ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടാലും ഒരാള്‍ക്കെതിരെയും നടപടിയുണ്ടാവില്ല. ഇവ അലക്ഷ്യമായി ഗോഡൗണില്‍ തള്ളുന്നതും തട്ടിക്കളിക്കുന്നതും വഴിപോക്കരാരുമല്ല. പരീക്ഷാഭവനിലെ മോണിറ്ററിങ് സെല്ലിനാണ് ഉത്തരക്കടലാസ് ശേഖരിക്കുന്ന ചുമതല. പ്രൈവറ്റ് ഡിഗ്രി ഒന്നാംസെമസ്റ്റര്‍ പരീക്ഷ മാറ്റിവെക്കാനിടയായതിന്‍െറ കാരണം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നാലും ഇല്ലെങ്കിലും ജീവനക്കാര്‍ക്ക് കാര്യമായ നടപടിയുണ്ടാവില്ലെന്നുറപ്പ്.
കാരണം മറ്റൊന്നുമല്ല, ട്രേഡ് യൂനിയന്‍ സംസ്കാരത്തിന്‍െറ കളിത്തൊട്ടിലാണ് ഇവിടം. ജോലി ചെയ്താലും ഇല്ലെങ്കിലും ഇവരെ ആരും തൊടില്ല. തൊട്ടാല്‍ വഴക്കും സമരവുമാവും. സര്‍വകലാശാലയുടെ വ്യാജശമ്പള ബില്‍ ഉണ്ടാക്കി വായ്പയെടുത്ത ജീവനക്കാരിയെ പോലും ഇടത് സിന്‍ഡിക്കേറ്റ് സംരക്ഷിച്ചു.
മണ്ണിലും വിണ്ണിലും രാഷ്ട്രീയം മാത്രമുള്ള ഒരു സര്‍വകലാശാല വേറെയുണ്ടോ എന്ന് സംശയമാണ്. സി.പി.എം അനുകൂല കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ളോയീസ് യൂനിയനാണ് പ്രബല സംഘടന. ജീവനക്കാരില്‍ 75 ശതമാനവും ഇവര്‍ക്കൊപ്പമാണ്. പരീക്ഷ താളം തെറ്റുന്ന ഉത്തരവാദിത്തത്തില്‍നിന്ന് തടിയൂരാന്‍ ഇവര്‍ക്കാവില്ല. കോണ്‍ഗ്രസ് ജീവനക്കാരുടെ സ്റ്റാഫ് ഓര്‍ഗനൈസേഷനാണ് ചെറുതെങ്കിലും രണ്ടാമന്‍. വലിയ സാമ്പത്തിക ആസ്തിയുള്ളവരാണ് ഈ സംഘടനകള്‍. സഹകരണ സ്റ്റോര്‍, പച്ചക്കറി-പഴക്കട, വനിതാസൊസൈറ്റി, രചനാ നഴ്സറി സ്കൂള്‍, ഹൗസിങ് സൊസൈറ്റി, ഫോട്ടോസ്റ്റാറ്റ്, ഫര്‍ണീച്ചര്‍ ഏജന്‍സി, മില്‍മബൂത്ത് തുടങ്ങിയവ സി.പി.എം യൂനിയന്‍ നടത്തുന്നു. ഇവരുടെ സഹകരണ ഹോട്ടല്‍ പൂട്ടിയപ്പോള്‍ കെട്ടിടം കോഫിഹൗസിന് വാടകക്ക് നല്‍കി. കോണ്‍ഗ്രസ് യൂനിയനും മോശക്കാരല്ല. ഹോട്ടല്‍, ടെലിഫോണ്‍ ബൂത്ത്, സൂപ്പര്‍മാര്‍ക്കറ്റ്, ആര്‍ട്ടേഷ്യ നഴ്സറി, വനിതാ ക്രെഡിറ്റ് സൊസൈറ്റി തുടങ്ങിയവ നടത്തുന്നു. മുസ്ലിംലീഗിന്‍െറ സോളിഡാരിറ്റി യൂനിയനും യു.ഡി.എഫ് അനുകൂല എംപ്ളോയീസ് ഫോറവും ചേര്‍ന്ന് സൊസൈറ്റി രൂപവത്കരിച്ചു. എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനും കച്ചവടം നടത്താനും ഭൂമി വാഴ്സിറ്റി വക.
സിന്‍ഡിക്കേറ്റുകള്‍ മാറുമ്പോള്‍ സ്വന്തക്കാരെ നിയമിക്കണം. സി.പി.എം ഭരണകാലത്ത് യൂനിയന്‍ ഒറ്റക്ക് നിയമനം നടത്തും. യു.ഡി.എഫ് കാലത്ത് നിയമനം ഘടകകക്ഷികള്‍ വീതം വെക്കും. ഇത്രയേ വ്യത്യാസമുള്ളൂ. നാട്ടിലെ സഹകരണ സംഘത്തിന്‍െറ നിലവാരത്തിലേക്കാണ് ഇക്കൂട്ടര്‍ വാഴ്സിറ്റിയെ കൊണ്ടുപോവുന്നത്.
പരീക്ഷാഭവന്‍െറ വിവിധ ആവശ്യങ്ങള്‍ക്ക് ഓടാന്‍ ബിനാമിപേരില്‍ വാഹനം വാടകക്ക് നല്‍കുന്നവരും ഉണ്ട്. ഭൂമിക്കച്ചവടം, പലിശക്ക് കടം കൊടുക്കല്‍, ഷെയര്‍ ബ്രോക്കറിങ്, ഭാര്യമാരുടെ പേരില്‍ ഇന്‍ഷുറന്‍സ് ഏജന്‍സി... ഇങ്ങനെ ജീവനക്കാര്‍ക്ക് സാധ്യതകള്‍ ഏറെ.
ഏറെക്കാലം ഒഴിഞ്ഞുകിടന്ന പ്രൊ വി.സി സീറ്റിലും ഇപ്പോള്‍ ആളുണ്ട്. പരീക്ഷയുടെ മുഴുവന്‍ ചുമതലയും ഇദ്ദേഹത്തിനാണ്. എന്നാല്‍, സ്വന്തക്കാര്‍ക്ക് വഴിവിട്ട കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ഇദ്ദേഹത്തിന്‍െറ ശ്രദ്ധയെന്ന് കോണ്‍ഗ്രസ് യൂനിയന്‍തന്നെ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. ഹൈടെക് കാലത്ത് ഡിജിറ്റല്‍ വിഭാഗം ശക്തിപ്പെടുത്തേണ്ടതുണ്ട്. സര്‍വകലാശാലാ ഓര്‍ഡിനന്‍സില്‍ തസ്തികയില്ലെന്ന് പറഞ്ഞ് ഈ വിഭാഗങ്ങളില്‍ സ്ഥിരനിയമനം ഒഴിവാക്കരുത്. നിലവിലെ ജീവനക്കാരുടെ ജോലി എന്തെന്ന് നിശ്ചയിക്കണം. എത്ര മറച്ചുപിടിച്ചാലും പരീക്ഷാഭവനില്‍ ജോലി കുറഞ്ഞിട്ടുണ്ടെന്ന വസ്തുത എന്നെങ്കിലും പുറത്തുവരും.
ഉത്തരക്കടലാസ് കാണാതായതിന്‍െറ പേരില്‍ പുന$പരീക്ഷ നടത്തുന്നതുവഴിയുള്ള നഷ്ടം ഉത്തരവാദികളായ ജീവനക്കാരില്‍നിന്ന് ഈടാക്കണം. ചുരുങ്ങിയ പക്ഷം മോണിറ്ററിങ് സെല്‍ ജീവനക്കാരുടെ പേരെങ്കിലും കുറിച്ചുവെക്കണം. ഉത്തരക്കടലാസ് നഷ്ടപ്പെട്ടാല്‍ സിന്‍ഡിക്കേറ്റ് അന്വേഷിക്കാതെ പൊലീസിന് കൈമാറിയാല്‍ കുറ്റക്കാരെ കണ്ടെത്താനാവും. പരിശോധനക്ക് എത്തുന്ന സര്‍ട്ടിഫിക്കറ്റ് വ്യാജനെന്ന് കണ്ടാല്‍ ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്ന രീതിയാണുള്ളത്.
കോളജ് അധികൃതരുടെ നടപടിമൂലം നിരവധിപേരുടെ ഡിഗ്രി ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. ഇന്‍േറണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാത്തതും ഹാജര്‍നില അയക്കാത്തതുമാണ് കാരണം. വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും സമയം കിട്ടിയില്ലെങ്കില്‍ ഇവര്‍ക്കെതിരെ എന്തുചെയ്യാന്‍പറ്റുമെന്ന് ആലോചിക്കണം. പരീക്ഷയും മൂല്യനിര്‍ണയവും അധ്യാപനത്തിന്‍െറ ഭാഗമാക്കാന്‍ എന്തുസമ്മര്‍ദം ചൊലുത്തിയും നിയമമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ഒരു പോംവഴി. ക്ളാസെടുത്ത് പോകുന്നതിനല്ല അധ്യാപകര്‍ക്ക് ശമ്പളമെന്ന് ബോധ്യപ്പെടുത്തണം. എങ്കിലേ മൂല്യനിര്‍ണയത്തിന് വിമുഖത കാണിക്കുന്ന അധ്യാപകരെ നിയന്ത്രിക്കാനാവൂ.
2010ലെ യു.ജി.സി നിര്‍ദേശമനുസരിച്ച് അധ്യാപകരുടെ ഇന്‍ക്രിമെന്‍റിനും സ്ഥാനക്കയറ്റത്തിനും പരീക്ഷാജോലികള്‍ നിര്‍ബന്ധമാക്കുന്നുണ്ട്.
എന്നാല്‍, ഈ നിര്‍ദേശം അവഗണിച്ച മട്ടാണ്. യു.ജി.സിയുടെ അധ്യാപക യോഗ്യതകള്‍ പരമാവധി ലഘൂകരിക്കാന്‍ സിന്‍ഡിക്കേറ്റ് കാണിച്ച അമിതാവേശം ഇക്കാര്യത്തിലുണ്ടായാല്‍ കാര്യങ്ങള്‍ നേരെയാവും. സിന്‍ഡിക്കേറ്റിലെ അധ്യാപക പ്രതിനിധികള്‍ അല്ലാത്തവരെങ്കിലും ഇക്കാര്യം ഉന്നയിക്കണം. അധ്യാപകസേവനത്തിനു പകരം വിദ്യാര്‍ഥി കേന്ദ്രീകൃതമാവണം സര്‍വകലാശാലകള്‍.
സര്‍വത്ര കുത്തഴിഞ്ഞിട്ടും വാഴ്സിറ്റി മുന്നോട്ടുപോവുന്നുണ്ട്. അതിന്‍െറ ക്രഡിറ്റ് മുഴുവന്‍, ആത്മാര്‍ഥതയുള്ള കുറെ ജീവനക്കാര്‍ക്കാണ്. ഒരു രാഷ്ട്രീയ ഉപജാപത്തിന്‍െറയും ഫലമായല്ലാതെ, അര്‍ഹതകൊണ്ടുമാത്രം ജോലി നേടിയെടുത്തവരാണിവര്‍. എല്ലാ വിഭാഗത്തിലുമുണ്ട് ചുമതലബോധമുള്ള ഇത്തരം ഒട്ടേറെ ജീവനക്കാര്‍. കാലിക്കറ്റ് സര്‍വകലാശാലയെ ഈ രൂപത്തിലെങ്കിലും മുന്നോട്ടുകൊണ്ടുപോകുന്നത് ഇവരുടെ ശ്രമങ്ങളാണ്. പക്ഷേ, ഇവരെത്ര കിണഞ്ഞ് ശ്രമിച്ചാലും മോന്തായം വളഞ്ഞു കിടക്കുന്നതിനാല്‍ അതൊന്നും പരിപൂര്‍ണതയിലെത്തുന്നില്ലെന്നു മാത്രം.
(അവസാനിച്ചു)

നിങ്ങളുടെ അഭിപ്രായങ്ങള്‍