ഇസ്ലാമാബാദ്: പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് നവംബറില്‍ നടന്നേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പിന്‍െറ വിശദവിവരങ്ങള്‍ ആഗസ്റ്റ് 14ന് പ്രധാനമന്ത്രി രാജാ പര്‍വേസ് അശ്റഫ് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഭരണകക്ഷിയായ പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെയും (പി.പി.പി) പ്രധാന പ്രതിപക്ഷമായ പി.എം.എല്‍- എന്‍ പാര്‍ട്ടിയുടെയും പ്രതിനിധികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഇരു പാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. മറ്റു പാര്‍ട്ടികളുമായി ആലോചിച്ചശേഷം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കാമെന്ന് യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പരസ്പരം അഴിമതി ആരോപണം ഉന്നയിക്കില്ലെന്ന കാര്യത്തിലും നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
അടുത്ത മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്നാണ് പ്രതിപക്ഷത്തിന്‍െറ ആവശ്യം. സുപ്രീംകോടതിയും ഭരണപക്ഷവും തമ്മിലുള്ള വിയോജിപ്പും പ്രതിപക്ഷത്തിന്‍െറ ആവശ്യത്തിന് ആക്കംകൂട്ടിയതായി വിലയിരുത്തപ്പെടുന്നു.
ഇടക്കാല സര്‍ക്കാറിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്തതായി ഡോണ്‍ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടക്കാല ഭരണകൂടത്തിന്‍െറ പ്രധാനമന്ത്രിയായി യു.എസിലെ പാക് അംബാസഡര്‍ അബ്ദുല്ല ഹുസൈന്‍ സുറൂറിനെയോ പ്രമുഖ അഭിഭാഷക അസ്മ ജഹാംഗീറിനെയോ നിര്‍ത്താന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടക്കാല പ്രധാനമന്ത്രിയായി മുഖ്യധാരാ പാര്‍ട്ടികളുടെ പ്രതിനിധികള്‍ വേണ്ടതില്ല എന്ന ധാരണയുടെ പുറത്താണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍