Mon, 07/16/2012 - 23:32 ( 43 weeks 6 daysago)
ലണ്ടന്‍ ഒളിമ്പിക്മയം: അത്ലറ്റുകള്‍ വിമാനമിറങ്ങി
(+)(-) Font Size
ലണ്ടന്‍ ഒളിമ്പിക്മയം: അത്ലറ്റുകള്‍  വിമാനമിറങ്ങി

ലണ്ടന്‍: ഭൂമിയിലെ ഏറ്റവും വലിയ കായിക പോരാട്ടത്തില്‍ മാറ്റുരക്കാനായി അവര്‍ സ്വപ്നഭൂമിയില്‍ ഇറങ്ങിത്തുടങ്ങി. ലോകം ആവേശത്തോടെ കാത്തിരുന്ന ലണ്ടന്‍ ഒളിമ്പിക്സിലേക്ക് 10 നാള്‍ മാത്രം ശേഷിക്കുമ്പോള്‍ ഒളിമ്പിക്സ് ലഹരിയിലമര്‍ന്ന മഹാനഗരിയിലേക്ക് കായിക താരങ്ങള്‍ എത്തിത്തുടങ്ങി. ഒളിമ്പിക്സിനായി ഒരുക്കിയ അത്ലറ്റ്സ് വില്ലേജിന്‍െറ വാതിലുകളും തിങ്കളാഴ്ച മുതല്‍ താമസക്കാര്‍ക്കു മുമ്പാകെ തുറന്നു.
കായികമാമാങ്കത്തിന്‍െറ സുരക്ഷ സംബന്ധിച്ച് ചോദ്യം ഇനിയും അവശേഷിക്കുമ്പോഴാണ് യൂറോപ്പിലെ ഏറ്റവും വിശാലമായ വിമാനത്താവളം ഹീത്രു വഴി കായികതാരങ്ങള്‍ സ്വപ്നഭൂമി തേടിയെത്തിയിരിക്കുന്നത്.
വര്‍ഷങ്ങളായി നീളുന്ന ഒളിമ്പിക്സ് സന്നാഹത്തിനിടെ ഹീത്രു വിമാനത്താവളത്തിലും തിങ്കളാഴ്ച മേളയുടെ തിരക്കറിയിച്ചുകൊണ്ടായിരുന്നു യാത്രക്കാരെത്തിയത്. സാധാര ദിനങ്ങളില്‍ 1,90,000 വരെ ആളുകളെത്തുന്ന ഹീത്രുവില്‍ തിങ്കളാഴ്ച 2,37,000 പേര്‍ വിമാനമിറങ്ങി. അത്ലറ്റുകളും ഒഫീഷ്യലുകളും മാധ്യമ പ്രവര്‍ത്തകരുമടങ്ങിയ സംഘത്തിന് തിരക്കില്ലാതെ ഒളിമ്പിക്സ് നഗരിയിലെത്താനുള്ള ഗെയിംസ് ഇടനാഴിയും ഇന്നലെ മുതല്‍ സജീവമായി. ഹീത്രു വിമാനത്താളവളത്തില്‍ നിന്നും ഗെയിംസ് വില്ലേജിലേക്ക് നയിക്കുന്ന പാതയാണിത്.
500 വളന്‍റിയര്‍മാരെയാണ് തിങ്കളാഴ്ച ഹീത്രുവില്‍ അത്ലറ്റുകളെയും ഒഫീഷ്യലുകളെയും കൈകാര്യം ചെയ്യാനായി നിയോഗിച്ചത്. 20 ഭാഷകള്‍ വരെ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളും സജ്ജമാക്കി. നൂറിലേറെ എമിഗ്രേഷന്‍ ഏജന്‍റുമാരാണ് അത്ലറ്റുകള്‍ക്കായി ഒരുങ്ങിയത്.
ആദ്യമെത്തിയ സംഘത്തിലെ പ്രമുഖരായ ഹോളണ്ട് ബീച്ച്വോളി സംഘം ലണ്ടന്‍ നഗരത്തിന്‍െറ സന്നാഹത്തിലെ അദ്ഭുതം മറച്ചുവെച്ചില്ല. കിഴക്കന്‍ ലണ്ടനിലെ ഒളിമ്പിക് പാര്‍ക്കും താരങ്ങളെത്തിത്തുടങ്ങിയതോടെ സജീവമായി. 11 റസിഡന്‍ഷ്യല്‍ ബ്ളോക്കുകളിലായി 2818 അപാര്‍ട്മെന്‍റുകളാണ് ഒളിമ്പിക്സ് വില്ലേജില്‍ കായിക താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കുമായി ഒരുക്കിയിട്ടുള്ളത്. വില്ലേജില്‍ താമസം തുടങ്ങിയ ആസ്ട്രേലിയന്‍ ടീം വര്‍ണചമയങ്ങളും ബാനറുകളുമായി തങ്ങളുടെ മേഖല പ്രഖ്യാപിച്ചു കഴിഞ്ഞു. ഓസീ... ഓസീ... എന്ന ബാനറുകളാണ് ബ്ളോക്കില്‍ ഉയര്‍ത്തിയത്.
എന്നാല്‍, ലണ്ടനിലിറങ്ങിയ അമേരിക്കയുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സിലെ ഇരട്ട ലോകചാമ്പ്യന്‍ കെരോണ്‍ ക്ളെമന്‍റിന്‍െറ ട്വീറ്റ് സംഘാടകര്‍ക്ക് അത്ര സുഖകരമായില്ല. നാലു മണിക്കൂര്‍ ട്രാഫിക്കില്‍ നഷ്ടമായതായി അറിയിച്ച താരം ലണ്ടനിലെ ആദ്യ അനുഭവം അത്ര രസിച്ചില്ലെന്നും തുറന്നടിച്ചു.
അതേസമയം, സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വീഴ്ചയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിയോഗിച്ച 3500 സൈനികര്‍ക്കു പുറമെ സുരക്ഷാ ഡ്യൂട്ടിക്കായി കൂടുതല്‍ പേരെ സംഘാടക സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍റര്‍ നാഷനല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് ജാക്വിസ് റോഗും കൂടുതല്‍ സൈന്യത്തെ വിട്ടു നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യമുന്നയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus