Tue, 07/17/2012 - 08:47 ( 44 weeks 2 daysago)
ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര ഡിസംബറില്‍
(+)(-) Font Size
ഇന്ത്യ-പാക് ക്രിക്കറ്റ്  പരമ്പര ഡിസംബറില്‍
ക്രിക്കറ്റ് നയതന്ത്രം വീണ്ടും

ന്യൂദല്‍ഹി: ദുര്‍ബലമായ പരസ്പര ബന്ധങ്ങള്‍ക്ക് ക്രിക്കറ്റിന്റെ പിച്ചില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ഇഴയടുപ്പം നല്‍കാന്‍ ഇന്ത്യയും പാകിസ്താനും ഒരുങ്ങുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പരമ്പരക്കായി ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ തിങ്കാളാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന ബി.സി.സി.ഐ യോഗം തീരുമാനിച്ചു. അഞ്ചുവര്‍ഷമായി മുടങ്ങിയ ഇന്ത്യാ-പാക് പരമ്പരയാണ് പുനരാരംഭിക്കുന്നത്.
ഡിസംബറില്‍ ഇന്ത്യയിലെത്തുന്ന പാക് ടീം മൂന്ന് ഏകദിനങ്ങളും രണ്ടു ട്വന്റി 20 മത്സരങ്ങളുമാണ് കളിക്കുക. വേദിയും കൃത്യമായ തിയതിയും തീരുമാനിച്ചിട്ടില്ല. ഡിസംബറിലെ ഇംഗ്ളണ്ടിന്റെ ഇന്ത്യാ പര്യടനത്തിന്റെ ഇടവേളയിലായിരിക്കും പാക് ടീം ഇന്ത്യയിലെത്തുക. മൊഹാലി, ചെന്നൈ, ദല്‍ഹി അല്ലെങ്കില്‍ ബംഗളൂരു എന്നിവയെയാണ് വേദിയായി പരിഗണിക്കുന്നത്.
ഈ മാസം അഞ്ചിന് ദല്‍ഹിയില്‍ നടന്ന ഇന്ത്യാ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് പാക് ടീമിനെ ബി.സി.സി.ഐ ക്ഷണിച്ചത്. 2007ലാണ് പാക് ക്രിക്കറ്റ് ടീം അവസാനമായി ഇന്ത്യയിലെത്തിയത്. ശേഷം 2009 ജനുവരിയില്‍ നടക്കേണ്ടിയിരുന്ന പാക് പര്യടനം മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് മുടങ്ങി. ആക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന് സര്‍ക്കാര്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ടീം ഇന്ത്യയുടെ പിന്മാറ്റം.
ഇന്ത്യാ-പാക് ക്രിക്കറ്റ് പോരാട്ടം കാണികള്‍ക്ക് പരസ്പരവൈരത്തിനിടയിലെ ത്രസിപ്പിക്കുന്ന അനുഭവമാണ്. 2011 ലോകകപ്പ് സെമി ഫൈനലിലും ഈയിടെ ഏഷ്യാകപ്പിലുമാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്. രണ്ടുകളിയിലും ഇന്ത്യക്കായിരുന്നു ജയം.
മൊഹാലിയില്‍ നടന്ന ലോകകപ്പ് സെമി മത്സരം കാണാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ക്ഷണം സ്വീകരിച്ച് അന്നത്തെ പാക് പ്രധാനമന്ത്രി റഹ്മാന്‍ മാലിക് എത്തി. ക്രിക്കറ്റ് കളി തുടരാന്‍ എല്ലാവരും ആഗ്രഹിക്കുന്നുവെന്നും 65ലെയും 71ലെയും യുദ്ധത്തിന് ശേഷവും കാര്‍ഗില്‍ ഏറ്റുമുട്ടലിന് ശേഷവും ഇന്ത്യാ -പാക് ക്രിക്കറ്റ് കളി തുടര്‍ന്നിട്ടുണ്ടെന്നും ബി.സി.സി.ഐ അംഗം കേന്ദ്രസഹമന്ത്രിയുമായി രാജീവ് ശുക്ള പറഞ്ഞു. നേരത്തെ, നിഷ്പക്ഷ വേദിയില്‍ കളിക്കാമെന്ന നിര്‍ദേശം പാക് ക്രക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്നോട്ടുവെച്ചതാണ്. പക്ഷേ, ബി.സി.സി.ഐ തീരുമാനം മാറ്റിയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus