അരൂര്‍: 20 വര്‍ഷം അടഞ്ഞമുറിയില്‍ ചങ്ങലയില്‍ യുവാവിന്‍െറ ജീവിതം. അരൂര്‍ 22ാം വാര്‍ഡ് അശകന്തറ വീട്ടില്‍ പരേതനായ കേശവന്‍െറയും തിലോത്തമയുടെയും രണ്ടാമത്തെ മകന്‍ പ്രദീപാണ് (36) ദുരിതങ്ങള്‍ക്ക് നടുവില്‍ കഴിയുന്നത്. നീറുന്ന ഹൃദയവുമായി അമ്മയാണ് മകന് കൂട്ടായുള്ളത്. ചങ്ങല അഴിച്ച് മുറി തുറന്നാല്‍ പ്രദീപ് എങ്ങോട്ടെന്നില്ലാതെ ഓടും. ചിലപ്പോള്‍ റെയില്‍വേ ട്രാക്കിലൂടെയും തിരക്കേറിയ ദേശീയപാതിലൂടെയുമാകാം ഓട്ടം. ഏഴുവയസ്സായപ്പോഴാണ് പ്രദീപ് മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. ഒരിക്കല്‍ അപകടകരമായ ഓട്ടം അവസാനിച്ചത് റെയില്‍വേ പാളത്തിലാണ്. നാട്ടുകാര്‍ പിടിച്ചുകൊണ്ടുവന്ന് വീട്ടിലാക്കി. പിന്നെ മുറിയിലടച്ചു. കാലില്‍ ചങ്ങല ബന്ധിക്കുകയും ചെയ്തു.
ഇതിനിടെ അച്ഛന്‍ മരിച്ചു. ജ്യേഷ്ഠന്‍ വാസവന്‍ വിവാഹിതനായി. ഇയാള്‍ ഭാര്യയോടൊപ്പം അമ്മയും അനുജനുമുള്ള വീട്ടില്‍ തന്നെയാണ് താമസം. ഏഴുസെന്‍റ് പുരയിടത്തില്‍ പ്രദീപിന് ചെറിയ മുറി നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ സംരക്ഷണം നല്‍കാന്‍ കഴിയുമെന്ന് മാതാവ് തിലോത്തമ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍