ഇരുപതാംനൂറ്റാണ്ടിലെ ലോക ചിത്രകലയില്‍ ഇന്ത്യക്ക് അതുല്യസ്ഥാനം നേടിത്തന്ന മഹാനായ ഒരു കലാകാരന്‍െറ ഒന്നാം ചരമവാര്‍ഷികം ജൂണില്‍ ഇവിടെ ആരുമോര്‍മിക്കാതെ കടന്നുപോയി. അതേസമയം, ദുബൈ മുതല്‍ ന്യൂയോര്‍ക്വരെയുള്ള പ്രദേശങ്ങളില്‍ ചിത്രകാരന്മാരും ഗാലറികളും അദ്ദേഹത്തിന്‍െറ സ്മരണപുതുക്കാന്‍ വിസ്മരിച്ചില്ല. ലണ്ടനില്‍ സോതേബീസ് എന്ന സ്ഥാപനം ഒരു സ്മരണപരമ്പരതന്നെ സംഘടിപ്പിച്ചു.
നാം ബഹിഷ്കരിച്ച് നാടുകടത്തിയെങ്കിലും മഖ്ബൂല്‍ ഫിദാ ഹുസൈന്‍ 95ാം വയസ്സില്‍ അന്തരിച്ചതിനുശേഷം വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ഇപ്പോഴും ഇന്ത്യയില്‍തന്നെ ജീവിക്കുന്നു, കലാസ്നേഹികളുടെ മനസ്സില്‍; പിന്നെ തന്‍െറ പുത്രന്മാരിലൂടെയും പൗത്രനിലൂടെയും. ദല്‍ഹിയില്‍ താമസിക്കുന്ന മൂത്തപുത്രന്‍ ഷംസദ് ഹുസൈനും മുംബൈവാസിയായ രണ്ടാമത്തെ പുത്രന്‍ ഉവൈസ് ഹുസൈനും പിതാവിനെപ്പോലത്തെന്നെ ചിത്രകാരന്മാരാണ് (കൂടുതല്‍ കേമന്‍ ഉവൈസ് ആണെന്ന് കലാനിരൂപകര്‍).
എം.എഫ്. ഹുസൈനെപ്പോലെ മക്കള്‍ക്കും മറ്റു രണ്ടുകാര്യങ്ങളിലുംകൂടി താല്‍പര്യമുണ്ട്- സിനിമയിലും ഫോട്ടോഗ്രഫിയിലും. പ്രസിദ്ധമായ കാന്‍ ചലച്ചിത്രോത്സവത്തില്‍ അവാര്‍ഡ്നേടിയ സ്വന്തം ചിത്രമായ ‘ത്രൂ ദ ഐസ് ഓഫ് എ പെയ്ന്‍റര്‍’ എന്ന ഹ്രസ്വചിത്രത്തിന് കാമറ ചലിപ്പിച്ചത് എം.എഫ്. ഹുസൈന്‍തന്നെയാണെന്നോര്‍ക്കുക!
എം.എഫിന്‍െറ മറ്റൊരു പുത്രനായ ഷഫാത്ത് ഹുസൈന് ഫോട്ടോഗ്രഫിയിലായിരുന്നു കമ്പം. പക്ഷേ, അതൊരു ജീവിതമാര്‍ഗമായി സ്വീകരിക്കാനുള്ള മനക്കരുത്തുണ്ടായിരുന്നില്ല. ബിസിനസ് കാര്യങ്ങളിലായിരുന്നു കൂടുതല്‍ താല്‍പര്യം. തന്‍െറ മകന്‍ സലാമത്ത് ആ മാര്‍ഗം പിന്തുടരണമെന്ന് ഷഫാത്ത് ആഗ്രഹിച്ചു. ബിസിനസ് അഡ്മിനിസ്ട്രേഷന്‍ പഠിക്കാന്‍ അമേരിക്കയിലേക്കയക്കുകയും ചെയ്തു.
ഒന്നോ രണ്ടോ വര്‍ഷം സലാമത്ത് ആ കോഴ്സുമായി മല്‍പ്പിടിത്തത്തിലായിരുന്നു അവിടെ. 2005ല്‍, അണ്ടര്‍ ഗ്രാജ്വേറ്റ് തലത്തിലായിരുന്നപ്പോള്‍ പിതാവിന്‍െറ സ്വപ്നത്തോട് വിടപറഞ്ഞ് പിതാമഹന്‍െറ അനുഗ്രഹാശിസ്സുകളോടെ ‘ഹാള്‍മാര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രഫി’യില്‍ ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കിയ പൗത്രന് എം.എഫ്. ഹുസൈന്‍ നല്‍കിയ ആദ്യ ഉപദേശം ഇതായിരുന്നു: ‘‘സൗന്ദര്യത്തില്‍ ഭ്രമിച്ചു വശാവരുത്. ഏതു വിഷയമാണോ ചിത്രീകരിക്കുന്നത്, ആദ്യം അതിന്‍െറ ചരിത്രം മനസ്സിലാക്കുക. കാമറയില്‍ പതിയേണ്ടത് ആ വിഷയത്തിന്‍െറ വേരുകളായിരിക്കണം.’’
ന്യൂയോര്‍ക്കിലെ ഫോട്ടോഗ്രഫിവൃത്തങ്ങളില്‍ പേരെടുക്കാന്‍ സലാമത്തിന് അധികം സമയമൊന്നും വേണ്ടിവന്നില്ല. ഫാഷന്‍ ഫോട്ടോഗ്രഫിയിലായിരുന്നു തുടക്കം. പ്രശസ്തമായ ‘നിക്കോ അന്‍ഡ് ആഡ്രിയന്‍ ഡിസൈനേഴ്സി’ന്‍െറ സ്ഥിരം ഫോട്ടോഗ്രാഫറായി. ക്രമേണ മറ്റു രംഗങ്ങളിലേക്കു തിരിഞ്ഞു. ‘300’ എന്ന ഹോളിവുഡ് ചിത്രത്തിനുവേണ്ടി എടുത്ത സ്റ്റില്‍ ഫോട്ടോഗ്രാഫുകള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
2005ല്‍ ഇന്ത്യവിടാന്‍ നിര്‍ബന്ധിതനായ പിതാമഹനെ സലാമത്ത് ദുബൈയില്‍ ഇടക്കിടെ ചെന്ന് കാണുമായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം പൗത്രനെ തന്‍െറ ആദ്യത്തെ ഉപദേശം ഓര്‍മിപ്പിക്കും. എന്നിട്ടു കൂട്ടിച്ചേര്‍ക്കും: ‘‘നാട്ടിലേക്കു പോകൂ അവിടെയാണ് ജീവിതമുള്ളത്. അല്ലാതെ അമേരിക്കയിലല്ല. എനിക്കു സംഭവിച്ചത് കാര്യമാക്കേണ്ട. ഒരുപാടൊരുപാടു വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ വരച്ച ഒരു ചിത്രത്തിന്‍െറ പേരില്‍ ബഹളമുണ്ടാക്കിയവര്‍ എന്തോ മനോവൈകല്യമുള്ളവരാണെന്നുധരിച്ചാല്‍ മതി. ഇക്കൂട്ടര്‍ ഒരു കാലത്ത് ഖജൂരാഹോ ക്ഷേത്രങ്ങളെയും നശിപ്പിച്ചു കൂടായ്കയില്ല. അവര്‍ ന്യൂനപക്ഷമാണെന്നുള്ളതാണ് ഒരാശ്വാസം.’’
2008ല്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്ന സലാമത്ത് മുംബൈയില്‍ താമസമാക്കി. പോര്‍ട്രെയ്റ്റുകളില്‍ പരീക്ഷണം നടത്തുന്നതിലാണ് ആദ്യം വ്യാപൃതനായത്. ഇരുളും വെളിച്ചവും തമ്മിലുള്ള ഒളിച്ചുകളിയിലൂടെ ഭാവങ്ങള്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്നും വ്യത്യാസപ്പെടുന്നുവെന്നും നിരീക്ഷിക്കാനുള്ള സഫലമായ യാത്ര. ബഹുവര്‍ണ ഫോട്ടോഗ്രാഫുകള്‍ കൂടുതല്‍ കൂടുതലായി എടുത്തുതുടങ്ങിയപ്പോള്‍ എം.എഫ്. ഹുസൈന്‍െറ, താന്‍ നേരില്‍ കണ്ടിട്ടുള്ള ചിത്രരചനാശൈലി ഓര്‍മവന്നുവെന്ന് സലാമത്ത് സമ്മതിക്കുന്നു. ‘‘വര്‍ണങ്ങളുമായി എന്നെ ആദ്യം അടുപ്പിച്ചത് ഉപ്പാപ്പയാണ്. പല നിറങ്ങളിലുള്ള ചായങ്ങള്‍ നിറച്ച ബക്കറ്റുകള്‍ അദ്ദേഹം ഉപയോഗിക്കുന്നത് കുട്ടിയായിരുന്നപ്പോഴേ എനിക്കു കാണാനിടയായിട്ടുണ്ട്. അവയില്‍ ചിലത് തുറന്നുവെച്ച നിലയിലായിരിക്കും. മറ്റു ചിലതിനുചുറ്റും ഉപയോഗിച്ചതുകാരണം നിലത്ത് നിറങ്ങള്‍ പടര്‍ന്നു കിടക്കുന്നുണ്ടാവും. കാന്‍വാസിലല്ലാത്ത ആ കാഴ്ചതന്നെ മനോഹരമായിരുന്നു. നിങ്ങള്‍ക്ക് അവയെ സ്പര്‍ശിക്കാന്‍ തോന്നിപ്പോകും. അന്നുമുതല്‍ നിറത്തിന്‍െറയും എന്‍െറ മനസ്സില്‍ കയറിപ്പറ്റിയതാണ്. പില്‍ക്കാലത്ത് അദ്ദേഹംതന്നെയാണ് ഓരോ നിറങ്ങളുടെ പ്രാധാന്യത്തെപ്പറ്റിയും അവയോടു ബന്ധപ്പെട്ട വികാരത്തെപ്പറ്റിയും അവ പ്രസരിപ്പിക്കുന്ന ഊര്‍ജത്തെപ്പറ്റിയും എനിക്കു മനസ്സിലാക്കിത്തന്നത്.’’
മുപ്പതുകാരനായ സലാമത്ത് ഇതിനകം ഇന്ത്യയിലും വിദേശങ്ങളിലുമായി ഒട്ടേറെ ഫോട്ടോ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. എം.എഫ്. ഹുസൈന്‍െറ ചരമവാര്‍ഷികദിനം (ജൂണ്‍ 10) ദല്‍ഹിയില്‍ രാസാ ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തില്‍ ആചരിക്കുകയുണ്ടായി. കുറച്ചുമുമ്പ്, പ്രശസ്ത ഹിന്ദി സാഹിത്യകാരനായ കൃഷ്ണ ബല്‍ദേവ് വൈദിന്‍െറ സ്വകാര്യ ശേഖരത്തില്‍നിന്ന് എം.എഫ്. ഹുസൈന്‍െറ ‘ഹര്‍ഫ് ലാ നക്ഷ്’ എന്ന പേരുനല്‍കിയ ഒരു ഡയറി കണ്ടെടുത്തിരുന്നു. ഇംഗ്ളീഷിലും ഹിന്ദിയിലും ഉര്‍ദുവിലുമായി അയക്കപ്പെടാത്ത കത്തുകളും കുറിപ്പുകളും അബ്സ്ട്രാക്റ്റ് സ്കെച്ചുകളും മറ്റും ഉള്‍ക്കൊള്ളുന്ന ഡയറി മൈക്രോ ഫിലിം ചെയ്തുവെക്കാനുള്ള ശ്രമത്തിലാണ് സലാമത്ത് ഹുസൈന്‍ ഇപ്പോള്‍.
l


നിങ്ങളുടെ അഭിപ്രായങ്ങള്‍