ന്യൂദല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് അടക്കമുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥരെ മാനനഷ്ടക്കേസില്‍ ‘പ്രതികളായി’ വിളിപ്പിക്കാനുള്ള ദല്‍ഹി കോടതി ഉത്തരവ് റദ്ദാക്കാന്‍ ദല്‍ഹി ഹൈകോടതി വിസമ്മതിച്ചു. തങ്ങളുടെ വാദം വിചാരണ കോടതിക്കു മുമ്പാകെ നിരത്താന്‍ ഹൈകോടതി ജസ്റ്റിസ് പി.കെ. ഭാസിന്‍ നിര്‍ദേശിച്ചു. ജനറല്‍ വി.കെ. സിങ്ങിന് പുറമെ എതിര്‍കക്ഷികളാക്കിയ കരസേനയുടെ ഉപമേധാവി എസ്.കെ. സിങ്, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരായ ലഫ്റ്റനന്‍റ് ജനറല്‍ ബി.എസ്. താക്കൂര്‍, മേജര്‍ ജനറല്‍ എസ്.എല്‍. നരസിംഹന്‍, ലഫ്റ്റനന്‍റ് കേണല്‍ ഹിറ്റന്‍ സ്വാനെ എന്നിവരെയാണ് കോടതി വിളിപ്പിച്ചിരുന്നത്.
മുന്‍ ലഫ്റ്റനന്‍റ് ജനറല്‍ തേജീന്ദര്‍ സിങ് നല്‍കിയ മാനനഷ്ടക്കേസിലാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ജേ തെരേജ, സിങ്ങിനെ കോടതി കയറ്റാന്‍ ഉത്തരവിട്ടത്. കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് ഹരജിയില്‍ തേജീന്ദര്‍ ബോധിപ്പിച്ചിരിക്കുന്നത്. തനിക്ക് മാനഹാനി വരുത്താന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്നിരിക്കെ ഇത്തരമൊരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കാനും അവര്‍ക്ക് അധികാരമില്ല. അതിനാല്‍ സൈനിക ഉദ്യോഗസ്ഥരുടെ നടപടി നിയമവിരുദ്ധമാണെന്നും ഇതിലൂടെ ഔദ്യാഗിക പദവിയെയും അധികാരത്തെയുമാണ് അവര്‍ നിന്ദിച്ചതെന്നും തേജീന്ദറിന്‍െറ അഭിഭാഷകന്‍ വാദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍