കുവൈത്ത് സിറ്റി: രാജ്യത്തേക്കുള്ള പ്രവേശന വിസകള്‍ അനുവദിക്കുന്നതിനുള്ള വിരലടയാള പരിശോധന അടക്കമുള്ള നടപടികള്‍ക്ക് അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസികളെ ചുമതലപ്പെടുത്താന്‍ ആലോചന. തീരുമാനം അടുത്ത വര്‍ഷമാദ്യം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രം വെളിപ്പെടുത്തി.
നിലവില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ എമിഗ്രേഷന്‍ ഡിപാര്‍ട്ടുമെന്‍റ് കൈകാര്യം ചെയ്തുവന്നിരുന്ന വിസാ നടപടികളാണ് വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബിസികളെ ഏല്‍പ്പിക്കാന്‍ പോകുന്നത്. തുടക്കത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പത്ത് രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. ഇന്ത്യക്ക് പുറമേ ഈജിപ്ത്, ശ്രീലങ്ക തുടങ്ങി പത്ത് രാജ്യങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്. പദ്ധതിക്കായി 1.6 മില്യന്‍ ദീനാര്‍ മാറ്റിവെച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.
വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗപ്പെടുത്തിയുള്ള വിദേശികളുടെ നുഴഞ്ഞുകയറ്റം തടയുക, കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ട് നാടുകടത്തിയതിന് ശേഷം അത്തരക്കാര്‍ വീണ്ടുമത്തെുന്നത് ഇല്ലാതാക്കുക, ഭീകരവാദ-ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ രാജ്യത്തേക്ക് കടക്കാനുള്ള സാധ്യത കുറക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
നിലവില്‍ രാജ്യത്ത് എത്തിയതിന് ശേഷമാണ് വിദേശികളുടെ വിരലടയാളം എടുക്കുന്നതും തുടര്‍ന്ന് മറ്റ് വിസാനടപടികള്‍ പൂര്‍ത്തീകരിക്കുന്നതും. ഇത് കുറ്റവാളികളുടെ പ്രവേശത്തിനും മനുഷ്യക്കടത്തിനും ഇടയാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിനുനേരെ മനുഷ്യാവകാശ സംഘടനകളുടെ ആക്ഷേപം ഉണ്ടാകാനും ഇത്തരം സംഭവങ്ങള്‍ ഇടയാകുന്നുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളിലെ ബന്ധപ്പെട്ടവരുടെ യോഗം കഴിഞ്ഞ ആഴ്ച ചേര്‍ന്നിരുന്നു. പുതിയ പദ്ധതി പ്രാബല്യത്തിലാവുകയാണെങ്കില്‍ മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ വിരലടയാള പരിശോധന അടക്കമുള്ള വിസാ നടപടികള്‍ക്ക് ഇന്ത്യയിലെ കുവൈത്ത് എംബസിയെയായിരിക്കണം സമീപിക്കേണ്ടത്.
്നിലവില്‍ പുതുതായി എത്തുന്നവര്‍ രാജ്യത്ത് പ്രവേശിച്ച ശേഷം വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്നോടി ആയിട്ടാണ് വിരലടയാള പരിശോധനക്ക് വിധേയമാകുന്നത്.
കൂടാതെ വിമാനത്താവളത്തില്‍ വെച്ച് എല്ലാ യാത്രക്കാരുടെയും വിരലടയാള പരിശോധന നടത്തി വരുന്നുണ്ട്. രാജ്യത്തേക്ക് പ്രവേശനം നിരോധിച്ചിട്ടുള്ളവര്‍ പിടിക്കപ്പെട്ടാല്‍ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഇത് പലപ്പോഴും കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിയാത്തതാണ് പുതിയ തീരുമാനത്തിന് അധികൃതരെ പ്രേരിപ്പിച്ചത്. രാജ്യത്ത് പ്രവേശനം നിരോധിച്ചവര്‍ വ്യാജ പാസ്പോര്‍ട്ടുകളിലും മറ്റുമായി നുഴഞ്ഞുകയറിയതായി നേരത്തേ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേസമയം, എംബസി വഴി പുതിയ വിസകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. നിലവില്‍ പുതിയ വിസ ലഭിക്കുന്നവര്‍ നാട്ടിലെ കുവൈത്ത് എംബസി വഴി മെഡിക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി താത്ക്കാലിക വിസ പാസ്പോര്‍ട്ടില്‍ പതിച്ച ശേഷം ആണ് കുവൈത്തില്‍ എത്തുന്നത്.
ഇതിനായി 10,000 രൂപ വരെ ട്രാവല്‍ ഏജന്‍സികളും ആശുപത്രി അധികൃതരും സര്‍വീസ് ചാര്‍ജ് ഈടാക്കാറുണ്ട്. ഇനി വിരലടയാള പരിശോധന കൂടി നാട്ടില്‍ ആക്കുന്നതോടെ പുതിയൊരു സര്‍വീസ് ചാര്‍ജ് കൂടി ഈടാക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍