വടക്കാഞ്ചേരി: യുവാക്കളുടെ എ.ടി.എം കാര്‍ഡും രഹസ്യ കോഡും കൈവശപ്പെടുത്തി എസ്.ബി.ടി ബ്രാഞ്ചുകളില്‍നിന്ന് പണം പിന്‍വലിച്ച വരവൂര്‍ പിലാക്കാട് വേങ്ങലപറമ്പില്‍ മുജീബിനെ (25) ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു മുജീബ്. വരവൂര്‍ സ്വദേശി രാജേഷിന്‍െറ പരാതിയെത്തെുടര്‍ന്നാണ് നടപടി.
ഇതുസംബന്ധിച്ച് പൊലീസ് എസ്.ബി.ടി വടക്കാഞ്ചേരി, ചൊവ്വന്നൂര്‍ ശാഖകളില്‍നിന്ന് സ്റ്റേറ്റ്മെന്‍റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ചൊവ്വന്നൂര്‍ ബ്രാഞ്ചില്‍നിന്ന് മാത്രമാണ് ലഭിച്ചത്. സംഭവം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ടെന്നറിയുന്നു.
വരവൂര്‍ പഞ്ചായത്തിലെ സാധാരണക്കാരായ ഏഴുയുവാക്കളെ കൊണ്ട് എസ്.ബി.ടി.യുടെ വിവിധ ശാഖകളില്‍നിന്ന് അക്കൗണ്ട് എടുപ്പിച്ച മുജീബ് എ.ടി.എം കാര്‍ഡുകളും രഹസ്യ കോഡുകളും കൈക്കലാക്കി. പ്രതിഫലമായി ചെലവ് ചെയ്യാമെന്നായിരുന്നു മുജീബിന്‍െറ വാഗ്ദാനം. ഇതിനിടെ പുത്തന്‍ വാഹനങ്ങള്‍ സ്വന്തമാക്കി ആഡംബര ജീവിതം തുടങ്ങി. യുവാവിന്‍െറ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ച നാട്ടുകാരില്‍ ആശ്ചര്യം ജനിപ്പിച്ചു. ഒരു തവണ അക്കൗണ്ട് ഉടമയായ യുവാവ് ആവശ്യപ്പെട്ട പ്രകാരം ചെലവ് ചെയ്യാന്‍ മുജീബിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഇരുവരും ഇടഞ്ഞു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
രഹസ്യ ഇടപാട് നാട്ടിലറിഞ്ഞതോടെ സുഹൃത്തുക്കളുടെ സഹായത്തോടെ അക്കൗണ്ട് ഉടമയായ യുവാവ് ബാങ്കിലന്വേഷിച്ചപ്പോള്‍ ലക്ഷങ്ങള്‍ അക്കൗണ്ടിലൂടെ വന്നുപോയ കഥയാണ് അറിഞ്ഞത്. തുടര്‍ന്ന് ചെറുതുരുത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാക്കിയുള്ളവര്‍ എരുമപ്പെട്ടിയിലും സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിക്കും പരാതി നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍