ജറൂസലം: രണ്ടു ദിവസത്തെ ഈജിപ്ത് സന്ദര്‍ശനത്തിനു ശേഷം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്‍റന്‍ തിങ്കളാഴ്ച ഇസ്രായേലിലെത്തി. ഇസ്രായേല്‍ പ്രസിഡന്‍റ് ഷിമോന്‍ പെരസുമായും വിദേശമന്ത്രി അവിദര്‍ ലിബര്‍മാനുമായും അവര്‍ കൂടിക്കാഴ്ച നടത്തി.
ഈജിപ്തിലെ ഭരണമാറ്റം, സിറിയ പ്രശ്നം, ഇറാന്‍െറ വിവാദ ആണവ പരിപാടി തുടങ്ങി മധ്യപൗരസ്ത്യ ദേശത്തെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഹിലരി പറഞ്ഞു.
ജനങ്ങളുടെ ഭാവിക്കായി സുരക്ഷ, സമാധാനം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളാണ് തങ്ങള്‍ മുന്നോട്ടു വെക്കുന്നത്. ഈജിപ്തുമായി സുതാര്യമായ ബന്ധം നിലനിര്‍ത്തുന്നതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് പെരസ് വ്യക്തമാക്കി. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്താനുള്ള ഇറാന്‍െറ നീക്കം ചെറുക്കുമെന്നും ഇറാന്‍ ഇക്കാര്യം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായും പ്രതിരോധമന്ത്രി യഹൂദ് ബാറക്കുമായും അവര്‍ ചര്‍ച്ച നടത്തും. നേരത്തെ വിദേശകാര്യ മന്ത്രി ലീബര്‍മാനുമായി ഹിലരി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്രായേല്‍- ഫലസ്തീന്‍ സമാധാന പ്രശ്നങ്ങളും നേതാക്കള്‍ ചര്‍ച്ചചെയ്തു.
വിദേശകാര്യ സെക്രട്ടറി എന്ന നിലക്ക് നാലാം തവണയാണ് അവര്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞദിവസം ഈജിപ്ത് സന്ദര്‍ശനത്തില്‍ പ്രസിഡന്‍റ് മുര്‍സിയുമായും സൈനിക മേധാവി ഹുസൈന്‍ ത്വന്‍ത്വാവിയുമായും അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്ക് അനുമതി
ജറൂസലം: ഫലസ്തീനിലെ ഗസ്സയില്‍നിന്നുള്ള 40അംഗ സംഘം ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ബന്ധുക്കളെ സന്ദര്‍ശിച്ചു. അന്താരാഷ്ട്ര റെഡ്ക്രോസ് കമ്മിറ്റിയാണ് ഇവര്‍ക്ക് അഞ്ചു വര്‍ഷത്തിനു ശേഷം ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയത്.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമമനുസരിച്ച് തടവുകാര്‍ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കേണ്ടത് ഇസ്രായേലിന്‍െറ ചുമതലയാണ്. ഇത് തുടക്കമാണെന്നും അടുത്ത വര്‍ഷങ്ങളിലായി കൂടുതല്‍ പേര്‍ക്ക് സന്ദര്‍ശനത്തിന് അവസരമൊരുക്കുമെന്നും റെഡ്ക്രോസ് പ്രതിനിധി പറഞ്ഞു. ഇസ്രായേല്‍ തടവില്‍ കഴിയുന്ന ഫലസ്തീനികളെ സന്ദര്‍ശിക്കാന്‍ 2007 മുതല്‍ ബന്ധുക്കള്‍ക്ക് അനുവാദം നല്‍കിയിരുന്നില്ല.
തിങ്കളാഴ്ച 24 തടവുകാര്‍ക്കാണ് റെഡ്ക്രോസ് ഇടപെടല്‍മൂലം ബന്ധുക്കളെ കാണാന്‍ അവസരം ലഭിച്ചത്. ഏകാന്ത തടവില്‍ പാര്‍പ്പിക്കുന്ന ഇസ്രായേല്‍ നടപടിക്കെതിരെ 1,500ലേറെ തടവുകാര്‍ ഏപ്രില്‍ 17 മുതല്‍ നിരാഹാരസമരം ആരംഭിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍