12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

വികസനോന്മുഖ ഭരണം, ടി പത്രപ്രവര്‍ത്തനം

വികസനോന്മുഖ ഭരണം, ടി പത്രപ്രവര്‍ത്തനം

കഴിഞ്ഞ ജനുവരിയില്‍ ആറന്മുള എയര്‍പോര്‍ട്ട് പദ്ധതി സംബന്ധിച്ച് മാധ്യമം ആഴ്ചപ്പതിപ്പില്‍ റിപ്പോര്‍ട്ട് എഴുതുന്ന പശ്ചാത്തലത്തില്‍ ഈ ലേഖകന് രണ്ടു ഫോണ്‍വിളികള്‍ വന്നു. ഒന്ന്, റിപ്പോര്‍ട്ട് എഴുതുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങളെപ്പറ്റി ഒരജ്ഞാത ‘അഭ്യുദയകാംക്ഷി’ വക മുന്നറിയിപ്പ്. രണ്ട്, റിപ്പോര്‍ട്ട് അച്ചടിച്ചശേഷമുള്ള ഭീഷണി. അത് പതിവു കലാപരിപാടിയായി കണ്ട് വിട്ടുകളഞ്ഞു. ആദ്യത്തേത് പക്ഷേ, രസാവഹമായി. മധ്യതിരുവിതാംകൂറിന്‍െറ വികസന പരിപ്രേക്ഷ്യത്തിന്മേലൊരു സ്റ്റഡി ക്ളാസ്. ഗള്‍ഫ് തൊട്ട് അമേരിക്ക വരെയുള്ള മധ്യതിരുവിതാംകൂറുകാര്‍ തിരുവനന്തപുരത്തോ നെടുമ്പാശ്ശേരിയിലോ വിമാനമിറങ്ങിയിട്ട് നാട്ടിലെത്താന്‍ പിന്നെയും മൂന്നുമണിക്കൂര്‍ റോഡ് യാത്ര ചെയ്യുന്നതിലെ ‘കഷ്ടപ്പാട്’, ശബരിമല തീര്‍ഥാടകര്‍ തീവണ്ടി പിടിച്ച് കോട്ടയത്തോ ചെങ്ങന്നൂരിലോ ഇറങ്ങേണ്ടിവരുന്നതിലെ കാഠിന്യം, ആറന്മുളക്കാര്‍ ഭൂമി വിറ്റ് കാശാക്കാന്‍ തയാറായിരിക്കെ മറ്റുള്ളവര്‍ക്കെന്താ ചൊറിച്ചില്‍... ഇത്യാദി ബോധവത്കരണം. ഒടുവിലായി ഒരുപദേശവും -‘പത്രക്കാരായാല്‍ മനോരമയും മാതൃഭൂമിയും പോലിരിക്കണം. ഈ വിഷയത്തില്‍ അവര് വികസനം മനസ്സിലാക്കി മാത്രം കാര്യങ്ങള്‍ അച്ചടിക്കുന്നത് കണ്ടില്ലേ?’
ഉപദേശം ഉള്‍ക്കൊണ്ട് ടി വികസനോന്മുഖികളുടെ ദിനചര്യ പ്രത്യേകമൊന്ന് ശ്രദ്ധിച്ചു. ആറന്മുള പ്രശ്നം, പേരിന് ലോക്കല്‍ എഡിഷന്‍െറ ഉള്‍ത്താളില്‍ തിരുകും. എയര്‍പോര്‍ട്ടിന് എതിരായ വൃത്താന്തങ്ങള്‍ അഞ്ചു സെന്‍റിമീറ്ററില്‍ കൊടുത്താല്‍ തൊട്ടടുത്ത് വെണ്ടക്ക നിരത്തിയിട്ടുണ്ടാവും -എയര്‍പോര്‍ട്ടനുകൂല വെടിവട്ടം. ദോഷം പറയരുതല്ലോ, ഈ അനുകൂല സാഹിത്യത്തിന്‍െറ ഹോള്‍സെയില്‍ ഡീലര്‍ സ്ഥലം എം.പി ആന്‍േറാ ആന്‍റണി തന്നെയായിരുന്നു. ടിയാനെ തരംപോലെ മാര്‍ക്കറ്റ് ചെയ്യുക മാത്രമാണ് മേപ്പടി പത്രങ്ങള്‍ അനുഷ്ഠിച്ചുപോന്ന ധര്‍മം.
ഏതായാലും ആഴ്ചപ്പതിപ്പ് പുറത്തിറങ്ങിയതോടെ ആറന്മുളക്കാര്‍ക്കുണ്ടായിരുന്ന അഥവാ അവരില്‍ ടി വികസനോന്മുഖ കറക്കുകമ്പനികളെല്ലാംകൂടി ഉണ്ടാക്കിയിരുന്ന ആശയക്കുഴപ്പം മാറി. മുമ്പ്, കാര്യബോധമുള്ള ചില സ്ഥലവാസികള്‍ ഇതൊരു ഭൂമികവരലാണെന്ന് പറഞ്ഞതില്‍ പല തദ്ദേശീയര്‍ക്കും അത്ര വിശ്വാസം വന്നിരുന്നില്ല. പോരെങ്കില്‍, ജനപ്രതിനിധിയുടെ വികസനാതിസാര പ്രഘോഷണവും. ആശയക്കുഴപ്പം മാറിയതോടെ ആറന്മുളയില്‍ സമരസമിതികള്‍ ഉഷാറായി. സി.പി.എം തൊട്ട് ബി.ജെ.പി വരെ, പള്ളിയോട സംഘം തൊട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍വരെ രംഗത്തിറങ്ങി. സുഗതകുമാരി ഹൈകോടതിയിലും പോയി. ഒരജണ്ടക്കുമേല്‍ ഒരു ചെറുദേശത്തുണ്ടായ ഈ സംഘടനാബാഹുല്യം ലക്ഷ്യത്തെ അട്ടിമറിക്കുമെന്ന് പെട്ടെന്നുതോന്നാം. രസം മറിച്ചാണ്. എയര്‍പോര്‍ട്ട് ലോബി കാശും സ്വാധീനവുംകൊണ്ട് ഇതില്‍ കുറേ എണ്ണത്തെ റാഞ്ചിയാല്‍പോലും പിന്നെയും ശേഷിക്കും സമരവിത്തുകള്‍. അതാണ് ഏകത്വത്തിലെ നാനാത്വംകൊണ്ട് ഗുണം, അഥവാ വികസനവിരുതന്മാര്‍ക്കുള്ള കെണി.
ഈ കെണി അഴിച്ചെടുക്കുന്ന പരിപാടിയാണ് നാടകത്തിലെ അടുത്ത രംഗം. പത്രങ്ങളിലെല്ലാം ‘വിമാനക്കമ്പനി’ വക വമ്പന്‍ പരസ്യം. നാട്ടാരുടെ ആശങ്ക നീക്കാനെന്നവണ്ണം കമ്പനിയുടെ മഹത്തായ ‘വികസന’ ലക്ഷ്യങ്ങളുടെ വിളംബരം. ഉടനെ നമ്മുടെ നിത്യവികസനോന്മുഖികള്‍ സ്വന്തം പെരുമ്പറ മുഴക്കുന്നു -‘ഞങ്ങള്‍ നേരത്തേ പറഞ്ഞില്ലേ, ദേ ഇതാണ് വസ്തുത.’
വസ്തുത എന്താണ്? കടമ്മനിട്ടയില്‍ സ്വകാര്യ എന്‍ജിനീയറിങ് കോളജ് നടത്തിവരുന്ന കെ.ജെ. എബ്രഹാമിന് തന്‍െറ കോളജില്‍ എയ്റോനോട്ടിക്കല്‍ കോഴ്സ് തുടങ്ങാനാശ. ആയതിന് ഒരു എയര്‍സ്ട്രിപ്പെങ്കിലും സ്വന്തമായി വേണമെന്ന് നിയമം. അതിനു പറ്റിയ സ്ഥലം തേടിയിറങ്ങിയ ടിയാന്‍െറ കണ്ണില്‍ ആറന്മുളയിലെ വിശാലമായ പാടശേഖരം പെടുന്നു. 15 ഏക്കറില്‍ കൂടുതല്‍ ഒരാള്‍ക്ക് ഉടമസ്ഥത പാടില്ലെന്ന മിച്ചഭൂമി നിയമം പാടം വാങ്ങിക്കൂട്ടുന്നതിന് തടസ്സമായി. ഉടനെ, കോഴഞ്ചേരി ചാരിറ്റബ്ള്‍ എജുക്കേഷന്‍ സൊസൈറ്റിയുണ്ടാക്കി സ്ഥലമെടുപ്പ് തുടങ്ങുന്നു. വടക്കെ അമേരിക്കന്‍ മലയാളി കൂട്ടായ്മയായ ഫൊക്കാനയിലെ ചില ചങ്ങാതികളെ കൂട്ടി (10 ലക്ഷം വെച്ച് ഓഹരിയെടുപ്പിച്ച്) വിമാനത്താവള പദ്ധതിയായി സംഗതി വിപുലപ്പെടുത്തുന്നു: പണി പാളിയപ്പോള്‍ എബ്രഹാം തലയൂരി. വാങ്ങിക്കൊടുത്ത ഭൂമി ചില ഇടനിലക്കാര്‍ വഴി ചെന്നെയിലെ ഒരു പുതുസംഘത്തിന് മറിയുന്നു -കെ.ജി.എസ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക്. കുമാരന്‍ -ജിജി- ഷണ്‍മുഖം കൂട്ടുകൃഷിയാണീ കെ.ജി.എസ്. (ഇതിലെ ജിജി ആറന്മുളക്കടുത്ത് ഇലന്തൂരില്‍നിന്നുള്ള ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്.)
പുതിയ കൂട്ടര്‍ ലൈന്‍ പരിഷ്കരിച്ചു. ഒരു ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിനാണ് അവര്‍ വ്യവസായവകുപ്പിന് അപേക്ഷ കൊടുത്തത്. വകുപ്പ് അത് മന്ത്രിസഭക്ക് വിടുന്നു. വിമാനത്താവളം തുടങ്ങാന്‍ വേണ്ടത്ര സ്ഥലം സ്വന്തമായുള്ളപക്ഷം അപേക്ഷ തത്ത്വത്തില്‍ അംഗീകരിക്കാന്‍ അന്നത്തെ ഇടതുപക്ഷ മന്ത്രിസഭ തീരുമാനിക്കുന്നു. എബ്രഹാമില്‍നിന്ന് 50 കോടി മുഖവില കാണിച്ച് 75ഓളം ആധാരങ്ങള്‍ നടത്തിയതല്ലാതെ പോക്കുവരവ് നടത്താന്‍ കമ്പനിക്ക് കഴിഞ്ഞില്ല. കാരണം വയല്‍നികത്തലിനെതിരായ നിയമവും മിച്ചഭൂമി നിയമവും. സ്വന്തമായി ഭൂമിയുണ്ടെങ്കില്‍ മാത്രം അംഗീകാരം എന്ന മന്ത്രിസഭാ തീരുമാനപ്രകാരം ഈ പദ്ധതി മുന്നോട്ടുനീക്കാന്‍ പറ്റില്ലെന്നര്‍ഥം -കമ്പനിക്ക് നിയമപരമായി ഇപ്പറയുന്നത്ര ഭൂമി സ്വന്തമായില്ല. എന്നിട്ടും വ്യവസായ വകുപ്പിന് വീണ്ടും അപേക്ഷ കൊടുക്കുന്നു -350 ഏക്കര്‍ സ്വന്തമാണെന്ന് പറഞ്ഞ്, മറ്റൊരു 150 ഏക്കര്‍കൂടി ഏറ്റെടുത്തുതരാന്‍. അച്യുതാനന്ദന്‍െറ ഗ്രൂപ്പുകാരനും സ്ഥലം എം.എല്‍.എയുമായ രാജഗോപാലന്‍ കമ്പനിക്ക് വേണ്ടി എഴുതിയ നിവേദനം മാനിച്ച് സാക്ഷാല്‍ അച്യുതാനന്ദന്‍ അതിനുവേണ്ട ഒത്താശയും ചെയ്യുന്നു -തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭരണം മാറി. മുമ്പ് എതിര്‍ത്തിരുന്ന യു.ഡി.എഫുകാര്‍ ഉടനടി കമ്പനി വക്താക്കളായി. വികസനാതിസാരം ആറന്മുളക്കാര്‍ക്കുമേല്‍ ചൊരിഞ്ഞു തുടങ്ങി. ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് തുടങ്ങാന്‍ ചില വ്യവസ്ഥകളുണ്ട്. മറ്റു വിമാനത്താവളങ്ങളില്‍ തിരക്കേറുമ്പോള്‍ മിനിമം 150 കിലോമീറ്റര്‍ (വ്യോമദൂരം) അകലത്തായി ഗ്രീന്‍ഫീല്‍ഡ് തുടങ്ങാം. അതിന് പക്ഷേ, വ്യോമ മന്ത്രാലയം, പ്രതിരോധ വകുപ്പ്, പരിസ്ഥിതി വകുപ്പ്, തൊട്ട് ലോക്കല്‍ ജനസഭ വരെ അംഗീകാരം കൊടുക്കേണ്ടതുണ്ട്. കേരളത്തിനാകെയുള്ള വ്യോമദൂരപരിധി 600 കിലോമീറ്റര്‍. അതില്‍തന്നെ 150 കിലാമീറ്റര്‍ ഇടവിട്ട് നാല് വിമാനത്താവളങ്ങളുണ്ട്. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, നിര്‍ദിഷ്ട കണ്ണൂര്‍. കൊച്ചിയില്‍നിന്ന് 150 കിലോമീറ്റര്‍ ദൂരം പോലുമില്ലാത്ത ആറന്മുളയില്‍ പുതിയൊരെണ്ണം പണിതാല്‍ കൊച്ചി നഷ്ടത്തിലാകും. കാരണം, അവിടുത്തെ യാത്രക്കാരില്‍ 35 ശതമാനം മധ്യതിരുവിതാംകൂറുകാരാണ്. (ഇപ്പോള്‍തന്നെ എയര്‍ഇന്ത്യയടക്കം കേരളത്തിലെ വിമാന സര്‍വീസുകള്‍ പലതും നഷ്ടക്കച്ചോടം പറഞ്ഞ് റദ്ദാക്കലാണ് പതിവ്.) സ്വാഭാവികമായും വ്യോമയാന വകുപ്പ് അനുമതി കൊടുത്തില്ല. ഐ.എന്‍.എസ് ഗരുഡയുടെ ഫ്ളയിങ് സോണില്‍ വരുന്ന പ്രദേശമായതിനാല്‍ പ്രതിരോധ വകുപ്പും പച്ചക്കൊടി കാട്ടിയില്ല. എന്നാല്‍, യു.ഡി.എഫ് അധികാരമേറ്റ താമസം ഇപ്പറഞ്ഞ വകുപ്പുകള്‍ പ്ളേറ്റ് തിരിച്ചുവെക്കുന്നു. സ്ഥലം എം.പി വഴി കമ്പനി വലിച്ച ചരടുകളുടെ ഗുണഫലം. പ്രതിഷേധം ശക്തമായപ്പോള്‍ 500 ഏക്കറൊഴികെ ചുറ്റുവട്ടത്ത് നോട്ടിഫൈ ചെയ്ത സ്ഥലങ്ങള്‍ ഡീനോട്ടിഫൈ ചെയ്യാമെന്നായി സര്‍ക്കാര്‍. എന്നുവെച്ചാല്‍, കൈയടക്കിയ 500 കൈയിലിരിക്കും. ബാക്കി വേണ്ടത് കമ്പനിക്ക് നേരിട്ട് നാട്ടാരില്‍നിന്ന് വിലപറഞ്ഞുറപ്പിക്കാം. സര്‍ക്കാര്‍ എല്ലാം അംഗീകരിക്കുന്നു.
ഇവിടെയാണ് നിലവിലെ ഭൂനിയമങ്ങള്‍ എടങ്ങേറാവുക. ഒന്ന് മിച്ചഭൂമി നിയമം. രണ്ട്, വയല്‍ നികത്തല്‍ നിരോധന നിയമം -2008. അവ മറികടക്കാനുള്ള തന്ത്രങ്ങളായിരുന്നു അനന്തര ഗഡു. വ്യവസായ മേഖലയായി പ്രഖ്യാപിച്ചാല്‍ പിന്നെ 15 ഏക്കറില്‍ കൂടുതല്‍ ഉടമസ്ഥാവകാശം ഒരാള്‍ക്ക് പറ്റില്ലെന്ന മിച്ചഭൂമി നിയമത്തെ കടത്തിവെട്ടാം. ശിഷ്ടം, വയല്‍നികത്തല്‍ നിയമം. അതിനുള്ള ഗൂഢനീക്കമാണ് കഴിഞ്ഞ ഫെബ്രുവരിയിലെടുത്ത മന്ത്രിസഭാ തീരുമാനം -2005 വരെ നികത്തിയ വയല്‍ഭൂമിയെ കരഭൂമിയായി കണക്കാക്കുമെന്ന പുതിയ അംഗീകാരം. ഈ തട്ടിപ്പിന് വ്യാപകമായ എതിര്‍പ്പുയരുമെന്നും പിടിച്ചുനില്‍ക്കാന്‍ വേണ്ട ഭൂരിപക്ഷം സര്‍ക്കാറിനില്ലെന്നും ബോധ്യമുണ്ടായിരുന്നതിനാല്‍ തീരുമാനം ഗോപ്യമാക്കിവെച്ചു. നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പുകള്‍ ജയിച്ചാല്‍ ഭൂരിപക്ഷം ഉറപ്പിച്ചിട്ട് തീരുമാനം പരസ്യമാക്കാം. പിന്നെന്തിന് നേരത്തേ തീരുമാനമെടുത്തു? ഉത്തരം ലളിതം -തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരായി മാറിക്കഴിഞ്ഞിരുന്ന കമ്പനിക്കാരെ ‘ഒത്താശ’ ബോധ്യപ്പെടുത്താനുള്ള ബാധ്യത, തിടുക്കം. ഉപതെരഞ്ഞെടുപ്പ് ജയിച്ച് ഇരിപ്പിടം ഭദ്രമാക്കി, പ്രതിപക്ഷം വേണ്ടത്ര അലമ്പിലും. ഈ തക്കത്തിന് രഹസ്യ തീരുമാനം പരസ്യമാക്കുന്നു. അതുതന്നെ, ആറന്മുളയിലെ 2000 ഏക്കര്‍ ഡീനോട്ടിഫൈ ചെയ്യുന്നു എന്ന ഭംഗിവാക്ക് ഉറക്കെപറഞ്ഞ് ജനതൃപ്തി വരുത്തുന്നു എന്ന മട്ടിലാണ്. മിച്ചഭൂമി നിയമം ലംഘിച്ചും ഒരു ദേശത്തിന്‍െറ പാരിസ്ഥിതിക മര്‍മങ്ങളായ പാടശേഖരവും മുഖ്യ നീര്‍ത്തടവും (കോഴിത്തോട്) നികത്തിയും കൈവശമാക്കിയ 500 ഏക്കറിനെ കമ്പനി വകയായി സര്‍ക്കാര്‍ അംഗീകരിക്കുന്നു എന്നതാണ് ഈ വിളംബരത്തിന്‍െറ മര്‍മം.
ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ സ്വാധീനവലയില്‍ അച്യുതാനന്ദന്‍ മുതല്‍ ഉമ്മന്‍ചാണ്ടിവരെ രാഷ്ട്രീയ ചക്രവാളത്തിലെ വ്യത്യസ്ത കഥാപാത്രങ്ങളെല്ലാം തരാതരം വീണ ഈ ഭൂമികവര്‍ച്ചാ നാടകത്തിലെ രസങ്ങള്‍ തീരുന്നില്ല. മുമ്പ് കമ്പനിക്ക് ഒത്താശ ചെയ്ത അച്യുതാനന്ദന്‍ ഇപ്പോള്‍ പദ്ധതിയെ മൊത്തത്തില്‍ എതിര്‍ക്കുന്നു. ആ പഴയ ഒത്താശക്കഥ ചൂണ്ടിക്കാട്ടി ചാണ്ടി പരിഹസിക്കുന്നു. അവസാന ചിരി പക്ഷേ, രണ്ടാള്‍ക്കുമല്ല -ഇരുപക്ഷത്തെയും കുപ്പിയിലിറക്കിയ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക്. കാശ് ഇമ്മിണി ചെലവായാലെന്താ, കാര്യം സാധിക്കുകയല്ലേ? അങ്ങനെ എല്ലാ നടീനടന്മാരും വിജയിക്കുന്ന നാടകത്തില്‍ ഗോപി വരക്കുന്നത് സ്ഥിരംകക്ഷികള്‍ തന്നെ -പ്രജകള്‍.
ജനസമ്പര്‍ക്ക പരിപാടിക്കിടെ കിട്ടിയ ആവലാതികളാണ് വയല്‍നികത്തല്‍ നിയമത്തെ വെള്ളത്തിലാക്കി ‘പുതിയ’ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നതാണ് ചാണ്ടി നിയമസഭയില്‍ പറഞ്ഞ ന്യായം. എങ്കില്‍, ടി ആവലാതിക്കാരുടെ പേരുവിവരവും ആവലാതിക്കാധാരമായ പുരയിടങ്ങളുടെ നിജസ്ഥിതിയും പ്രസിദ്ധപ്പെടുത്തുമോ? അപ്പോള്‍പോലും ആ പട്ടികയില്‍ കെ.ജി.എസ് എന്നൊരു ആവലാതിക്കാരനുണ്ടാവില്ല. അങ്ങനെയാണ് എക്കാലവും വമ്പന്‍സ്രാവുകളുടെ കളി. പുതിയ പ്രഖ്യാപനം ഭൂമാഫിയകളെ സഹായിക്കാനുതകുമെന്ന് വി.എം. സുധീരന്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ആരൊക്കെയാണ് ഈ തീരുമാനത്താല്‍ സേവിതരാകുന്ന കരപ്രമാണികളെന്ന് ടിയാനും നിശ്ചയമില്ല. ഉറപ്പിച്ചുപറയാവുന്ന ഒരു സ്രാവിന്‍െറ പേര് ഇങ്ങനെയെഴുതാം -കെ.ജി.എസ്.
നാട്ടുകാരെ ഗോപി വരപ്പിക്കുന്ന കലാ പരിപാടി ഇവിടെ അവസാനിക്കുകയല്ല, അടുത്ത റൗണ്ടിലേക്ക് കടക്കുക മാത്രമാണ്. വ്യവസായ പ്രദേശമായി പ്രഖ്യാപിച്ച് കിട്ടുന്ന 500 ഏക്കറിന് പിന്നിലെ മിച്ചഭൂമി, വയല്‍നികത്തല്‍ പ്രതിബന്ധങ്ങള്‍ ഇതോടെ തീര്‍ന്നുകിട്ടി. ഇനി വിമാനത്താവള വികസനം എന്നുപറഞ്ഞ് കമ്പനി കൂടുതല്‍ ഭൂമി സര്‍ക്കാറിനോടാവശ്യപ്പെടും. കിട്ടിയില്ലെങ്കില്‍ സംരംഭം നഷ്ടത്തിലായെന്നു പറഞ്ഞ് നഷ്ടപരിഹാരം തേടും. അവിടെവെച്ച് സര്‍ക്കാര്‍ ‘കിന്‍ഫ്ര’യെ ഇറക്കും. വ്യവസായ വികസനത്തിനെന്നും പറഞ്ഞ് ഏകജാലക സംവിധാനം വെച്ച് കിന്‍ഫ്രക്ക് ചുറ്റുവട്ടം ഏറ്റെടുക്കാം. നഷ്ടപരിഹാരത്തുക 1000/1500 കോടിയാവുമ്പോള്‍ കിന്‍ഫ്ര താല്‍പര്യമുള്ള മറ്റു കക്ഷികളെ ക്ഷണിക്കും. ഇപ്പോള്‍ ബി ടീമിനെ വെച്ചുകളിക്കുന്ന റിലയന്‍സ് പോലുള്ള വമ്പന്മാര്‍ രംഗത്തുവരും. 1500 കോടി വെറുംചില്ലറ മാത്രമായ അവര്‍ നിസ്സാരമായി ഭൂമി കവരും. അതിനകം കെ.ജി.എസ് സ്വന്തം നിലക്ക് നാട്ടുകാരില്‍നിന്ന് വാങ്ങിയെടുത്ത വകയും ഇപ്പോഴത്തെ 500 ഏക്കറും ചേര്‍ത്ത് ഭേദപ്പെട്ടൊരു പറുദീസ ചുളുവില്‍ ഒപ്പിച്ചുകഴിഞ്ഞിരിക്കും. നികത്തിയ പാടങ്ങളും നീര്‍ത്തടങ്ങളുമൊക്കെ ഗോവിന്ദ! ഇങ്ങനൊക്കെയല്ലേ ഓണം കേറാമൂലകളില്‍ വികസനം വരുത്തുക?
കേരളത്തിലെ ഓണം കേറാമൂലക്കാര്‍ക്കൊരു ഗുണപാഠം: നിങ്ങളുടെ കുഗ്രാമങ്ങളില്‍ ഓരോ വിമാനത്താവള പദ്ധതിയിടുക. അതിന് പറ്റിയ റിയല്‍ എസ്റ്റേറ്റ് മാഫിയകളെ ക്ഷണിക്കുക. വിദഗ്ധോപദേശത്തിന് ആന്‍േറാ ആന്‍റണിമാരെയും. ബാക്കിയൊക്കെ നമ്മുടെ വികസനോന്മുഖീ പത്രികകള്‍ നോക്കിക്കോളും.
n


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com