12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

‘ആത്മഹത്യകളും അപകട മരണങ്ങളും പ്രചാരണായുധമാക്കുന്നത് ക്രിമിനല്‍ ബുദ്ധി’

കണ്ണൂര്‍: ആത്മഹത്യകളും അപകട മരണങ്ങളും സി.പി.എമ്മിനെതിരെ പ്രചാരണായുധമാക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വലതുപക്ഷ രാഷ്ട്രീയ മാധ്യമ കൂട്ടുകെട്ടാണ് ഇതിന് പിന്നില്‍. ജില്ലയിലെ ലീഗ് അണികളില്‍ തീവ്രവാദം വളര്‍ത്തുന്ന ലീഗ് എം.എല്‍.എയുടെ ക്രിമിനല്‍ ബുദ്ധിയില്‍ രൂപപ്പെട്ട ഹീന തന്ത്രമാണിത്. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും എം.എല്‍.എ തന്ത്രപൂര്‍വം ഉപയോഗപ്പെടുത്തുകയാണ്.
പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. പ്രകാശന്‍ മാസ്റ്ററുടെ മകളുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ലീഗ് എം.എല്‍.എ ആണ്.
പ്രകാശന്‍ മാസ്റ്ററുടെ മകള്‍ വന്ദന ജീവിതത്തില്‍ ഒരിക്കലും കണ്ടിരിക്കാനിടയില്ലാത്ത ഒരാളുമായി ബന്ധപ്പെടുത്തി വാര്‍ത്ത പ്രചരിപ്പിക്കുന്നതും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും ഹീനമാണ്. ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊന്ന ധനേഷിന്‍െറ കൊലയാളികളെ രക്ഷിക്കുകയെന്ന ഗൂഢലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ചാലാട്ടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സജീര്‍ മരിച്ചത് ബൈക്കപകടത്തിലാണെന്ന് ഉമ്മന്‍ ചാണ്ടിയുടെ പൊലീസ് അന്വേഷിച്ച് കണ്ടെത്തിയതാണ്. അപകട മരണവും ആത്മഹത്യയും ആര്‍.എസ്.എസ് കൊലപാതകവുമുള്‍പ്പെടെ സംഭവങ്ങളെ ബന്ധപ്പെടുത്തി കള്ള പരാതി നല്‍കിയതിനും വാര്‍ത്തയാക്കിയതിനും പിന്നില്‍ പ്രവര്‍ത്തിച്ചത് സ്ഥലം എം.എല്‍.എയാണ്.
2003 ആഗസ്റ്റ് 11ന് റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സജീവന്‍െറമരണം ആത്മഹത്യയാണെന്ന് തെളിഞ്ഞതാണ്. സജീവനെ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ ഉള്‍പ്പെടുത്തിയ ബി.ജെ.പിക്കാണ് ഇതിന്‍െറ ഉത്തരവാദിത്തം.
സജീവന്‍െറയും എന്‍.ഡി.എഫുകാര്‍ കൊലപ്പെടുത്തിയ ന്യൂമാഹി കിടാരന്‍കുന്നിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ യു.കെ. സലീമിന്‍െറയും മരണങ്ങള്‍ സി.പി.എമ്മിന്‍െറ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം നിയമപരമായും രാഷ്ട്രീയമായും നേരിടും.
ലീഗ്,എന്‍.ഡി.എഫ്, ആര്‍.എസ്.എസ്, കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍. സി.പി.എമ്മിനെതിരെ കള്ളവാര്‍ത്ത ചമക്കുന്ന മാധ്യമങ്ങളെ നിയമപരമായും അല്ലാതെയും നേരിടും.
വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ സി.പി.എമ്മിനെതിരെ യക്ഷിക്കഥകള്‍ ചമക്കുകയാണ്. മുമ്പ് തിരുവനന്തപുരത്ത് മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിച്ചതു പോലെയാണ് ടി.പി വധക്കേസിലും സി.പി.എമ്മിനെതിരെ വാര്‍ത്തകള്‍ വരുന്നത്.
നുണ വാര്‍ത്തകള്‍ക്കെതിരെ പ്രസ് കൗണ്‍സിലിനെ സമീപിക്കുന്നതുള്‍പ്പെടെ നിയമപരമായ കാര്യങ്ങള്‍ ആലോചിക്കും. സി.പി.എം പ്രവര്‍ത്തകരുടെ നേതാക്കളുടെ കുടുംബങ്ങള്‍ക്ക് സമാധാനമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബമില്ലേയെന്നും ജയരാജന്‍ ചോദിച്ചു. ഇതിനെ ജനങ്ങളെ അണിനിരത്തി എതിര്‍ക്കാനുള്ള അവകാശം സി.പി.എമ്മിനുണ്ട്.സി.പി.എമ്മിനെതിരെ നടക്കുന്ന ഗൂഢാലോചനക്കെതിരെ ജൂലൈ 23ന് ലോക്കല്‍ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിക്കുമെന്ന് ജയരാജന്‍ അറിയിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ എം.വി. ജയരാജന്‍, കെ.കെ. രാഗേഷ്, മുന്‍ എം.എല്‍.എ എം. പ്രകാശന്‍ മാസ്റ്റര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com