12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

വിനാശകരമായ വികസനം അഥവാ ആറന്മുള വിമാനത്താവളം

ആറന്മുള ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണം വീണ്ടും പൊതുസമൂഹത്തിന്‍െറ മുഖ്യചര്‍ച്ചാവിഷയമായിരിക്കുന്നു. തികച്ചും ആകസ്മികമായി, നിനച്ചിരിക്കാത്ത സമയത്ത് ഇത് ജനങ്ങളുടെയും മാധ്യമങ്ങളുടെയും മുഖ്യ അജണ്ടയിലേക്ക് കടന്നുവന്നത് കാലത്തിന്‍െറ ഇനിയും പൂര്‍ണമായി ചോര്‍ന്നുപോയിട്ടില്ലാത്ത നീതിബോധം കൊണ്ടാവാം. വിമാനത്താവള നിര്‍മാണത്തെ അനുകൂലിക്കുന്ന ഒരു ചെറുന്യൂനപക്ഷത്തിനും ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാവും അത് യാഥാര്‍ഥ്യമാക്കുക എന്നത് തികച്ചും ദുഷ്കരമായിരിക്കുമെന്ന്.
നമ്മുടെ വികസനത്തിന്‍െറ അര്‍ഥം എന്താണ്? നമ്മുടെ വികസനം എങ്ങനെയാകണം? ഇക്കാര്യങ്ങളിലൊക്കെ കര്‍ശന പരിശോധനകള്‍ നാം നടത്തേണ്ടതുണ്ട്. കേരളം പോലെ പരിസ്ഥിതി ദുര്‍ബലമായ സംസ്ഥാനത്ത് പ്രത്യേകിച്ചും. ലോകത്തെവിടെയും നിര്‍മാണ മേഖലകളിലും വ്യവസായ മേഖലകളിലും പല നിയന്ത്രണങ്ങളും നിലവില്‍വന്നിട്ടുണ്ട്. ജനങ്ങളുടെ ആവാസ കേന്ദ്രങ്ങളില്‍ വാണിജ്യ വ്യവസായ സംരംഭങ്ങള്‍ക്ക് അനുവാദം നല്‍കാതിരിക്കുക, കൃഷിഭൂമി പരിവര്‍ത്തിതപ്പെടുത്തി വ്യവസായികാവശ്യത്തിന് ഉപയോഗിക്കുന്നതു തടയുക എന്നതൊക്കെ അവിടങ്ങളില്‍ പാലിക്കപ്പെടുന്നുണ്ട്. സ്വകാര്യ ഇടങ്ങളില്‍നിന്നുപോലും അനിയന്ത്രിതമായി പ്രകൃതിവിഭവങ്ങളെ ചൂഷണംചെയ്ത് പാരിസ്ഥിതികാഘാതം ഉണ്ടാക്കുവാന്‍ ആരെയും അനുവദിക്കുന്നുമില്ല. നമ്മുടെ രാജ്യത്ത് പൊതുവില്‍ അത്തരം ഒരവബോധം ഇനിയും വളര്‍ന്നുവരേണ്ടിയിരിക്കുന്നു. ഒരാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെങ്കിലും അയാള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി ബാധകമാവുകയാണെങ്കില്‍ സമൂഹമൊന്നാകെ ഇടപെടേണ്ടതുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചും ഭൂവിനിയോഗത്തെക്കുറിച്ചും നമുക്കുള്ള കാഴ്ചപ്പാടുതന്നെ ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്. എന്‍െറ ഉടമസ്ഥതയിലുള്ള ഒരു തുണ്ട് ഭൂമി എന്നതിന്‍െറ അര്‍ഥം, അതിന്‍െറ അഗാധതയിലുള്ള ഭൂഗര്‍ഭവും അനന്തമായ ആകാശവും കൂടി എന്‍േറതാണ് എന്നതാവരുത്. ഭൂഗര്‍ഭവും ആകാശവും എല്ലാവര്‍ക്കുമായിട്ടുള്ളതാണ്. അതിനെ ആരും മലിനപ്പെടുത്തിയാലും ചൂഷണംചെയ്താലും എല്ലാവര്‍ക്കും ബാധകവുമാണ്. അതുകൊണ്ട് ന്യായമായും ഇക്കാര്യത്തില്‍ ഒരു സാമൂഹിക നിയന്ത്രണം അനിവാര്യവും അഭികാമ്യവുമാണ്.
കേരളത്തില്‍ ഭൂമിയുടെ ഡിമാന്‍ഡ് അതിശയകരമാംവണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ ജനസാന്ദ്രത മാത്രമല്ല ഇതിന്‍െറ കാരണം. ഗ്രാമീണ ഭൂ ഉടമസ്ഥതയുടെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും പിന്നിലാണ്. കേരളത്തില്‍ ഭൂമി സുരക്ഷിതമായ ഒരു നിക്ഷേപമായി മാറിയതോടെ, റിയല്‍ എസ്റ്റേറ്റ് മാഫിയ എന്നൊരു വര്‍ഗം തന്നെ ഇവിടെ ഉടലെടുത്തു. കേരളത്തിന്‍െറ സവിശേഷമായ ചില സാഹചര്യങ്ങളില്‍ തരിശായിക്കിടക്കുന്ന നിലങ്ങളെയും തണ്ണീര്‍ത്തടങ്ങളെയും മാത്രമല്ല, നെല്‍പ്പാടങ്ങളെയും മോഹവില നല്‍കി വാങ്ങി ഒരുകൂട്ടം അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെയും നിയമലംഘനങ്ങളിലൂടെയും പരിവര്‍ത്തിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇത് കേരളത്തില്‍ സാമൂഹിക സംഘര്‍ഷങ്ങളിലേക്കു വളര്‍ന്നുകൊണ്ടിരിക്കുന്നു. താല്‍ക്കാലികലാഭം മാത്രം ലക്ഷ്യംവെക്കുന്ന കേരളത്തിലെ ഒരു മധ്യവര്‍ഗം ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുകയുമാണ്. ഇക്കാരണങ്ങള്‍കൊണ്ട് കേരളത്തിലെ ജൈവ സന്തുലിതാവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനെതിരെ വളര്‍ന്നുവരുന്ന അവബോധത്തെ ശക്തിപ്പെടുത്തുക എന്നതാവണം ഓരോരുത്തരുടെയും ലക്ഷ്യം. മഹാനായ കാള്‍ മാര്‍ക്സ് പറഞ്ഞിട്ടുള്ളതുപോലെ ‘ഈ ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെ സ്വത്തല്ല, ഒരു സമൂഹത്തിന്‍െറയോ ഒരു രാഷ്ട്രത്തിന്‍െറയോ സ്വത്തല്ല, എന്തിന്, ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും കൂട്ടുസ്വത്തുമല്ല അത്. ഭൂമിയുടെ ഗുണഭോക്താക്കള്‍ മാത്രമാണു നമ്മള്‍. നമുക്ക് ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വരുംതലമുറകള്‍ക്ക് അത് കൈമാറാന്‍ ബാധ്യതപ്പെട്ടവരാണ് നമ്മള്‍. നല്ല തറവാട്ടുകാരണവന്മാരെപ്പോലെ’
യഥാര്‍ഥത്തില്‍ ഇപ്പോള്‍ ഈ ചര്‍ച്ചക്ക് വഴിമരുന്നിട്ടത് മറ്റൊരു സംഭവമാണ്. 2005 ജനുവരി ഒന്നിനു മുമ്പ് നികത്തപ്പെട്ട നെല്‍പ്പാടങ്ങള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും പിഴ ഈടാക്കിക്കൊണ്ട് നിയമസാധുത നല്‍കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം എടുക്കുകയുണ്ടായി. 2012 ഫെബ്രുവരിയിലെടുത്ത ആ തീരുമാനം ജനരോഷം ഭയന്ന് രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് 12.7.2012ല്‍ ഞാന്‍ പ്രതിപക്ഷത്തുനിന്ന് ഒരു അടിയന്തര പ്രമേയം കൊണ്ടുവന്നത്. ഇതിന്‍െറ ചര്‍ച്ചക്ക് മറുപടി പറയുന്നതിനിടയിലാണ് റവന്യൂമന്ത്രി അടൂര്‍ പ്രകാശും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആറന്മുള വിമാനത്താവള പ്രശ്നം സഭയിലെടുത്തിട്ടത്. കേരളത്തിലെ നെല്‍പ്പാടങ്ങളും നീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന് നിലവിലുള്ള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ നിലനിര്‍ത്തണമെന്ന എന്‍െറ ആവശ്യത്തെയും ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനം നിയമം അട്ടിമറിച്ച്കൊണ്ട് ഭൂമാഫിയയെ സഹായിക്കാനാണെന്നുള്ള എന്‍െറ ആരോപണത്തെയും ഖണ്ഡിക്കുന്നതിനു മുഖ്യമന്ത്രി ഒരു രേഖയുടെയും പിന്‍ബലവുമില്ലാതെ സഭയില്‍ അവാസ്തവ പ്രസ്താവന നടത്തുകയായിരുന്നു. അതായത്, ഞാന്‍ കൂടി അംഗമായിരുന്ന കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആറന്മുള അന്താരാഷ്ട്ര വിമാനത്താവളത്തിനുവേണ്ടി 2500 ഏക്കര്‍ നിലം നികത്താന്‍ അനുവാദം നല്‍കിയിരുന്നുവെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. അതില്‍ 500 ഏക്കര്‍ മതി വിമാനത്താവള നിര്‍മാണത്തിനെന്നും ബാക്കി 2000 ഏക്കര്‍ ഡീനോട്ടിഫൈ ചെയ്യുന്നതിന് തങ്ങള്‍ തീരുമാനിച്ചുവെന്നും ഇക്കാര്യത്തില്‍ വ്യവസായ മന്ത്രി രണ്ടുദിവസം മുമ്പ് തീരുമാനത്തില്‍ ഒപ്പിട്ടുവെന്നും തുടര്‍ന്നു മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളെല്ലാം അര്‍ധസത്യങ്ങളോ അസത്യങ്ങളോ ആയിരുന്നു. മന്ത്രിസഭാ തീരുമാനം ജനങ്ങളില്‍നിന്ന് ഒളിപ്പിച്ചുവെച്ചതിന്‍െറ ജാള്യത മറക്കാനോ, ജനവിരുദ്ധ തീരുമാനം കൈക്കൊണ്ടതിന്‍െറ കുറ്റബോധം കൊണ്ടോ ആവണം അദ്ദേഹം അവാസ്തവ പ്രഖ്യാപനങ്ങളില്‍ അഭയം തേടിയത്.
ഇതുമായി ബന്ധപ്പെട്ട് ചില വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് കെ.ജി.എസ് ഗ്രൂപ് കമ്പനിക്കു ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കുകയുണ്ടായി. പക്ഷേ, അതില്‍ കൃത്യമായി പറയുന്ന ഒരുകാര്യമുണ്ട്. നിലവിലുള്ള നിയമങ്ങള്‍ക്കു വിധേയമായി കമ്പനിതന്നെ ഭൂമി കണ്ടത്തെി നിര്‍മാണം ആരംഭിക്കുവാനുള്ള തീരുമാനമായിരുന്നു കാബിനറ്റ് കൈക്കൊണ്ടത്. അതായത്, കേരളത്തില്‍ നിലവിലിരിക്കുന്ന നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമമടക്കമുള്ള നിയമങ്ങള്‍ക്കു വിധേയമായി നിര്‍ദിഷ്ട സ്ഥലത്ത് ഒരിക്കലും ഒരു അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാന്‍ കഴിയില്ല എന്നത് വ്യക്തമായിരുന്നു.
പിന്നീട് വ്യവസായ വകുപ്പ് വകുപ്പുതല നടപടി എന്ന നിലയില്‍ 24-02-2011ല്‍ ആറന്മുള മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍ വില്ളേജുകളില്‍പെട്ട 500 ഏക്കറോളം ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഒരു ഏകജാലക ക്ളിയറന്‍സ് ബോര്‍ഡ് രൂപവത്കരിച്ചു. ഇതിനപ്പുറം ആ സര്‍ക്കാര്‍ ഒരു തീരുമാനവും കൈക്കൊണ്ടിരുന്നില്ല. മാത്രവുമല്ല, ഇതിനുശേഷം ഒരാഴ്ച തികയും മുമ്പുതന്നെ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുമുണ്ടായി. സ്ഥലം നോട്ടിഫൈ ചെയ്തതു വ്യവസായ വകുപ്പാണ്. അതു കാബിനറ്റില്‍ തീരുമാനമെടുത്തിട്ടുള്ളതല്ല. ഇതിനെയാണ് വസ്തുതാ വിരുദ്ധമായി മുഖ്യമന്ത്രിയും മറ്റും വളച്ചൊടിക്കുന്നത്. ഇപ്പോള്‍ അദ്ദേഹം തന്‍െറ മുന്‍വാദത്തില്‍നിന്നും പിന്നോട്ട് പോയിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്താവള സ്ഥലം ചെറുകിട കര്‍ഷകരും സാധാരണക്കാരും തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ജനസാന്ദ്രതയേറിയ മേഖലയാണ്. അഞ്ഞൂറോളം ഏക്കറാണ് ഇവിടെ സ്വതന്ത്ര വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. സ്ഥിരമായി കൃഷി നടത്തിയിരുന്ന 120 ഏക്കര്‍ പുഞ്ചയും 1700 ഏക്കര്‍ വിരിപ്പും വരുന്ന നെല്‍പ്പാടങ്ങള്‍ക്ക് ആവശ്യാനുസരണം ജലം പ്രദാനം ചെയ്തിരുന്ന തോടിനു കുറുകെയുള്ള പാലം പുതുക്കിപ്പണിതവേളയില്‍ ചെറു പൈപ്പുകള്‍ സ്ഥാപിച്ചതിന്‍െറ ഫലമായി വെള്ളത്തിന്‍െറ ഒഴുക്കിനു സാരമായ തടസ്സമുണ്ടായതിനാല്‍ പുഞ്ച നിലങ്ങളില്‍ കൃഷിചെയാന്‍ സാഹചര്യമുണ്ടായി. ഈ തക്കം ഉപയോഗപ്പെടുത്തി മത്സ്യകൃഷിക്കെന്ന വ്യാജേന ഭൂമാഫിയ ഈ സ്ഥലം കൈക്കലാക്കുകയും രാത്രിയുടെ മറവില്‍ മലയും കുന്നും ഇടിച്ചുകൊണ്ടുവന്ന് പാടങ്ങള്‍ നികത്തുകയുമാണുണ്ടായത്. ഇതിന്‍െറ ഫലമായുണ്ടായ പാരിസ്ഥിതികാഘാതവും മറ്റും നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി മുമ്പാകെ ജനങ്ങളും വിവിധ സംഘടനകളും പരാതിയായി സമര്‍പ്പിക്കുകയുണ്ടായി.
ഞാനടക്കമുള്ള സമിതി പരാതി പരിഗണിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരെയും പരാതിക്കാരെയും വിളിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിട്ടുണ്ട്. 29-2-2012ല്‍ സമിതി സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. സന്ദര്‍ശനവേളയില്‍ വിമാനത്താവളത്തിന്‍െറ നിര്‍മാണത്തിനായി കുന്നിടിച്ച് വയല്‍ നികത്തിയതും അതിലൂടെ ഒഴുകിയിരുന്ന കോഴിത്തോട് മണ്ണിട്ടു നികത്തിയതും സര്‍ക്കാര്‍ ഉടമയിലെ 20 മീറ്റര്‍ വീതിയും ഒരു കിലോമീറ്റര്‍ നീളവുമുണ്ടായിരുന്ന ചാല്‍ നികത്തിയതും നേരിട്ടുകാണുകയുണ്ടായി. ചാല്‍ നികത്തിയതുമൂലം കോഴിത്തോട് പുഞ്ചയിലൂടെ ജലം ഒഴുകി പള്ളിമുക്കത്ത് ദേവീ ക്ഷേത്രത്തിന് സമീപ പ്രദേശത്തുള്ള വയലുകളില്‍ വെള്ളം കെട്ടിക്കിടന്ന് കൃഷിചെയ്യാന്‍ കഴിയാത്ത അവസ്ഥയും കാണുകയുണ്ടായി.
ഇത്തരത്തില്‍ ആറന്‍മുളയിലെ സ്വാഭാവിക പ്രകൃതിക്കും പരിസ്ഥിതിക്കും ഇപ്പോള്‍തന്നെ വന്നുപെട്ടിരിക്കുന്ന ദുര്യോഗം നേരില്‍ ബോധ്യപ്പെട്ട ഒരാള്‍ എന്ന നിലയല്‍ നിര്‍ദിഷ്ട സ്ഥലത്ത് വിമാനത്താവളമെന്ന ആശയത്തെ അനുകൂലിക്കുവാന്‍ എനിക്കാവില്ല. ആറന്മുള അന്താരാഷ്ട്ര വിമാനത്താവളമെന്നത് അവിടുത്തെ ജനാഭിലാഷം സാക്ഷാത്കരിക്കാനുള്ള ഒരു വികസന പ്രവര്‍ത്തനമായി ഞാന്‍ കരുതുന്നില്ല. വികസനത്തിന്‍െറ മറവില്‍ ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ആര്‍ത്തിയുടെ പ്രതിഫലനമാണത്. ധാര്‍മികബോധമുള്ളവര്‍ ഇതിനെ എതിര്‍ക്കേണ്ടതുണ്ട്. മാത്രവുമല്ല, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും നെടുമ്പാശ്ശേരിക്കുമിടയില്‍ നിര്‍ദിഷ്ട സ്ഥലത്ത് ഇപ്പോള്‍ ഒരു വിമാനത്താവളം അത്യന്താപേക്ഷിതവുമല്ല. തിരുവനന്തപുരം വിമാനത്താവളം നഷ്ടത്തിലാണെന്നാണ് കേള്‍ക്കുന്നത്. ഇവിടെ പ്രസക്തമാകുന്ന ചോദ്യം, കുറച്ചാളുകള്‍ക്കു കൂടുതല്‍ സൗകര്യമൊരുക്കുന്നതിനുവേണ്ടി മഹാഭൂരിപക്ഷത്തെ കഷ്ടനഷ്ടങ്ങളിലേക്ക് വലിച്ചെറിയണോ എന്നതാണ്.
ഇതില്‍ ഒരു സാമൂഹിക നീതിയുടെ വശംകൂടിയുണ്ട്. അതുകൊണ്ട് നിര്‍ദിഷ്ട സ്ഥലത്തെ വിമാനത്താവള നിര്‍മാണത്തെ എതിര്‍ത്ത് സമരമുഖത്തു നില്‍ക്കുന്ന ആറന്മുളയിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരോടൊപ്പം നിലകൊള്ളാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പൈതൃക ഗ്രാമമായ ആറന്മുളയെ പവിത്രമായി കാത്തുസൂക്ഷിക്കുവാന്‍ ഞാനും പ്രതിജ്ഞാബദ്ധനാണ്. കേരളത്തിന്‍െറ സമ്പത്ത് ആഴഖനികളോ ആധുനിക വ്യവസായ ശൃംഖലകളോ അല്ല. അദ്ഭുതകരമായ ജൈവവൈവിധ്യ കലവറയും ഹരിതാഭമായ ഭൂപ്രകൃതിയുമാണ്. അതിനെ നാം സംരക്ഷിച്ചേ മതിയാകൂ.
മലയാളത്തിന്‍െറ വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍െറ ‘ഭൂമിയുടെ അവകാശികള്‍’ എന്ന വിഖ്യാത കഥയുടെ അവസാന വാക്യം ഉദ്ധരിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കുകയാണ്. ‘ജീവികളായ സര്‍വജീവികളും ഭൂമിയുടെ അവകാശികള്‍. മംഗളം’.
(മുന്‍ കൃഷി മന്ത്രിയാണ് ലേഖകന്‍)
l


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com