മനാമ: ഒരു ദേശീയ ദുരന്തം എന്നു വേണമെങ്കില്‍ പറയാം. അത്രക്ക് ഭയാനകമായിരുന്നു ഇന്നലെ വൈകീട്ട് ഇസാടൗണിലെ കാഴ്ച. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സൂഖ് ഒന്നാകെ കത്തി ചാരമാകുന്നത് വ്യാപാരികളെയെന്ന പോലെ കണ്ടു നിന്ന എല്ലാവരുടെയും കരളലിയിച്ചു. കൈയ്യില്‍ കിട്ടിയ സാധനങ്ങള്‍ എടുത്ത് മാറ്റാനുള്ള വെപ്രാളത്തില്‍ തീ ശരവേഗത്തില്‍ ആളിപ്പടര്‍ന്നത് എല്ലാ പ്രതീക്ഷകളെയും തച്ചുടച്ചു. ആകാശം മുട്ടെ ഉയര്‍ന്നു പൊങ്ങിയ തീനാളങ്ങളില്‍ തങ്ങളുടെ ഭാവി ജീവിതം കരിഞ്ഞമരുന്നത് കണ്ട് പല വ്യാപാരികളും പൊട്ടിക്കരയുന്നുണ്ടായിരുന്നു. വൈകീട്ട് നാല് മണിയോടെ തുടങ്ങിയ തീപിടിത്തം രാത്രി 10 മണിക്കും അവസാനിച്ചിട്ടില്ല.
തീപിടിത്തം തുടങ്ങിയ സമയത്ത് അകലെയുള്ള വ്യാപാരികള്‍ അത് ഗൗരവത്തിലെടുത്തിരുന്നില്ല. സാധാരണപോലെ സിവില്‍ ഡിഫന്‍സ് വന്ന് അണക്കുമെന്ന് കരുതിയിരുന്നു. ഇതിനാല്‍ സാധനങ്ങളൊന്നും എടുത്ത് മാറ്റിയില്ല.
പിന്നീട് ശരവേഗത്തില്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ സൂഖിനകത്തെ എല്ലാ വ്യാപാരികളെയും ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചു. ഇതോടെ സാധനങ്ങളൊന്നും എടുക്കാനാകാതെ വ്യാപാരികള്‍ക്ക് രക്ഷപ്പെടേണ്ടി വന്നു. എല്ലാം വെണ്ണീരാകുന്നത് നിറകണ്ണുകളോടെ നോക്കി നില്‍ക്കാനായിരുന്നു അവരുടെ വിധി. റാമിസ് മാളിനും ലബനീസ് മാര്‍ക്കറ്റിനുമിടയിലാണ് രാജ്യത്തെ പ്രശസ്തമായ സൂഖുണ്ടായിരുന്നത്. ഇതിന്‍െറ അടയാളം പോലും അവശേഷിക്കാത്ത വിധം തീ വിഴുങ്ങിക്കളഞ്ഞു.
ഉപയോഗിച്ച വിലകൂടിയ സാധനങ്ങളും മറ്റു കാര്‍പറ്റുകളും ഫര്‍ണിച്ചറുകളും ഇലക്ട്രോണിക്സ് സാധനങ്ങളും മിതമായി നിരക്കില്‍ ലഭിക്കാന്‍ എല്ലാവരും ആശ്രയിക്കുന്നത് ഇസാ ടൗണിലെ സൂഖിനെയാണ്. നിരവധി മലയാളികള്‍ക്ക് ഇവിടെ പല തരത്തിലുള്ള കടകളുണ്ട്. വടകരയിലെ അനില്‍കുമാറിന് മൂന്ന് ഇലക്ട്രോണിക്സ് കടകളും സ്റ്റോറും ഇവിടെയുണ്ട്. എല്ലാം അഗ്നിക്കിരയായി. സ്റ്റോറിലെ സാധനങ്ങള്‍ അടക്കം ആയിരക്കണക്കിന് ദിനാറിന്‍െറ നഷ്ടമാണ് ഇയാള്‍ക്കുണ്ടായിരിക്കുന്നത്്.
10 വര്‍ഷം മുമ്പാണ് മനാമയില്‍നിന്ന് കട ഇവിടേക്ക് മാറ്റിയത്. മനാമ മാര്‍ക്കറ്റില്‍നിന്ന് കടകള്‍ മാറ്റിയ ഒട്ടേറെ മലയാളികളുണ്ട്. ധാരാളം റെഡിമെയിഡ് കടകളും മലയാളികള്‍ നടത്തുന്നുണ്ട്. പലരുടെയും പാസ്പോര്‍ട്ട്, ലൈസന്‍സ്, സി.ആര്‍ എന്നിവയെല്ലാം നഷ്ടമായി. സ്വദേശികളുടെയും യമനികളുടെയും കടകളില്‍ ഒട്ടേറെ മലയാളികളും ബംഗാളികളും ജോലി ചെയ്യുന്നുമുണ്ട്. ഇവരുടെയെല്ലാം ഭാവിയിലാണ് തീപിടിത്തം കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. സിവില്‍ ഡിഫന്‍സ് സര്‍വ സജ്ജരായിരുന്നെങ്കിലും ആളിപ്പടര്‍ന്ന തീ നാളങ്ങള്‍ക്കു മുന്നില്‍ സാങ്കേതിക വിദ്യകളെല്ലാം നിസ്സഹായമാവുകയായിരുന്നു.
ഇതിനിടയില്‍ കുറച്ചു സാധനങ്ങളെല്ലാം മാറ്റാനായതില്‍ ചില വ്യാപാരികള്‍ ആശ്വാസം കൊണ്ടു. സൂഖിന്‍െറ നിയന്ത്രണം നഷ്ടപ്പെട്ടതോടെ റാമിസ് മാളിലേക്കും ലബനീസ് മാര്‍ക്കറ്റിലേക്കും തീ പടരാതിരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍