തുടങ്ങും. തട്ടയില്‍ വേണുഗോപാലക്ഷേത്രത്തില്‍ രാവിലെ ഒമ്പതുമുതലാണ് പിതൃപൂജ തുടങ്ങുക. കാട്ടൂര്‍ മഹാവിഷ്ണുക്ഷേത്രക്കടവില്‍ പുലര്‍ച്ചെ അഞ്ചുമുതലും മേലുകര ക്ഷേത്രക്കടവില്‍ 4.30 മുതലും ചടങ്ങുകള്‍ തുടങ്ങും.
റാന്നി പെരുനാട് കാക്കാട്ടുകോയിക്കല്‍ കടവില്‍ അഞ്ചിനും മാടമണ്‍ ഋഷികേശക്ഷേത്രക്കടവില്‍ പുലര്‍ച്ചെ 4.30നും ചടങ്ങുകള്‍ തുടങ്ങും. കൊടുമണ്‍ ഇടത്തിട്ടക്കാവ് കാവുംപാട്ട് ഭഗവതീക്ഷേത്രത്തില്‍ വാവുബലിയോടനുബന്ധിച്ച് പ്രത്യേക പിതൃപൂജ നടക്കും.
നരിയാപുരം മഹാദേവര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ രാവിലെ ആറിന് ചടങ്ങുകള്‍ ആരംഭിക്കും.
കോന്നി മുരിങ്ങമംഗലം മഹാദേവീക്ഷേത്രത്തില്‍ ബലിയിടീല്‍ രാവിലെ 5.30ന് തുടങ്ങും. ഐരവണ്‍ പുതിയകാവ്, ആറ്റുവശം സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ അഞ്ചിന് ചടങ്ങുകള്‍ തുടങ്ങും. കൈപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രക്കടവ് തുമ്പമണ്‍ വടക്കുംനാഥക്ഷേത്രം എന്നിവിടങ്ങളിലും രാവിലെ അഞ്ചിന് പിതൃപൂജകള്‍ തുടങ്ങും.
തിരുവല്ല പമ്പാ,മണിമല നദികളുടെ സംഗമസ്ഥാനമായ വളഞ്ഞവട്ടം കീച്ചേരിമേല്‍ കടവില്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. വള്ളംകുളം വാമനപുരം മഹാവിഷ്ണുക്ഷേത്രം, കുറ്റൂര്‍ ധര്‍മശാസ്താക്ഷേത്രം എന്നിവിടങ്ങളിലും അഞ്ചിനു ചടങ്ങുകള്‍ തുടങ്ങും.
പന്തളം: മഹാദേവ ഹിന്ദുസേവാസമിതിയുടെയും വിവിധ ഹൈന്ദവ സംഘടനയുടെയും ആഭിമുഖ്യത്തില്‍ പന്തളം മഹാദേവ ക്ഷേത്രക്കടവില്‍ ബുധനാഴ്ച പിതൃബലി തര്‍പ്പണത്തിനായി ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവിടെ നിന്ന് സ്വരുപിക്കുന്ന പണം കോന്നി ശബരി ബാലികസദനത്തിനും അടൂര്‍ ബാലാശ്രമത്തിന്‍െറയും പ്രവര്‍ത്തനത്തിന് നല്‍കും.
പുലര്‍ച്ചെ അഞ്ച് മുതല്‍ ബലി തര്‍പ്പണം ആരംഭിക്കുമെന്നും ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും വസ്ത്രങ്ങള്‍ മാറുന്നതിനും സ്ത്രീ പുരുഷന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
ബലി തര്‍പ്പണത്തിന് ബാലാശ്രമത്തിലെ കുട്ടികളും പങ്കെടുക്കും. വിശ്വഹിന്ദു പരിഷത്ത് സംഘടനാ സെക്രട്ടറി എം.കെ. അരവിന്ദന്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ ആര്‍.എസ്.എസ് താലൂക്ക് സംഘചാലക് കെ.സി. വിജയന്‍, മഹാദേവ ഹിന്ദു സേവാ സമിതി പ്രസിഡന്‍റ് അമ്പാടിയില്‍ ആനന്ദന്‍ നായര്‍, കെ.എസ്. സന്തോഷ് കുമാര്‍, ടി.എസ്.അനൂപ് എന്നിവര്‍ പങ്കെടുത്തു.
അടൂര്‍: മണ്ണടി കാമ്പിത്താന്‍ കടവില്‍ മണ്ണടി പഴയകാവ് ദേവീക്ഷേത്ര സംരക്ഷണ സമിതി നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ ആറുമുതല്‍ ബലിതര്‍പ്പണം നടക്കും. പ്രത്യേകം തയാറാക്കിയ പന്തലിലാണ് വാവുബലിക്കുള്ള ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
കോഴഞ്ചേരി: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവില്‍ 18 ന് നടക്കുന്ന കര്‍ക്കടവാവ് ബലിദര്‍പ്പണത്തിനുള്ള ക്രമീകരണം അഡ്ഹോക് കമ്മിറ്റി നേതൃത്വത്തില്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ മൂന്ന് മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. സ്ത്രീകള്‍ക്ക് ബലിതര്‍പ്പണം കഴിഞ്ഞ് വസ്ത്രം മാറുന്നതിന് പടിഞ്ഞാറ് ഭാഗത്തുള്ള ഊട്ടുപുര ക്രമീകരിച്ചിട്ടുണ്ട്.
വിശ്വബ്രാഹ്മണ സമൂഹം, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.
തൃക്കാട്ടൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണത്തിന് ഉള്ള ക്രമീകരണം നടന്നു വരുന്നു. രാവിലെ അഞ്ച് മുതല്‍ ചെറുകോല്‍ സുകുമാരന്‍നായരുടെ കാര്‍മികത്വത്തിലാണ് ബലികര്‍മം നടക്കുന്നതെന്ന് ക്ഷേത്രോപദേശകസമിതി കണ്‍വീനര്‍ ടി.ആര്‍. സുരേന്ദ്രന്‍ നായര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍