Mon, 07/16/2012 - 23:28 ( 44 weeks 3 daysago)
താരകുടുംബങ്ങള്‍ക്ക് ടിക്കറ്റില്ല; മേലധികാരികള്‍ക്ക് സുഖവാസം
(+)(-) Font Size
താരകുടുംബങ്ങള്‍ക്ക് ടിക്കറ്റില്ല; മേലധികാരികള്‍ക്ക് സുഖവാസം

ന്യൂദല്‍ഹി: സാനിയ മിര്‍സയുടെ മാതാവ് നസീമയെ ഒളിമ്പിക്സ് വനിതാ ടെന്നിസ് ടീം മാനേജറായി നിയോഗിച്ചത് അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍. ടെന്നിസ് ഇതുവരെ കളിച്ചിട്ടില്ലാത്ത, പരിശീലകയായി ആരുമറിയാത്ത നസീമയെ പരിചയസമ്പത്തിന്‍െറ അടിസ്ഥാനത്തിലാണ് ഒളിമ്പിക്സ് ടീം മാനേജറായി തെരഞ്ഞെടുത്തതെന്ന് വിശദീകരണമിറക്കിയത് ടെന്നിസ് അസോസിയേഷന്‍തന്നെ. അന്താരാഷ്ട്ര മത്സരവേദികളില്‍ മകള്‍ക്ക് കൂട്ടുപോയതാണ് നസീമയുടെ വിശാലമായ പരിചയസമ്പത്ത്. സാനിയയും രശ്മി ചക്രവര്‍ത്തിയും അടങ്ങിയ ഡബ്ള്‍സ് ടീമിന്‍െറ മാനേജറായാണ് നസീമയെ ലണ്ടനിലേക്ക് അയക്കുന്നത്. ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി വിവാദത്തിന് പരിഹാരമായി സാനിയയെ ടെന്നിസ് അസോസിയേഷന്‍ ഉപയോഗിച്ചതിന് അനുരഞ്ജനമെന്ന നിലയിലാണ് നസീമയെ ടീം മാനേജറാക്കിയതെന്നാണ് പ്രധാന ആരോപണം. നിയമനത്തില്‍ വിശദീകരണം തേടി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും കഴിഞ്ഞദിവസം രംഗത്തെത്തി.
ഒളിമ്പിക്സ് ഒഫിഷ്യലായി സാനിയയുടെ മാതാവ് ലണ്ടനിലേക്ക് പറക്കാനൊരുങ്ങുമ്പോള്‍ മറ്റു ഒളിമ്പ്യന്മാരുടെ രക്ഷിതാക്കള്‍ ലണ്ടനിലേക്കൊരു പാസ് ഒപ്പിക്കാനുള്ള വെപ്രാളത്തിലാണ്. ഒളിമ്പിക് അസോസിയേഷന്‍െറയും സര്‍ക്കാറിന്‍െറയും ചിലവില്‍ കായിക മേലധികാരികള്‍ സുഖവാസത്തിനായ് പറക്കുമ്പോഴാണ് അത്ലറ്റുകള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആത്മവിശ്വാസം നല്‍കുന്ന കുടുംബങ്ങളുടെ സാന്നിധ്യം നിഷേധിക്കപ്പെടുന്നത്.

സൈനയുടെ അച്ഛന്‍ ടി.വിയില്‍ കാണും

ബാഡ്മിന്‍റണിലെ ലോക അഞ്ചാം നമ്പര്‍ താരവും ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ ഫേവറിറ്റുമായ സൈന നെഹ്വാളിനെ പിന്തുണക്കാന്‍ ലണ്ടനില്‍ കുടുംബമുണ്ടാവില്ല. പിതാവ് ഡോ. ഹര്‍വിര്‍ സിങ് ഒളിമ്പിക്സിന് പോകുമെന്നായിരുന്നു നേരത്തേ അറിയിച്ചതെങ്കിലും ടിക്കറ്റോ പാസോ ലഭ്യമല്ലാത്തതു കാരണം ലണ്ടന്‍ യാത്ര ഉപേക്ഷിച്ചു. സൈനയുടെ കളി ടി.വിയില്‍ കാണുമെന്ന് ഹര്‍വിര്‍ സിങ് പറയുന്നു. മറ്റു ടൂര്‍ണമെന്‍റുകളില്‍ കളിക്കാര്‍ക്കൊപ്പം കുടുംബങ്ങളും യാത്രയാവുമ്പോള്‍ ഒളിമ്പിക്സില്‍ പാസുകള്‍ ടീം മാനേജ്മെന്‍റിനു മാത്രം നല്‍കുന്നു.
മറ്റൊരു ബാഡ്മിന്‍റണ്‍ താരം പി. കശ്യപ് രക്ഷിതാക്കള്‍ക്കുള്ള ടിക്കറ്റിന് അവസാനവട്ട ശ്രമത്തിലാണ്. ഒളിമ്പിക്സിന് 10 ദിവസം മാത്രം ശേഷിക്കെ കുടുംബാംഗങ്ങളുടെ ടിക്കറ്റ് സംബന്ധിച്ച് താരത്തിന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കുടുംബാംഗങ്ങള്‍ക്ക് ടിക്കറ്റ് നല്‍കണമെന്ന അവസാന നിര്‍ദേശത്തിലാണ് പ്രതീക്ഷയെന്ന് താരം പറയുന്നു. ബാഡ്മിന്‍റണ്‍ മിക്സഡ് ഡബ്ള്‍സില്‍ മലയാളിതാരം വി. ഡിജുവിനൊപ്പം ഉറച്ച മെഡല്‍ സഖ്യമായ ജ്വാല ഗുട്ട കുടുംബത്തിനും കൂട്ടുകാര്‍ക്കുമായി ആറ് ടിക്കറ്റ് ഒപ്പിച്ചുകഴിഞ്ഞു. രണ്ട് ടിക്കറ്റ് ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ നല്‍കിയപ്പോള്‍ നാലെണ്ണം സ്പോണ്‍സര്‍മാരാണ് നല്‍കിയത്. രക്ഷിതാക്കളും കൂട്ടുകാരും ലണ്ടനിലുണ്ടാവുമെന്ന ആവേശത്തിലാണ് താരം.
ബെയ്ജിങ്ങില്‍ ഇടിക്കൂട്ടിലെ പ്രകടനത്തിലൂടെ വെങ്കലമെഡല്‍ നേടിയ ബോക്സര്‍ വിജേന്ദര്‍കുമാറിന് ഇക്കാര്യത്തിലൊന്നും വലിയ ധാരണയില്ല. കളിക്കാരുടെ കുടുംബത്തിന് ടിക്കറ്റ് ലഭിക്കുമോ എന്ന് ഉറപ്പില്ലാത്ത വിജേന്ദറിന് കുടുംബാംഗങ്ങള്‍ ഒളിമ്പിക്സിനെത്തുമോയെന്നതിലും ഉറപ്പില്ല. തുഴച്ചിലിലെ ചാമ്പ്യന്മാരായ മഞ്ജിത് സിങ്, സന്ദീപ്കുമാര്‍, സഫ്റന്‍ സിങ് എന്നിവര്‍ ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതിനാല്‍ ലണ്ടനിലേക്ക് കുടുംബത്തെ കൂട്ടാന്‍ ശ്രമിച്ചിട്ടുമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus