12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

പുനരുദ്ധാരണ പ്രതീക്ഷയില്‍ ട്രാവന്‍കൂര്‍ റയോണ്‍സ്

പെരുമ്പാവൂര്‍: ട്രാവന്‍കൂര്‍ റയോണ്‍സ് അടച്ചുപൂട്ടിയിട്ട് ചൊവ്വാഴ്ച പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കമ്പനിയുടെ പുതിയ എം.ഡിയായി കിന്‍ഫ്ര ജനറല്‍ മാനേജര്‍ കൃഷ്ണകുമാര്‍ ചുമതലയേറ്റു. പുനരുദ്ധാരണ നടപടികള്‍ ത്വരിതപെടുത്തുന്നതിന്‍െറ ഭാഗമായാണിത്. ഇതോടെ പ്രതീക്ഷകള്‍ തെളിഞ്ഞും മങ്ങിയുമുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വ്യക്തത കൈവന്നു തുടങ്ങി.
പുതിയ എം.ഡിയുടെ ചുമതലയില്‍ കമ്പനിയുടെ ആസ്തി സംബന്ധിച്ചും, തുടര്‍ നടപടികളെ കുറിച്ചും പഠിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തൊഴിലാളി യൂനിയനുകളും, ധനകാര്യസ്ഥാപനങ്ങളുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചകളില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ധാരണയിലത്തൊനായിരുന്നു ശ്രമം. ഇതേതുടര്‍ന്ന് ആനുകൂല്യം ആവശ്യപ്പെട്ട് തൊഴിലാളി യൂനിയനുകള്‍ നല്‍കിയ നിവേദനം പരിശോധിച്ച് സാധ്യതാറിപ്പോര്‍ട്ട് വ്യവസായ വകുപ്പിന് കൈമാറി. ഇതിന്‍മേല്‍ അന്തിമ ചര്‍ച്ചനടത്തി മന്ത്രി സഭാ അംഗീകാരം ലഭിക്കുന്നതോടെ കമ്പനി സ്ഥലത്ത് നൂതന സംരംഭങ്ങള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
1992 മുതല്‍ പിരിഞ്ഞുപോയ 1200 തൊഴിലാളികള്‍ക്ക് പി.എഫ്, ഗ്രാറ്റ്വിറ്റി, പലിശതുക എന്നിവയും, അവശേഷിക്കുന്ന 865 തൊഴിലാളികള്‍ക്ക് പി.എഫ്, ഗ്രാറ്റ്വിറ്റി, നഷ്ടപരിഹാരതുക എന്നിവ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ് തൊഴിലാളി യൂനിയനുകള്‍ ആവശ്യപ്പെട്ടത്. സംരക്ഷണ ചുമതല കിന്‍ഫ്രയെ ഏല്‍പ്പിച്ചതോടെ പുനരുദ്ധാരണത്തിന് വൈകാതെ പൂര്‍ണത കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള തുക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിവഴി നടപ്പാക്കാനും ധാരണയിലത്തെിയിട്ടുണ്ട്. കമ്പനിയുടെ സ്ഥലത്ത് ഐ.ടി പാര്‍ക്ക്, ടെക്നോ പാര്‍ക്ക് തുടങ്ങിയ നൂതന സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കമ്പനി തുറക്കാന്‍ ഗുണകരമായ ചില നീക്കങ്ങള്‍ ഉണ്ടായിരുന്നു. 2010 ജൂലൈ 28 ന് കമ്പനി തുറക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, നിയമസഭയില്‍ ബില്ലായി അവതരിപ്പിച്ച് പാസാക്കുക എന്ന നിര്‍ദേശത്തോടെ ഓര്‍ഡിനന്‍സ് തിരിച്ചയച്ചത് പുനരുദ്ധാരണ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. കമ്പനിയുടെ പെരിയാര്‍ തീരത്തെ സ്ഥലം ഉപയോഗപ്പെടുത്തി വൈജ്ഞാനിക വ്യാപന കേന്ദ്രം സ്ഥാപിക്കാനായിരുന്നു തീരുമാനം. ഇതിനായി ഇടത് സര്‍ക്കാര്‍ അവസാന ബജറ്റില്‍ പ്രഖ്യാപനവും നടത്തിയിരുന്നു. അപ്പോഴേക്കും ഭരണമാറ്റം ഉണ്ടായി.
ഏഷ്യയിലെ ആദ്യത്തെ കൃത്രിമ പട്ടുനൂല്‍ വ്യവസായ സ്ഥാപനമായിരുന്നു ട്രാവന്‍കൂര്‍ റയോണ്‍സ്. 1946 ല്‍ പെരിയാറിന്‍െറ തീരത്ത് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ 72 ഏക്കര്‍ സ്ഥലത്ത് തമിഴ്നാട്ടുകാരനായ ചിദംബരം ചെട്ടിയാരാണ് ഈ കമ്പനി സ്ഥാപിച്ചത്. 50 ല്‍ ഉല്‍പ്പാദനം ആരംഭിച്ച കമ്പനി നല്ല ലാഭത്തില്‍ മുന്നേറി 74 ല്‍ ഒരുകോടിയോളം ലാഭം കൊയ്തു. 80 കളില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കമ്പനി 82 ല്‍ ആദ്യമായി ലേഓഫിലായി. എന്നാല്‍, ഈ നടപടി നിയമ വിരുദ്ധമായതിനാല്‍ രണ്ട് മാസത്തിനകം തുറന്നു. 85ല്‍ വീണ്ടും റയോണ്‍സിന്‍െറ പ്രവര്‍ത്തനം നിലച്ചെങ്കിലും അടുത്തവര്‍ഷം ജൂലൈയില്‍ പ്രവര്‍ത്തനക്ഷമമായി. പിന്നീട് 2001 ജൂലൈ 17 നാണ് കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചത്. മുടിക്കല്‍ പവര്‍ ഹൗസില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് 110 കെ.വി. വൈദ്യുതി ലൈന്‍ സ്ഥാപിക്കാന്‍ താല്‍ക്കാലിക ലേഓഫ് എന്ന പേരിലായിരുന്നു അടച്ച് പൂട്ടല്‍. താല്‍ക്കാലിക വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് നാല് ദിവസത്തേക്ക് ലേ ഓഫ് ചെയ്ത കമ്പനി പതിനൊന്ന് വര്‍ഷമായിട്ടും തുറക്കാനായിട്ടില്ല. ഇതിനിടെ പ്രമോട്ടര്‍മാരെ കൊണ്ട് കമ്പനി ഏറ്റെടുപ്പിക്കല്‍ ഉള്‍പ്പെടെ കമ്പനി തുറക്കാന്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഫലവത്തായില്ല.
കിന്‍ഫ്രയെ സംരക്ഷണ ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള പുതിയ നീക്കം തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com