അബൂദബിയില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ മൂന്നു മരണം

അബൂദബിയില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ മൂന്നു മരണം

അബൂദബി: അബൂദബിയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. വയനാട് മാനന്തവാടി പിലാക്കാവ് നരിപ്പറ്റ പരേതനായ അബുവിന്‍െറയും ഖദീജയുടെയും മകന്‍ ശഫീര്‍ (23), ഫിലിപ്പീന്‍സിലെ മനില സ്വദേശി എമേഴ്സണ്‍ (20) എന്നിവര്‍ക്ക് പുറമെ മറ്റൊരാള്‍ കൂടി മരിച്ചു. ഇദ്ദേഹം ബംഗ്ളാദേശുകാരനോ, ഫിലിപ്പീനിയോ എന്ന് വ്യക്തമായില്ല. മലയാളികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു ഫിലിപ്പീനികള്‍ക്ക് ഗുരുതര പരിക്കാണ്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മുസഫ റോഡില്‍ മുശ്രിഫിനടുത്ത് ഡല്‍മ സ്ട്രീറ്റിലെ സിഗ്നലിലാണ് അപകടം. അബൂദബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്)യില്‍ ജോലി ചെയ്യുന്ന ശഫീര്‍ ഉള്‍പ്പെടെയുള്ളവര്‍ അല്‍ ഖലീജിലെ പെട്രോള്‍ പമ്പിലേക്ക് ജോലിക്ക് പോയതാണ്. ഇവര്‍ സഞ്ചരിച്ച മിനി വാനും ടാക്സിയും സിഗ്നലില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ശഫീര്‍ സഞ്ചരിച്ച മിനി വാന്‍, മഞ്ഞ സിഗ്നല്‍ തെളിഞ്ഞ സമയത്ത് ഇന്‍റര്‍സെക്ഷനിലേക്ക് കടക്കുകയും അതേസമയം, മറ്റൊരു ദിശയില്‍നിന്ന് കയറിവന്ന ടാക്സിയുമായി കൂട്ടിയിടിക്കുകയും ചെയ്തുവെന്നാണ് വിവരം. ശഫീറും കൂടെയുണ്ടായിരുന്ന എമേഴ്സണും തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ മരിച്ച മൂന്നാമത്തെ വ്യക്തി ടാക്സിയിലുണ്ടായിരുന്നയാളാണ്. ശഫീറും മറ്റുള്ളവരും പതിവായി ജോലിക്ക് പോകാന്‍ ഏര്‍പ്പെടുത്തിയ വാഹനമാണ് അപകടത്തില്‍പെട്ടത്.
പാകിസ്താനിയാണ് ഓടിച്ചത്. മലയാളികളും ഫിലിപ്പീനികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. മേയ് 24നാണ് ശഫീര്‍ അഡ്നോകില്‍ ജോലിക്കായി എത്തിയത്. പ്രാഥമിക പരിശീലനത്തിന് ശേഷം ജൂണ്‍ 16ന് ജോലിയില്‍ പ്രവേശിച്ചു.
എമേഴ്സണ്‍ ഒന്നര മാസം മുമ്പാണ് എത്തിയത്. രണ്ടു മൃതദേഹങ്ങളും ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍. ശഫീറിന്‍െറ മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോകും. സഹോദരങ്ങള്‍: നിസാര്‍, സെജിന, നസീറ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus