ന്യൂദല്‍ഹി: പലിശ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷ നല്‍കി പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവ്. മെയ് മാസത്തെ 7.55 ശതമാനം എന്ന നിലയില്‍ നിന്ന് 7.25 ശതമാനമായാണ് ജൂണില്‍ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുറഞ്ഞത്. മുന്‍ വര്‍ഷം ഇതേ സമയം 9.51 ശതമാനമായിരുന്നു പണപ്പെരുപ്പം.
ഇന്ധനത്തിന്‍െറയും മറ്റ് ചില വ്യാവസായിക ഉല്‍പ്പന്നങ്ങളുടെയും വിലയില്‍ ഉണ്ടായ കുറവാണ് പണപ്പെരുപ്പ നിരക്കില്‍ നേരിയ കുറവിന് കാരണമായത്. അതേസമയം പച്ചക്കറികള്‍, ഗേതമ്പ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയുടെ വില വര്‍ധിക്കുകയാണ് ചെയ്തത്. പണപ്പെരുപ്പത്തില്‍ നേരിയ കുറവ് ഉണ്ടായെങ്കിലും ഭക്ഷ്യവിലപ്പെപരുപ്പം 10.74 ശതമാനത്തില്‍ നിന്ന് 10.81 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. പച്ചക്കറികള്‍ക്ക് പുറമെ പാല്‍, മുട്ട, ഇറച്ചി, അരി, തേയില തുടങ്ങിയവയുടെ വിലയും കൂടുകയാണ് ചെയ്തത്. കോട്ടണ്‍ തുണിത്തരങ്ങള്‍, റമ്പര്‍ , പ്ളാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയുടെ വിലയിലാണ് കുറവുണ്ടായത്.
പണപ്പെരുപ്പം കുറഞ്ഞെങ്കിലും അവശ്യവസ്തുക്കളുടെ വില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്ക ഉളവാക്കുന്നതാണെന്ന് ആസൂത്രണ കമീഷന ഉപാധ്യക്ഷന്‍ മൊണ്ടേക്ക് സിങ് അഹ്ലുവാലിയ പറഞ്ഞു. എന്നാല്‍ വരും മാസങ്ങളില്‍ പണപ്പെരുപ്പം കൂടുതല്‍ താഴേക്ക് വരുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍െറ പ്രതീക്ഷ. ഇതോടെ ജൂലൈ 31ന് അവതരിപ്പിക്കുന്ന വായ്പാ നയത്തില്‍ പണവിപണിയില്‍ കൂടുതല്‍ അയവ് വരുത്തിയേക്കുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ട്.
എന്നാല്‍ കാലവര്‍ഷം ഇനിയും ശക്തിപ്രാപിക്കാത്തതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വില ഇനിയും വര്‍ധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അതേസമയം പണപ്പെരുപ്പ നിരക്കിലെ കുറവ് പലിശ നിരക്ക് കുറയ്ക്കാനും പണവിപണിയില്‍ അയവ് വരുത്താനും പ്രേരിപ്പിക്കുന്നതല്ലെന്ന് ക്രിസിലിലെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ഡി.കെ. ജോഷി അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍