മോസ്കോ/ ഡമസ്കസ്: സിറിയന്‍ ഭരണകൂടത്തിനെതിരായ ഉപരോധം ശക്തമാക്കാന്‍ അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ ശക്തികള്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. തങ്ങളെ സമ്മര്‍ദത്തിലാക്കാന്‍ പാശ്ചാത്യര്‍ ഭീഷണിയുടെ സ്വരമാണുയര്‍ത്തുന്നതെന്ന് അദ്ദേഹം തിങ്കളാഴ്ച മോസ്കോയില്‍ പറഞ്ഞു. സമ്മര്‍ദവും ഭീഷണിയും തുടര്‍ന്നാല്‍ രക്ഷാസമിതിയുടെ സിറിയയിലെ ഇടപെടലിനോട് സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലാവ്റോവിന്‍െറ പ്രസ്താവനയോടെ പ്രശ്ന പരിഹാരം സംബന്ധിച്ച് രക്ഷാ സമിതി അംഗരാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത അഭിപ്രായഭിന്നത മറനീക്കി പുറത്തു വന്നിരിക്കയാണ്. സിറിയന്‍ പ്രശ്നപരിഹാരത്തിനായുള്ള യു.എന്‍ സമാധാന ദൂതന്‍ കോഫി അന്നനുമായുള്ള ചര്‍ച്ചക്കു മുന്നോടിയായാണ് ലാവ്റോവിന്‍െറ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
നേരത്തെതന്നെ, രക്ഷാസമിതിയില്‍ സിറിയ വിഷയത്തില്‍ റഷ്യ വ്യത്യസ്തമായ അഭിപ്രായമാണ് വെച്ചുപുലര്‍ത്തിയിരുന്നത്. രാജ്യത്ത്, വിദേശ ഇടപെടലിനെതിരെ റഷ്യ രക്ഷാസമിതിയില്‍ തങ്ങളുടെ വീറ്റോ അധികാരം പ്രയോഗിച്ചിരുന്നു. ഇപ്പോള്‍ റഷ്യ സ്വീകരിച്ചിരിക്കുന്ന നിലപാട് സിറിയയില്‍ യു.എന്‍ നിരീക്ഷക സംഘത്തിന്‍െറ കാലാവധി നീട്ടാനുള്ള നീക്കത്തെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബശ്ശാര്‍ ഭരണകൂടത്തിനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് രാജ്യത്തെ സായുധ സംഘങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുമെന്നതിനാല്‍ ഭരണകൂടത്തിനെതിരെ ഏകപക്ഷീയ നടപടി സ്വീകരിക്കാനാവില്ലെന്ന് മോസ്കോയില്‍ ലാവ്റോവ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, സിറിയക്കെതിരായ ഉപരോധത്തിന് റഷ്യക്കുമേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുക എന്ന ഉദ്ദേശ്യത്തോടെ മോസ്കോയിലെത്തിയ കോഫി അന്നന്‍െറ ദൗത്യം പരാജയപ്പെടാനുള്ള സാധ്യതയേറി.
അതിനിടെ, തലസ്ഥാനമായ ഡമസ്കസില്‍ തിങ്കളാഴ്ച ബശ്ശാര്‍ സേനയും സായുധ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ അരങ്ങേറിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറിയതായി ഇന്‍റര്‍നാഷനല്‍ റെഡ്ക്രോസ് അഭിപ്രായപ്പെട്ടു. ബശ്ശാര്‍ സേനയുടെ മുന്‍ രാസായുധ ഗവേഷണ വിഭാഗം തലവനായിരുന്ന അദ്നാന്‍ സില്ലു സായുധ വിഭാഗമായ ഫ്രീ സിറിയന്‍ ആര്‍മയില്‍ ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍