12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

അസമും അസാറയും ചോദ്യങ്ങളാണ്

അസമും അസാറയും ചോദ്യങ്ങളാണ്

രാഷ്ട്രപുരോഗതിയുടെ സൂചകങ്ങളിലൊന്ന് സ്ത്രീസമൂഹത്തിന്റെ സുരക്ഷിതത്വവും ശാക്തീകരണവുമാണെങ്കില്‍, ഇന്ത്യ ആ രംഗത്ത് നിരന്തരം പിന്തള്ളപ്പെട്ടുകൊണ്ടേയിരിക്കുന്നത് ദുത്തഖകരമാണ്. ദേശീയതലത്തിലുള്ള കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പില്‍ മാനഭംഗവും പീഡനവുമൊക്കെ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സാമ്പത്തികവും വൈജ്ഞാനികവുമായ പുരോഗതിയൊന്നും ഇന്ത്യന്‍സമൂഹത്തിന്റെ അന്തസ്സാര്‍ന്ന ജീവിതത്തിന് കടുകിട സംഭാവന ചെയ്യുന്നില്ലേ എന്നു സങ്കടപ്പെടുത്തുന്നു ഖാദുകവാര്‍ത്തകള്‍. പെണ്ണിനെ സംബന്ധിച്ച കാഴ്ചയും കാഴ്ചപ്പാടും ഇപ്പോഴും മൃഗീയമായിത്തന്നെ തുടരുകയാണ്. സമൂഹത്തിന്റെ ഭൂരിഭാഗമായി മാറുന്ന പെണ്ണിനെ ശാക്തീകരിക്കാനുള്ള ശ്രമങ്ങള്‍ ഔദ്യോഗികതലത്തിലും അല്ലാതെയും മുറക്കു നടന്നുകൊണ്ടിരിക്കുന്നു. സ്ത്രീ പരിരക്ഷാ നിയമങ്ങളും സ്ഥാപനങ്ങളും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍, സ്ത്രീക്കു നേരെയുള്ള മനോഭാവത്തില്‍ കേവല മാനുഷികത പോലും തൊട്ടുതീണ്ടുന്നില്ല. ഈ തീണ്ടാപ്പാടിന്റെ അകലം കൂടുകയാണ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അതിന്റെ പേരിലുള്ള ഒച്ചപ്പാടുകളും ഇടക്കിടെ ഉയരുകയും വന്നതിലും വേഗം കെട്ടടങ്ങുകയും ചെയ്യുന്നു എന്നല്ലാതെ ഈ സാമൂഹികരോഗത്തെ പിഴുതെറിയാനുള്ള വേരിലേക്കിറങ്ങിയുള്ള ചികിത്സയെക്കുറിച്ച് ഇനിയും ആലോചിച്ചിട്ടു വേണം. വനിതാ രാഷ്ട്രപതി വാഴുന്ന നാട്ടില്‍ വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന രാജ്യതലസ്ഥാനം സ്ത്രീജീവിതത്തിന് സുരക്ഷിതത്വം ഏറ്റവും കുറവുള്ള ഇടങ്ങളിലൊന്നാണ്. സ്ത്രീകളുടെ വിവിധതരം സാമൂഹിക ഇടപെടല്‍ സജീവമായ മുംബൈ മഹാനഗരത്തിന്റെ കഥ വ്യത്യസ്തമല്ല. വിവരസാങ്കേതിക വിപ്ലവത്തിന്റെ സിലിക്കണ്‍ വാലി ബംഗളൂരുവും സ്ത്രീകള്‍ക്ക് കാളിയനഗരംതന്നെ. കേരളവും പിശാചിന്റെ കൈകളിലേക്ക് എത്തിപ്പെടുന്നുവെന്ന് മുന്നറിയിപ്പു നല്‍കുന്നതാണ് സമീപകാല ദൃശ്യങ്ങള്‍. നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി) കണക്കുപുസ്തകത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. അത്യന്തം ലജ്ജാകരമായിരുന്നു കൊച്ചിയില്‍ ഈയടുത്ത കാലത്ത് ഒരു വിദേശിവനിത നേരിടേണ്ടിവന്ന ദുരവസ്ഥ. ഗ്രാമ-നഗര, കുബേര-കുചേല, സാക്ഷര-നിരക്ഷര, യാഥാസ്ഥിതിക-പുരോഗമന, പാരമ്പര്യ-ആധുനിക ഭേദങ്ങളൊന്നും ഇക്കാര്യത്തില്‍ കാണുന്നില്ല. കുറച്ചുകാലം മുമ്പ് കര്‍ണാടകയില്‍ മംഗലാപുരത്ത് ശ്രീരാംസേന പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ ആക്രമിച്ചത് വമ്പിച്ച രാഷ്ട്രീയവിവാദമായി മാറിയിരുന്നു. അക്രമികളുടെ തരവും ജാതിയും അനാവരണം ചെയ്യപ്പെട്ട സംഭവം ബഹുതല മാനങ്ങളിലേക്ക് കത്തിപ്പടര്‍ന്നു.
ഇപ്പോള്‍ ഇതാ, അസമിലെ ഗുവാഹതിയില്‍ ബാറില്‍ വഴക്കുകൂടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ പൈശാചികമായി കൈകാര്യം ചെയ്തിരിക്കുന്നു. വിവിധ പ്രായക്കാരും വ്യത്യസ്ത സമൂഹശ്രേണികളിലുള്ളവരുമായ പൊതുജനം ഒരു പെണ്‍കുട്ടിയെ അസം തലസ്ഥാനത്തെ ഭരണസിരാ കേന്ദ്രത്തിന്റെ വിളിപ്പാടകലെ നടുറോഡില്‍ വെച്ചാണ് മാനഭംഗത്തിനിരയാക്കിയത്. നാട്ടുകാരാരും തടയാന്‍ മെനക്കെട്ടില്ല. ഒരു പ്രാദേശികചാനല്‍ സംഭവം അടിമുടി പകര്‍ത്തി. പൊലീസിനെ നിരന്തരം വിളിച്ചുകൊണ്ടിരുന്നിട്ടും അടുത്തുള്ള സ്റ്റേഷനില്‍നിന്ന് ആളനക്കമുണ്ടാകാന്‍ എല്ലാം അവസാനിച്ച അര മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നെന്നു ചാനലുകാര്‍ പറയുന്നു. വിവാദമുയര്‍ന്ന രണ്ടുനാള്‍ മുമ്പുവരെ അസമില്‍ ഒരുതരം പ്രതികരണവുമുണ്ടായില്ല. ഒരാഴ്ച മുമ്പു നടന്ന സംഭവം പ്രാദേശികചാനല്‍ കഴിച്ച് ബാക്കിയുള്ള മാധ്യമങ്ങള്‍ ഒളിച്ചുവെച്ചു. ഒടുവില്‍ വെള്ളിയാഴ്ച ദേശീയമാധ്യമങ്ങള്‍ വഴി വാര്‍ത്ത പുറത്തുവന്നതോടെയാണ് വിഷയത്തില്‍ അന്വേഷണവും അറസ്റ്റുമൊക്കെ തുടങ്ങുന്നത്. 'ഉണര്‍ന്നു പ്രവര്‍ത്തിച്ച' മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് 48 മണിക്കൂറിനകം മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യാന്‍ ഉത്തരവിട്ടു. ഇതുവരെ ആറുപേരെ പിടികൂടി. തലസ്ഥാനത്തെ ദിസ്പൂര്‍ പൊലീസ്സ്റ്റേഷനിലെ എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു.
അതിനിടെ, ഈ സംഭവമത്രയും ന്യൂസ് ലൈവ് എന്ന പ്രാദേശികചാനല്‍ ഒപ്പിച്ച വേലയാണെന്നും അക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അസമില്‍നിന്നുള്ള പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ അഖില്‍ ഗൊഗോയ് രംഗത്തുവന്നിരിക്കുന്നു. ആരോപണത്തെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ഗൗരവ് ജ്യോതി നിയോഗ് രാജിവെച്ചിട്ടുണ്ട്. എന്നാല്‍, ചാനല്‍ മാനേജിങ് എഡിറ്റര്‍ സരീര്‍ ഹുസൈന്‍ ഇത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നു കുറ്റപ്പെടുത്തുന്നു. ഏതായാലും, നീചകൃത്യത്തിന്റെ കടുപ്പമേറ്റുന്ന വിവാദങ്ങളാണ് സംഭവത്തെ ചുറ്റിപ്പറ്റി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എന്‍.സി.ആര്‍.ബിയുടെ പുതിയ കണക്കില്‍ അസം സ്ത്രീകള്‍ രാജ്യത്തെ ഏറ്റവും അരക്ഷിതരായവരുടെ കൂട്ടത്തിലാണെന്നു പറയുന്നു. അസം പൊലീസിന്റെ ഔദ്യോഗിക കണക്കനുസരിച്ചുതന്നെ 2011 ബലാല്‍സംഗകേസുകളും 2998 തട്ടിക്കൊണ്ടുപോക്കു കേസുകളും കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള കേസുകള്‍ ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ടതാണ്. ഈ കേസുകളുടെ അന്വേഷണപുരോഗതി അന്വേഷിച്ചാല്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്ന കുറ്റകൃത്യങ്ങള്‍ അതിനു മറുപടി നല്‍കുന്നുണ്ട്. ഈ സംഭവത്തില്‍ രാത്രി വൈകി ആണ്‍കൂട്ടുകാരുടെ കൂടെ ബാറില്‍ മദ്യപിക്കാന്‍ പോയ സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. ആ സമയത്ത് അവള്‍ക്കു കൂട്ടിരുന്നവരാരും ആക്രമിക്കപ്പെട്ടപ്പോള്‍ രക്ഷക്കെത്തിയില്ല എന്നല്ല ചിലരെങ്കിലും ജനക്കൂട്ടത്തിന്റെ കൂടെ ചേര്‍ന്നു എന്നാണ് ആരോപണം. കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്ന ഇത്തരം അതിസാഹസികതകളും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെ.
അസം സംഭവം സൃഷ്ടിച്ച ഒച്ചപ്പാടിലേക്കാണ് പശ്ചിമ യു.പിയിലെ അസാറ ഗ്രാമത്തിലെ ഖാപ് പഞ്ചായത്തിന്റെ സ്ത്രീകള്‍ക്കുള്ള പെരുമാറ്റച്ചട്ടം വന്നത്. നാല്‍പതു കഴിഞ്ഞ സ്ത്രീകള്‍ അങ്ങാടിയില്‍ പോകരുത്, സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ തലയും മുഖവും മറക്കണം, മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുത്, അന്തിമയങ്ങിയാല്‍ പുറത്തിറങ്ങുന്നതിനു നിയന്ത്രണം വേണം, പ്രേമവിവാഹം അനുവദിക്കില്ല എന്നിങ്ങനെ പോകുന്നു അസാറ ഖാപിന്റെ തീട്ടൂരങ്ങള്‍. ഇതു വെറുമൊരു ഗ്രാമത്തിന്റെ തീരുമാനമല്ല എന്നും ജൂലൈ 21ന് പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ മുഴുവന്‍ ജാട്ടുജാതിക്കാരും ഈ തീരുമാനമെടുക്കാന്‍ പോകുകയാണ് എന്നൊരു മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്. എന്തുകൊണ്ട് ഇത്തരമൊരു തീരുമാനം എന്ന അന്വേഷണത്തിന്, തങ്ങളുടെ സ്ത്രീകളുടെ അരക്ഷിതാവസ്ഥ മാറ്റാന്‍ മറ്റു വഴികളില്ല എന്നാണ് അവര്‍ പറയുന്ന മറുപടി. ഖാപിന്റെ തീട്ടൂരത്തെ കാടത്തമെന്നുതന്നെ പറയണം. എന്നാല്‍, അതിനവരെ നിര്‍ബദ്ധരാക്കിയ പൈശാചികതക്ക് എന്തു മറുമരുന്ന് എന്ന ചോദ്യം എഴുതിത്തള്ളേണ്ടതല്ല. അസമിനു മറുപടി അസാറയല്ല. എന്നാല്‍, ഇതു രണ്ടും ഉയര്‍ത്തുന്ന സാമൂഹികപ്രശ്നങ്ങള്‍ക്കു പരിഹാരം കാണാതെ രാഷ്ട്രവളര്‍ച്ചയുടെ കണക്കുകള്‍ പൊലിപ്പിച്ചു മാത്രം നമുക്ക് ദേശാഭിമാനത്തിന്റെ നടു നിവര്‍ത്താനാവുമോ?


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com