തിരുവനന്തപുരം: ചെറുനെല്ലി എസ്റ്റേറ്റ് റവന്യുഭൂമിയാണെന്ന് ഗവണ്‍മെന്‍റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. 278 ഏക്കര്‍ എസ്റ്റേറ്റ് 36 മുതല്‍ 40 വരെ ചെറുകിട കര്‍ഷകരുടെ കൈവശമാണുള്ളത്. ഭൂമിയുമായി ബന്ധപ്പെട്ട ഏതാനും രേഖകള്‍ ഹാജരാക്കിയ ജോര്‍ജ്, പാലക്കാട് ജില്ലയില്‍ തൊഴിലാളികളും കര്‍ഷകരും ഏതെങ്കിലും ഭൂമി കൈയേറിയതായി തെളിയിച്ചാല്‍ ഇപ്പോള്‍ തന്നെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും സഭയില്‍ പ്രഖ്യാപിച്ചു.
1867 സെപ്റ്റംബര്‍ 26ന് കൊച്ചി ദിവാന്‍ ശങ്കുണ്ണി മേനോനുമായി ഒപ്പിട്ട പാട്ടക്കരാര്‍ എക്കാലത്തേക്കുമെന്നാണ് പറയുന്നത്. കാലാവധിയില്ല. കരാര്‍ അനുസരിച്ച് ഭൂമി കൈമാറാനും വില്‍ക്കാനും അവകാശമുണ്ട്. വനമാക്കാന്‍ 1909ല്‍ തയാറാക്കിയ ഇരുപത്തഞ്ചിലേറെ എസ്റ്റേറ്റുകളുടെ പട്ടികയില്‍ ചെറുനെല്ലി ഉള്‍പ്പെട്ടിട്ടില്ല. 2009-10 വരെ റവന്യു വകുപ്പ് ഭൂനികുതി സ്വീകരിച്ചിട്ടുണ്ട്. 1979ല്‍ റബര്‍ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റിലാണ് റബര്‍ പ്ളാന്‍േറഷന്‍ നടക്കുന്നത്. 2010ല്‍ തൊഴില്‍ വകുപ്പ് ഇറക്കിയ ഉത്തരവില്‍ തോട്ടങ്ങള്‍ പിടിച്ചെടുത്ത് വനമാക്കുന്നതിന് പകരം തോട്ടങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുമെന്നും പറയുന്നുണ്ട്. ആരോടും ചോദിക്കാതെ വനം വകുപ്പിലെ അഹങ്കാരിയായ സി.സി.എഫ്, ഡി.എഫ്.ഒയുടെ റിപ്പോര്‍ട്ട് വാങ്ങി തോട്ടം ഇ.എഫ്.എല്‍ ആയി പ്രഖ്യാപിക്കുകയായിരുന്നുവെന്നും പി. സി. ജോര്‍ജ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍