മീനങ്ങാടി:കാരാപ്പുഴ ജലസേചനപദ്ധതി ടൂറിസത്തിന് വഴിമാറുമ്പോള്‍ കാത്തിരിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളടക്കമുള്ളവയുടെ പരിമിതി.നിരവധി വിനോദസഞ്ചാരികള്‍ ഇവിടെയത്തെുമ്പോള്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ പോലും ഇവിടെയില്ല.റിസര്‍വോയറില്‍ ഇറങ്ങുന്നത് കര്‍ശനമായി നിരോധിച്ചതായി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബോര്‍ഡ് വെച്ചിട്ടുണ്ട്. ബോര്‍ഡല്ലാതെ സുരക്ഷക്ക് കമ്പിവേലി റിസര്‍വോയറിന് ചുറ്റും സ്ഥാപിച്ചിട്ടില്ല.
ഡാമിന്‍െറ ഷട്ടറുള്ള ഭാഗത്ത് സഞ്ചാരികള്‍ ഒത്തുകൂടാറുണ്ട്. ഇവിടെ ഒഴിഞ്ഞ ടാര്‍ വീപ്പകളാണ് രക്ഷാമതിലായി സ്ഥാപിച്ചിട്ടുള്ളത്. സഞ്ചാരികള്‍ വീപ്പകള്‍ക്ക് സമീപംനിന്ന് ഫോട്ടോയെടുക്കുന്നതും പോസ് ചെയ്യുന്നതും പതിവാണ്.
ഒരു നിയന്ത്രണമില്ലാതെയാണ് റിസര്‍വോയറിലേക്ക് സഞ്ചാരികളെ കയറ്റിവിടുന്നത്. നടപ്പാതയിലൂടെ നടന്നാല്‍ ഷട്ടറിന് സമീപത്തെ കുന്നിന്‍മുകളിലത്തൊം. ഞായറാഴ്ചകളില്‍ ഈ കുന്നിന്‍മുകളില്‍ സഞ്ചാരികളുടെ തിരക്കാണ്. കുന്നിന്‍െറ മറുവശത്താണ് അമ്പലവയല്‍ -നെല്ലറച്ചാല്‍ റോഡ്. ഈ റോഡില്‍നിന്ന് പദ്ധതി പ്രദേശത്തേക്ക് കയറാം. കമ്പിവേലിയുണ്ടെങ്കിലും പേരിലൊതുങ്ങുന്നു. ചാക്കില്‍ കെട്ടിയ മാലിന്യം കമ്പിവേലിക്ക് മുകളിലൂടെ എറിയുന്നവരുണ്ട്. ഇത് പിന്നീട് വെള്ളത്തില്‍ ഒഴുകിയത്തെും. പ്രധാന ഗേറ്റിലൂടെയല്ലാതെ മറ്റു ഭാഗങ്ങളിലൂടെയും പദ്ധതി പ്രദേശത്ത് കയറാമെന്നതാണ് സ്ഥിതി. നിയന്ത്രിക്കാന്‍ സംവിധാനമില്ല. നാല് സെക്യൂരിറ്റി ജീവനക്കാരുള്ളതായി പറയുന്നു. രാത്രിയും പകലും രണ്ടുപേര്‍ വീതമാണുണ്ടാവുക. എന്നാല്‍, ഇവരുടെ സാന്നിധ്യം വിശാലമായ പദ്ധതി പ്രദേശത്ത് പേരിനേയുള്ളൂ.മീനങ്ങാടിയിലെ ഓട്ടോ ഡ്രൈവറും ഭാര്യയും ഡാം കാണാനത്തെിയപ്പോള്‍ സദാചാര പൊലീസ് ചമഞ്ഞത്തെിയവര്‍ അവരെ കൈയേറ്റം ചെയ്തത് ഏറെ കോലാഹലമുണ്ടാക്കിയിരുന്നു.
പദ്ധതിക്ക് നൂറുകണക്കിന് ഏക്കര്‍ നെല്‍പാടങ്ങളാണ് വെള്ളത്തിനടിയിലായത്. ജില്ലയിലെ 5220 ഹെക്ടര്‍ സ്ഥലത്ത് വെള്ളമത്തെിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, നാല് പതിറ്റാണ്ടായിട്ടും നൂറ് ഹെക്ടറില്‍പോലും വെള്ളമത്തെിക്കാന്‍ പദ്ധതികൊണ്ടായില്ല. 300 കോടിയോളമാണ് ഇതിനകം ചെലവഴിച്ചത്.
55 കോടിയുടെ ടൂറിസം പദ്ധതികളാണ് കാരാപ്പുഴയില്‍ വരാന്‍ പോകുന്നത്. ആദ്യഘട്ടത്തില്‍ അഞ്ചുകോടിയാണ് ചെലവഴിക്കുക. ആദ്യഘട്ട നിര്‍മാണം തുടങ്ങി. പാര്‍ക്കിങ്, ടോയ്ലറ്റ്, ലോഡ്ജ്, ഓപണ്‍ എയര്‍ തിയറ്റര്‍, സ്റ്റാളുകള്‍ എന്നിവയൊക്കെയാണ് ഉടനുണ്ടാവുക. ഫിഷറീസ് വകുപ്പിന്‍െറ അക്വേറിയം നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. 73.5 ലക്ഷമാണ് മുടക്കുന്നത്.
2009 ഡിസംബറില്‍ ഇവിടെ നടത്തിയ ജലോത്സവത്തില്‍ നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു. ജലവിനോദങ്ങള്‍ക്കും മത്സരങ്ങള്‍ക്കും വേദിയാകാന്‍ കാരാപ്പുഴക്കാകുമെന്ന് ജലോത്സവം തെളിയിച്ചു. 50 ലക്ഷം മുടക്കി ബോട്ടിങ് നടപ്പാക്കാന്‍ നീക്കമുണ്ട്. കൂടുതല്‍ വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഉത്തരവാദിത്ത ടൂറിസവും വരുന്നുണ്ട്. നെല്ലാറച്ചാല്‍ ഗ്രാമത്തെയാണ് ഇതിന് തെരഞ്ഞെടുത്തിട്ടുള്ളത്.കരകൗശല വസ്തുക്കള്‍, വാദ്യോപകരണങ്ങള്‍, ആദിവാസികളുടെ വംശീയ ഭക്ഷണം എന്നിവയൊക്കെ വിദേശികള്‍ക്ക് നേരിട്ട് വാങ്ങാം.
ജലസേചന പദ്ധതിയോ നടപ്പായില്ല. ടൂറിസം പദ്ധതിയെങ്കിലും നല്ല രീതിയില്‍ നടപ്പാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഓരോ ദിവസവും സഞ്ചാരികള്‍ ഒഴുകുന്നുണ്ട്. കാരാപ്പുഴ ഡാമിലെ ജലമുപയോഗിച്ച് ജില്ലയില്‍ കുടിവെള്ളമത്തെിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ലക്ഷ്യം വഴിമാറിയ പദ്ധതി പുതിയ ലക്ഷ്യങ്ങളിലേക്കാണ് ഒഴുകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍