ആദ്യമായി ഞാന്‍ റഫീക്ക് അഹമ്മദിനെ അറിയുന്നത് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ്. ‘‘പറയാന്‍മറന്ന പരിഭവങ്ങള്‍’’ എന്ന പാട്ടിലൂടെ. അന്ന് ആ ഗാനരചയിതാവിനെക്കുറിച്ച് അധികമൊന്നും അറിഞ്ഞിരുന്നില്ല.അറിയാന്‍ ശ്രമിച്ചതുമില്ല. ഇടക്ക് ആനുകാലികങ്ങളില്‍ വരുന്ന കവിതകള്‍ അദ്ദേഹത്തിന്‍െറ സാന്നിധ്യം എന്നെ ഓര്‍മപ്പെടുത്തി. ‘പെരുമഴക്കാല’വും കഴിഞ്ഞ് ‘ഫ്ളാഷി’ലെ പാട്ടുകളാണ് ആ രചയിതാവിനെ ഒന്നു വിളിക്കാന്‍ പ്രേരണയായത്. വേള്‍ഡ് സ്പേസ് റേഡിയോവിലെ ജോലികള്‍ക്കിടയില്‍ എപ്പോഴോ ‘ഡോക്ടര്‍ പേഷ്യന്‍റി’ലെ ‘‘മഴ ഞാനറിഞ്ഞിരുന്നില്ല’’യും ‘ലാപ്ടോപ്പി’ലെ ‘‘മേയ്മാസമേ നിന്‍ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ’’യും പ്രിയഗാനങ്ങളായി മനസ്സില്‍ കയറിക്കൂടിക്കഴിഞ്ഞിരുന്നു.
ഇന്നുമോര്‍ക്കുന്നു, ഒരു ഉച്ചനേരത്താണ് ആദ്യമായി ഞാന്‍ റഫീക്കുമായി ഫോണില്‍ സംസാരിക്കുന്നത്.
‘‘റഫീക്ക് അഹമ്മദല്ളേ?’’
‘‘അതെ...’’
‘‘ഞാന്‍ ബംഗളൂരുവില്‍ വേള്‍ഡ് സ്പേസ് റേഡിയോവില്‍നിന്നു വിളിക്കുകയാണ്. ‘പ്രണയകാല’ത്തിലെയും ‘ഫ്ളാഷി’ലെയും പാട്ടുകള്‍ നന്നായിട്ടുണ്ട്.’’
ഉടനെ വന്നു നിസ്സംഗമെന്നു തോന്നിക്കുന്ന മറുപടി. ‘‘ഓ, അവിടെയുള്ളവരൊക്കെ എന്‍െറ പാട്ടുകള്‍ കേള്‍ക്കുന്നുണ്ടോ...?’’
എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. പിന്നീട് പലതവണ പാട്ടുകളെക്കുറിച്ചു പറയാനും ശബ്ദരേഖ എടുക്കാനുമായി റഫീക്കിനെ വിളിച്ചു.
ഒരിക്കല്‍ ഞാന്‍ വിളിക്കുമ്പോള്‍ അദ്ദേഹം ഒരു യാത്രയിലായിരുന്നു. പാട്ടെഴുതാന്‍ എറണാകുളത്തേക്കു പോവുകയാണ്. മാനസികമായി ഫ്രീയാവാന്‍ രണ്ടുമൂന്നുദിവസം കഴിയുമെന്നു പറഞ്ഞു. പുതിയ സിനിമയുടെ സംവിധായകന്‍ ആരാണെന്നും നടീനടന്മാര്‍ ആരെന്നുമൊക്കെ അറിയാന്‍ എനിക്കു കൗതുകം. അമല്‍ നീരദിന്‍െറ ‘അന്‍വര്‍’ ആയിരുന്നു ആ ചിത്രം. റഫീക്കും ആ ചിത്രത്തിലെ ഗാനങ്ങളും മലയാളികളുടെ ഖല്‍ബിലത്തെി. ശേഷം ചരിത്രം.
ഒരു പൂര്‍ണ കമേഴ്സ്യല്‍ ചിത്രം എന്നു പറയാവുന്ന ആദ്യ ചിത്രം ‘ഫ്ളാഷ്’ ആയിരുന്നു. റഫീക്ക് പറയുന്നു: ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യും ‘അന്‍വറും’ പിന്നീട് വന്നു. ‘‘തട്ടം പിടിച്ചു വലിക്കല്ളേ’’, ‘‘വേനല്‍ പുഴയില്‍ തെളിനീരില്‍’’ തുടങ്ങിയ പാട്ടുകള്‍ ഏറെ ജനശ്രദ്ധനേടിയവയാണെങ്കിലും ‘അന്‍വറി’ലെ പാട്ടുകള്‍ വന്നതോടെയാണ് റഫീക്ക് അഹമ്മദ് എന്ന ഗാനരചയിതാവ് ഇന്‍ഡസ്ട്രിയുടെ അവിഭാജ്യ ഭാഗമായി മാറുന്നത്. ഏതുതരം ഗാനവും തന്‍െറ തൂലികക്കു വഴങ്ങുമെന്ന് തുടര്‍ന്നുവന്ന ചിത്രങ്ങളില്‍ അദ്ദേഹം തെളിയിച്ചു.
കവിതയുടെ ലോകത്തുനിന്ന് യാദൃച്ഛികമായാണ് റഫീക്ക് സിനിമാലോകത്തത്തെുന്നത്. അതിശയോക്തിപരമെന്നു തോന്നാവുന്ന പലതുമുണ്ട് റഫീക്കിന്‍െറ ജീവിതത്തിലെ ഏടുകളില്‍. കവിതക്കു ലഭിച്ച അംഗീകാരവുമായി ബന്ധപ്പെട്ട ഒരു സ്വീകരണച്ചടങ്ങില്‍വെച്ചാണ് പ്രശസ്ത നടന്‍ വി.കെ. ശ്രീരാമന്‍ റഫീക്കിനെ ആദ്യമായി കാണുന്നത്. കവിതകള്‍ വായിച്ചുള്ള ഒരു ഇഷ്ടമായിരുന്നു ശ്രീരാമനെ അവിടെ എത്തിച്ചത്. എന്നാല്‍, കവിയെ പരിചയപ്പെടാനുള്ള അവസരം അന്നു കിട്ടിയില്ല. ചടങ്ങു കഴിഞ്ഞപാടെ കവി അവിടെനിന്നു മുങ്ങുകയായിരുന്നു.
പിന്നീട് അന്വേഷിച്ചുപിടിച്ചാണ് ശ്രീരാമന്‍ റഫീക്കിനെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് ഒരു വലിയ ആത്മബന്ധത്തിന്‍െറ തുടക്കമായി. റഫീക്കിന്‍െറ ആദ്യ കവിതാസമാഹാരത്തിന്‍െറ പ്രസിദ്ധീകരണത്തിനും സിനിമാഗാന രചനയിലേക്കുള്ള പ്രവേശത്തിനും വഴിയായിത്തീര്‍ന്നത് ഈ ബന്ധമായിരുന്നു. പുസ്തക പ്രസിദ്ധീകരണത്തിനോടോ ഗാനരചനയോടോ ഒന്നും വലിയ ആഭിമുഖ്യം പ്രദര്‍ശിപ്പിച്ചിരുന്നില്ല ഈ കവി. ഏതൊക്കെയോ നിമിത്തങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്‍െറ വളര്‍ച്ചയത്രയും. അന്തര്‍മുഖനും സ്വയം ഉള്‍വലിയുന്ന സ്വഭാവക്കാരനുമായ റഫീക്ക് സിനിമാരംഗത്ത് അവശ്യം ആവശ്യമായ പബ്ളിക് റിലേഷന്‍സ് ഒന്നും ചെയ്യാറുമില്ല. സിനിമയുടെ പൂജാവേളകളിലോ ഷൂട്ടിങ് ലൊക്കേഷനുകളിലോ വളരെ അപൂര്‍വമായിമാത്രമേ റഫീക്കിനെ കാണാനാവൂ.
‘‘മടി എന്‍െറ കൂടപ്പിറപ്പാണ്. സ്കൂളില്‍പോകുന്ന കാലത്ത് പകുതിവഴിയത്തെി തിരിച്ചുപോരും. ഇപ്പോഴും ചിലപ്പോള്‍ ഓഫിസില്‍ പോകാനിറങ്ങിയിട്ട് വേണ്ടെന്നുവെച്ച് വീട്ടില്‍ വെറുതെ ഇരിക്കും. കുട്ടിക്കാലത്ത് ആസ്ത്മ വല്ലാതെ അലട്ടിയിരുന്നതുകൊണ്ട് രോഗത്തിന്‍െറ ആനുകൂല്യത്താല്‍ ശിക്ഷയില്‍നിന്ന് പലപ്പോഴും ഒഴിവായി.’’ റഫീക്ക് പറയുന്നു.
റഫീക്കിലെ കവിതാവഴികളെക്കുറിച്ചറിയാനായിരുന്നു എന്‍െറ അടുത്ത ശ്രമം. ‘‘കവിത എന്‍െറ ജീനിലുള്ളതായിരിക്കാനാണ് വഴി’’ -അദ്ദേഹം പറയുന്നു. ‘‘അബ്ബ (അച്ഛനെ റഫീക്ക് അങ്ങനെയാണ് വിളിക്കുന്നത്) ധാരാളം വായിക്കുകയും അതിലേറെ കുത്തിക്കുറിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ സഹോദരന്മാരും സഹോദരിമാരും നല്ല വായനക്കാരാണ്. വായനയുടെ ഒരു നല്ല അന്തരീക്ഷം വീട്ടിലുണ്ടായിരുന്നു.’’
റഫീക്കിന്‍െറ പിതാവ് സയ്യിദ് സജ്ജാദ് ഹുസൈന്‍ തലശ്ശേരിക്കാരന്‍. അമ്മ തിത്തായിക്കുട്ടി പുന്നയൂര്‍ക്കുളത്തിന്‍െറ സമീപപ്രദേശമായ വടക്കേക്കാട്ടുകാരി. റഫീക്കിന്‍െറ പിതൃവഴിയിലുള്ള പൂര്‍വികര്‍ മലയാളികളല്ല. വെല്ലൂരിലും ഹൈദരാബാദിലുംനിന്ന് മധ്യപൗരസ്ത്യദിക്കുകളിലേക്കുള്ള ഏതൊക്കെയോ വഴികളുണ്ട് അതില്‍. പൂര്‍ണമായും റഫീക്കിനുതന്നെ നിശ്ചയമില്ലാത്തവ. മുത്തച്ഛന്‍ ഉര്‍ദു പണ്ഡിതനായിരുന്നു എന്നു കേട്ടിട്ടുണ്ട്. സഞ്ചാരികളും അവധൂതരുമായ സൂഫികളുടെ പിന്മുറകളിലെവിടെയോ മുളച്ചതാണ് പുറപ്പെടാശാന്തിയായ ഈ കവി എന്നതാണ് മറ്റൊരു വൈരുധ്യം.
ആധുനികതക്കുശേഷമുള്ള മലയാള കവിതയുടെ ചരിത്രമെഴുതുമ്പോള്‍ ആദ്യം സ്മരിക്കപ്പെടാന്‍ അര്‍ഹതയുള്ളതാണ് റഫീക്കിന്‍െറ കവിത. പാരമ്പര്യത്തിന്‍െറ ധാതുക്കള്‍ ഉള്‍ക്കൊള്ളുകയും അതേസമയം ആധുനികമായിരിക്കുകയും ചെയ്യുന്ന കവിത.
‘ഗര്‍ഷോ’മിലെ പാട്ടെഴുത്ത് തീര്‍ത്തും യാദൃച്ഛികമായ ഒരു നിയോഗമായിരുന്നു വെന്നാണ് റഫീക്ക് കരുതുന്നത്. ശ്രീരാമനും മോഹന്‍ദാസും പി.ടി. കുഞ്ഞുമുഹമ്മദുമെല്ലാം ആ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുമ്പോള്‍ താനും അതില്‍ ചേര്‍ന്നിരുന്നു. താനാണ് ഈ പടത്തില്‍ പാട്ടെഴുതാന്‍ പോകുന്നതെന്ന് അന്ന് ആരും ഓര്‍ത്തിട്ടേയില്ല. ഇടക്കെപ്പോഴോ സിനിമയില്‍ ഗാനരംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനകളും വന്നു. ഗാനരചയിതാവിനുവേണ്ടിയുള്ള അന്വേഷണം റഫീക്കില്‍ ചെന്നത്തെുകയായിരുന്നു.
പാട്ടെഴുതാനുള്ള നിര്‍ബന്ധംവന്നപ്പോള്‍ താന്‍ ഒന്നുപകച്ചുവെന്ന് ഓര്‍ക്കുന്നു റഫീക്ക്. അന്നുവരെ അങ്ങനെയൊരു സംഗതിയെക്കുറിച്ച് സങ്കല്‍പിച്ചിരുന്നില്ല. ആ സിനിമയുടെ കഥയും പ്രമേയവും നല്ല പരിചയമായിരുന്നതുകൊണ്ട് എഴുതാന്‍ ഒട്ടും പ്രയാസമുണ്ടായില്ല.
‘പറയാന്‍ മറന്ന പരിഭവങ്ങള്‍...’ എന്ന പാട്ട് എഴുതിക്കഴിഞ്ഞ് രമേഷ് നാരായണന്‍ അതിന് ഈണം പകര്‍ന്നുകഴിഞ്ഞപ്പോള്‍ കൗതുകം തോന്നി. പക്ഷേ, അത് ഇനിമേല്‍ തന്‍േറതല്ല എന്ന ഒരു വികാരമാണുണ്ടായത്. അങ്ങനെയൊരു തോന്നല്‍ എപ്പോഴുമുള്ളതുകൊണ്ട് പ്രശംസയും വിമര്‍ശവും ഒരു പരിധിക്കപ്പുറം തന്നെ ബാധിക്കാറില്ളെന്ന് റഫീക്ക്.
‘‘ ഗര്‍ഷോം ഇറങ്ങി. പാട്ടുകള്‍ വന്നു. വളരെകുറച്ചുപേര്‍ മാത്രമേ ആ പാട്ടുകള്‍ ആദ്യകാലത്ത് ശ്രദ്ധിച്ചിരുന്നുള്ളൂ. പിന്നീട് കുറച്ചുകാലത്തിനു ശേഷമാണ് ‘പെരുമഴക്കാല’ത്തിന് പാട്ടെഴുതാന്‍ വേണ്ടി കമല്‍ സാര്‍ വിളിക്കുന്നത്. എനിക്കു സംശയമായി, കമല്‍ സാര്‍ ആളുമാറി എന്നെ വിളിച്ചതാണോ എന്ന്. എം. ജയചന്ദ്രനുമായി അതിനുമുമ്പ് ‘ശമനതാളം’ എന്ന സീരിയലിനുവേണ്ടി ‘‘മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി’’ എന്ന ഗാനം ചെയ്തിരുന്നു. അദ്ദേഹംതന്നെയാണ് ‘പെരുമഴക്കാല’ത്തിലേക്കുള്ള എന്‍െറ വഴി തുറക്കുന്നതും. ‘പെരുമഴക്കാല’ത്തിലെ ‘‘രാക്കിളി തന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലം...’’ എന്നുതുടങ്ങുന്ന പാട്ടാണ് ട്യൂണിനനുസരിച്ച് താനെഴുതുന്ന ആദ്യ ഗാനം എന്ന് റഫീക്ക് പറയുമ്പോള്‍ ആ വാക്കുകളില്‍ ഏതോ ഓര്‍മയുടെ ഒരു ചിരി പൊടിച്ചിരുന്നു.
ആദ്യം എഴുതിയ വരികള്‍ കമലിനെ കാണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രെ, ‘‘ഇതൊരു സിനിമാഗാനമല്ളേ, ഇത്ര കടുപ്പമൊന്നും വേണ്ട. ഒന്നുകൂടി ലളിതമായി എഴുതിത്തരൂ’’ എന്ന്. ഗാനരചനയെ സംബന്ധിച്ച ആദ്യപാഠമായാണ് ആ വാക്കുകള്‍ താന്‍ ഉള്‍ക്കൊണ്ടതെന്ന് റഫീക്ക് പറയുന്നു. ‘പെരുമഴക്കാല’ത്തിലെ ആ പാട്ട് വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍, ‘അന്‍വറി’ലെ ‘‘കിഴക്കുപൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണ്...’’ പാട്ടോടെയാണ് തിരക്കേറിയ ഗാനരചയിതാവായി റഫീക്ക് മാറുന്നത്.
പ്രകൃതിയിലെ ബിംബങ്ങള്‍ - ചെമ്പകച്ചില്ലയും കടലും പൂവാകയും വെണ്‍ചാമരക്കാറ്റുമൊക്കെ റഫീക്കിന്‍െറ കവിതകളിലും പാട്ടുകളിലും ധാരാളമായിട്ടുണ്ട്. പ്രത്യേകിച്ചും, മഴയുടെ നിറസാന്നിധ്യം വളരെ പ്രകടമാണ്. മഴയോട് എന്തെങ്കിലും വൈകാരിക ബന്ധമുണ്ടോ എന്ന എന്‍െറ ചോദ്യത്തിന് ഒന്നാലോചനയിലമര്‍ന്ന്, പുറത്തുതിമിര്‍ത്തുപെയ്യുന്ന മഴയെ നോക്കി റഫീക്ക് തുടര്‍ന്നു.
‘‘ഏതൊരു മലയാളിക്കുമെന്നപോലെ മഴ എന്‍െറയും ജീവിതത്തിന്‍െറ ഭാഗമാണ്. പണ്ടു പണ്ട് എല്ലാ അര്‍ഥത്തിലും എന്‍െറ വീട്ടില്‍ മഴയും മഴയുടെ നനവും ഞാന്‍ അനുഭവിച്ചിരുന്നു. (ചോര്‍ന്നൊലിക്കുന്ന വീടായിരുന്നു അതെന്ന് ചിരിച്ചുകൊണ്ട് റഫീക്ക്). എന്‍െറ കവിതകളിലും പാട്ടുകളിലും പെയ്യുന്ന മഴയെക്കുറിച്ച് പലരും ചോദിച്ചുതുടങ്ങിയ ശേഷം, ഈയിടക്കായി ഞാന്‍ മഴയെ ബോധപൂര്‍വം എന്‍െറ രചനകളില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമത്തിലാണ്. പക്ഷേ, മഴയെനിക്ക് ഹരം തന്നെയാണ്. മഴയുടെ താളവും ഭാവങ്ങളും ഇന്നുമെന്നെ ആകര്‍ഷിക്കുന്നു...’’
ഈയടുത്ത് ഇറങ്ങിയ, റഫീക്ക് തന്നെ ഗാനരചന നിര്‍വഹിച്ച ചിത്രത്തില്‍ ഒരു യുവകവി ഗാനരചനയിലേക്ക് പ്രവേശിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. ആ സന്ദര്‍ഭത്തിലെ സംഭാഷണശകലം ഗാനരചയിതാക്കളെ പരോക്ഷമായെങ്കിലും ചെറുതാക്കിക്കാണിക്കുന്നതല്ളേ എന്ന് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
‘‘അത് കേവലമൊരു സിനിമാ ഡയലോഗ് മാത്രമായി കണ്ടാല്‍ മതി. മലയാളി ബുദ്ധിജീവിക്ക് ചില ശുദ്ധാശുദ്ധ വിചാരങ്ങളും അയിത്തപ്പേടിയുമൊക്കെയുണ്ട്. കഥയോ നോവലോ തിരക്കഥയായി മാറുമ്പോള്‍ വല്ല അശുദ്ധിയും സംഭവിക്കുന്നുണ്ടെങ്കില്‍ അത്രമാത്രമേ കവിത പാട്ടാവുമ്പോഴും സംഭവിക്കുന്നുള്ളൂ. മികച്ച കഥകളും കവിതകളും ലേഖനങ്ങളുമെല്ലാമുള്ള ഒരു ആഴ്ചപ്പതിപ്പ് പത്തോ പന്ത്രണ്ടോ രൂപ കൊടുത്താല്‍ കിട്ടും. പക്ഷേ, ഒരു സിനിമ കാണാന്‍ അത്രയും പണം മുടക്കിയാല്‍ മതിയാവില്ലല്ളോ...’’
പാട്ടെഴുത്തിനെക്കുറിച്ചുള്ള തന്‍െറ കാഴ്ചപ്പാടുകളെക്കുറിച്ച് റഫീക്ക് പറഞ്ഞത് ക്രോഡീകരിക്കുമ്പോള്‍ ഏകദേശം ഇങ്ങനെയാവും.
ഒരു കവിതക്ക് എത്തിപ്പെടാന്‍ കഴിയാത്ത അത്രയും വിസ്തൃതമായ പ്രതലത്തിലാണ് പാട്ടിന്‍െറ സഞ്ചാരം. പാട്ടെഴുത്തിനെ പൂര്‍ണമായും ഒരു ആത്മപ്രകാശനോപാധിയായി കാണാനാവില്ല. ഒരു നടന്‍ തന്‍െറ ഭാവാഭിനയംകൊണ്ട് ഒരു കഥാപാത്രത്തെ വ്യാഖ്യാനിക്കുന്നതുപോലെ ഗാനരചയിതാവ് ആ കഥാപാത്രത്തിന്‍െറ സവിശേഷമായ ഏതെങ്കിലും ഭാവങ്ങളോ സിനിമയുടെ ഏതെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങളോ വാക്കുകളിലൂടെ കൂടുതല്‍ പൊലിപ്പിക്കുകമാത്രമാണ് ചെയ്യുന്നത്. അതേസമയം, പ്രേക്ഷക മനസ്സുകളില്‍നിന്ന് സിനിമ പൊലിഞ്ഞുപോയാലും നല്ല ഗാനങ്ങള്‍ കാലങ്ങളോളം നിലനില്‍ക്കുന്നുണ്ട്. അങ്ങനെ, അവക്ക് സിനിമക്കുപുറത്തും ഒരു അസ്തിത്വമുണ്ട്. ഇന്ത്യന്‍ സിനിമയുടെമാത്രം പ്രത്യേകതയായ സിനിമാഗാനങ്ങളെ ജനഹൃദയങ്ങളില്‍ അവക്കുള്ള സ്ഥാനം പരിഗണിക്കുമ്പോള്‍ അത്ര നിസ്സാരമായി എഴുതിത്തള്ളാനാവില്ല. പൊതുവായതും ജനകീയമായതുമായ സംഗീതം എന്ന പദവിതന്നെയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ സിനിമാഗാനങ്ങള്‍ക്കുള്ളത്. സാഹിത്യം അതില്‍ അന്തര്‍ലീനമായി വര്‍ത്തിക്കുകയും ചെയ്യുന്നു.
ഇപ്പോള്‍ കേരളം പാടുന്നത് റഫീക്കിന്‍െറ ഗാനങ്ങളാണ്. ‘സ്പിരിറ്റി’ലെ കാവ്യഭംഗി തുളുമ്പുന്ന ഗാനങ്ങളോടൊപ്പം ‘ബാച്ചിലര്‍ പാര്‍ട്ടി’യിലെ ‘‘വിജന സുരഭി...’’, ‘‘കാര്‍മുകിലില്‍...’’ തുടങ്ങിയ പാട്ടുകളും അതിലെതന്നെ ‘‘കപ്പപ്പുഴുക്കും...’’, ‘ഉസ്താദ് ഹോട്ടലി’ലെ ‘‘അപ്പങ്ങളെമ്പാടും...’’ ഒരുപോലെ മലയാളികള്‍ ആസ്വദിക്കുന്നു. മെലഡികളുടെ പേരില്‍ ശ്രദ്ധനേടിയ റഫീക്ക് എങ്ങനെയാണ് ഫാസ്റ്റ് നമ്പര്‍ അടിപൊളി പാട്ടുകള്‍ എഴുതുന്നത് എന്നുചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ മറുപടി ഇങ്ങനെയായിരുന്നു: ‘‘സിനിമയില്‍ ഒരു നടന്‍ നായകനെയും പ്രതിനായകനെയും വ്യത്യസ്ത കഥാപാത്രങ്ങളെയും അവതരിപ്പിക്കാറില്ളേ? ഗായകര്‍ പലതരത്തില്‍പെട്ട പാട്ടുകള്‍ പാടാറുണ്ടല്ളോ. എനിക്ക് വ്യക്തിപരമായി ഇഷ്ടം കാവ്യഭംഗിയുള്ള മെലഡികളാണ്. പക്ഷേ, ഒരു സിനിമക്ക് ആവശ്യമാണെങ്കില്‍ തമാശപ്പാട്ടുകളോ അടിപൊളി പാട്ടുകളോ എഴുതാന്‍ മടിയില്ല.’’
പഴയ മലയാളഗാനങ്ങളുമായി നല്ല പരിചയമുള്ള റഫീക്കിന്‍െറ ഇഷ്ട ഗാനരചയിതാക്കള്‍ പി. ഭാസ്കരനും വയലാറുംതന്നെ. ഒ.എന്‍.വിയോടുള്ള ആഭിമുഖ്യവും ചെറുതല്ല. കവിതയില്‍ പി. കുഞ്ഞിരാമന്‍ നായര്‍ എന്തായിരുന്നുവോ അതായിരുന്നു ഗാനലോകത്ത് ഭാസ്കരന്‍ മാസ്റ്റര്‍. ഒരു ഗാനത്തില്‍ എത്രത്തോളം കവിതയാവാമെന്നതിന്‍െറ പരമാവധിയാണ് ഒ.എന്‍.വിയുടെ പാട്ടുകളെന്ന് നിരീക്ഷിക്കുന്നു റഫീക്ക്.
മലയാള സിനിമാരംഗത്ത് പുതിയ ഒരു ഉണര്‍വുണ്ടായിരിക്കുന്ന സന്ദര്‍ഭമാണ്. ചെറുപ്പക്കാരായ സിനിമാ പ്രവര്‍ത്തകര്‍ക്ക് പുത്തന്‍ ആത്മവിശ്വാസത്തിന്‍െറ കാലം. നായക സങ്കല്‍പങ്ങളിലും സിനിമയുടെ സമ്പ്രദായങ്ങളിലും അടിമുടി അഴിച്ചുപണിയുടേതായ കാലം. ന്യൂ വെയ്വ് എന്നു വിശേഷിപ്പിക്കാവുന്ന ഇത്തരം ചലച്ചിത്രങ്ങളുടെയും അവിഭാജ്യ ഭാഗമാണ് റഫീക്ക്. ഈ പുത്തന്‍ അനുഭവത്തെക്കുറിച്ച് എന്തുപറയുന്നു എന്ന ചോദ്യത്തോട് റഫീക്കിന്‍െറ പ്രതികരണം ഇങ്ങനെ:
‘‘സിനിമയില്‍ മാത്രമല്ല നമ്മുടെ ജീവിതത്തില്‍തന്നെ വലിയ പരിവര്‍ത്തനങ്ങള്‍ വന്നുകഴിഞ്ഞിരിക്കുന്നു. സംഗീതമുള്‍പ്പെടെയുള്ള സിനിമയുടെ ചേരുവകളിലും വന്‍ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. നിര്‍ഭാഗ്യവശാല്‍, ഗാനരചന ഇപ്പോഴും ക്ളീഷേകളില്‍നിന്ന് വിമുക്തമായിട്ടില്ല. പഞ്ചബാണനും പുളിയിലക്കരമുണ്ടുമൊക്കെ നിരത്തിയ വരികളാണ് ഇക്കാലത്തും ജീന്‍സും ചുരിദാറുമൊക്കെയണിഞ്ഞ നമ്മുടെ നടീനടന്മാരുടെ ചുണ്ടില്‍ തിരുകിക്കൊടുക്കുന്നത്. ശലഭമഴ എന്നൊക്കെയുള്ള ഒരു പദസംയുക്തം കാണുമ്പോഴേക്കും തലകറങ്ങുന്ന പെന്‍ഷന്‍പറ്റിയ ഉണക്ക മുന്‍ഷിമാരാണ് ഈ രംഗത്ത് ഇപ്പോഴും ഗാനനിരൂപകന്മാരായി വിലസുന്നത്. ഈ അവസ്ഥക്കുമാറ്റം വന്നേ തീരൂ.’’
പുതിയ തലമുറയിലെ മികച്ച സംവിധായകരില്‍ പലരോടുമൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച റഫീക്ക് ഈ രംഗത്ത് ഗുണപരമായ മാറ്റങ്ങളുണ്ടാവുന്നതായും ഗാനങ്ങളില്‍ നഷ്ടമായ കാവ്യാംശം തിരിച്ചുവരുന്നതായും സന്തോഷത്തോടെ തിരിച്ചറിയുന്നു.
ഗാനരചനയുടെ തുടക്കക്കാലത്ത് വാക്കുകളും വരികളുമൊക്കെ മാറ്റാന്‍ ആവശ്യപ്പെടുമ്പോള്‍ പരിഭവം തോന്നാറുണ്ടായിരുന്നത്രെ റഫീക്കിന്. എന്നാല്‍, ഒരു പാട്ട് കൂട്ടായ്മയുടെ സൃഷ്ടിയാണെന്ന് റഫീക്ക് ഇപ്പോള്‍ തിരിച്ചറിയുന്നു. ‘‘കവിത എഴുതാന്‍ തനിക്ക് ഒരു പേനയും കടലാസും മാത്രം മതി. അതില്‍ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല. പക്ഷേ, ഗാനരചന തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്’’, റഫീക്ക് പറയുന്നു.
കവിതക്കും ഗാനരചനക്കും പുറമെ ചിത്രകലയിലും നല്ലപോലെ താല്‍പര്യമുണ്ട് റഫീക്കിന്. നിറവേറ്റാന്‍ പറ്റാതെപോയ ചിത്രകലാ പഠനത്തിന്‍െറ നഷ്ടബോധം അദ്ദേഹം ഉള്ളില്‍ സൂക്ഷിക്കുന്നു.
അക്കിക്കാവിലെ റഫീക്കിന്‍െറ വീടിനോടുചേര്‍ന്ന് ചെറിയ ഒരു പുരയിടം മാത്രമേയുള്ളൂ. എന്നിരുന്നാലും, അതിനകത്ത് പലതരം വൃക്ഷ സസ്യലതാദികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട് പ്രകൃതിയോട് ഭ്രാന്തമായ അഭിനിവേശമുള്ള ഈ കവി. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്തെന്നുചോദിച്ചപ്പോള്‍ പലതരം മരങ്ങളും ചെടികളുമുള്ള ഒരുകാടുവളര്‍ത്തി അതിനുള്ളില്‍ ഒരു കൊച്ചുപാര്‍പ്പിടംവെച്ച് താമസിക്കണമെന്ന് പറയുന്നു റഫീക്ക്. റഫീക്കിന് സന്തതസഹചാരിയായി എപ്പോഴും പൂച്ചകളുണ്ട്. ഇനിയും പിറക്കാനിരിക്കുന്ന ഗാനങ്ങളുമായി റഫീക്ക് ഇരിക്കുന്നു, തൃശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ മുല്ലക്കല്‍ വീട്ടില്‍.
l


നിങ്ങളുടെ അഭിപ്രായങ്ങള്‍