Sun, 07/15/2012 - 23:47 ( 44 weeks 2 daysago)
സുരക്ഷ വിവാദത്തില്‍; ലണ്ടനില്‍ പട്ടാളമിറങ്ങി
(+)(-) Font Size
സുരക്ഷ  വിവാദത്തില്‍; ലണ്ടനില്‍ പട്ടാളമിറങ്ങി

ലണ്ടന്‍: ലോകം കാത്തിരിക്കുന്ന കായിക മാമാങ്കത്തിലേക്ക് 11 നാള്‍ മാത്രം ശേഷിക്കെ ഒളിമ്പിക്സിനായുള്ള സുരക്ഷാ ക്രമീകരണത്തിന്‍െറ ചൂടുപിടിച്ച വിവാദത്തിലാണ് സംഘാടകരും ബ്രിട്ടീഷ് സര്‍ക്കാറും. ആറായിരത്തോളം വരുന്ന അത്ലറ്റുകളും പതിന്മടങ്ങ് ഒഫീഷ്യലുകളും ലക്ഷത്തിലേറെ കാണികളുമായി വന്‍മനുഷ്യസാഗരത്തെ വരവേല്‍ക്കാനൊരുങ്ങുന്ന ഒളിമ്പിക്സിന് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലെന്ന വിവാദത്തിനിടെയാണ് 3200 അധിക സൈന്യത്തെ ഇറക്കി ബ്രിട്ടന്‍ പ്രശ്നത്തിന് പരിഹാരം കണ്ടത്.
ഒളിമ്പിക്സ് സീസണില്‍ കവാടങ്ങളിലും വേദികളിലുമായി സുരക്ഷാ ചുമതലയുള്ള സ്വകാര്യ സുരക്ഷാ ഏജന്‍സി ‘ജി4എസി’ന്‍െറ വീഴ്ചയെ തുടര്‍ന്നാണ് മേള പടിവാതില്‍ക്കലെത്തി നില്‍ക്കെ വന്‍ വിവാദത്തിന് കളമൊരുങ്ങിയത്. ഒളിമ്പിക്സിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രധാന വേദികളിലും കവാടങ്ങളിലും നിയോഗിക്കേണ്ട സുരക്ഷാ ജീവനക്കാരെ എത്തിക്കാന്‍ ഏജന്‍സിക്ക് കഴിയാതെ പോയതാണ് കാരണം.
10,400 സുരക്ഷാ ജീവനക്കാര്‍ വേണ്ട സ്ഥാനത്ത് ഏജന്‍സിയുടെ കീഴില്‍ 4000പേര്‍ മാത്രമേ ഒളിമ്പിക്സ് സുരക്ഷക്കായി ലണ്ടനിലുള്ളൂ. ഒളിമ്പിക്സിനു 15 ദിവസം മുമ്പ് ഇവര്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ് കമ്പനിയുമായുള്ള കരാറെങ്കില്‍ അവസാന നിമിഷവും പരിശീലനം പൂര്‍ത്തിയായിട്ടില്ല. 284 ദശലക്ഷം പൗണ്ടിന്‍െറ കരാറിനാണ് സുരക്ഷാ ഏജന്‍സിയുമായി ലണ്ടന്‍ ഒളിമ്പിക്സ് സംഘാടകര്‍ കരാറിലെത്തിയത്. 3300 സ്റ്റുഡന്‍സ് കാഡറ്റുകളും 2500 വളന്‍റിയര്‍മാരുമടങ്ങിയ സംഘം ഒളിമ്പിക്സിനു മുമ്പേ സുരക്ഷക്കായി ഇറങ്ങുമെന്ന് അറിയിച്ചെങ്കിലും അടിയന്തര ഘട്ടം കണക്കിലെടുത്ത് സൈന്യത്തെ ഇറക്കിയാണ് സര്‍ക്കാര്‍ പ്രശ്നത്തിന് പരിഹാരം കണ്ടത്.
അഫ്ഗാനിസ്താനില്‍ നിന്ന് പിന്‍വലിച്ച് ജര്‍മനിയിലെ ക്യാമ്പില്‍ തങ്ങിയ സൈനികരെയും അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയവരെയും തിരിച്ചു വിളിച്ച് 3200 സൈനികരെ സര്‍ക്കാര്‍ ഒളിമ്പിക്സ് ജോലിക്ക് നിയോഗിച്ചു.
വിവാദം കൊഴുത്തതോടെ ലണ്ടന്‍ 2012 ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കോ തന്നെ രംഗത്തെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാണെന്ന് സ്ഥിരീകരിച്ചു. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും, ഏജന്‍സിയുടെ പിഴവ് കൂടുതല്‍ സൈന്യത്തെ ഇറക്കി പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.
ജി 4 എസിന് സുരക്ഷാ ചുമതല നല്‍കിയ കരാര്‍ സംബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ചോദ്യമുയരുന്നതിനിടെയാണ് സുരക്ഷാ വിന്യാസത്തിലെ വീഴ്ചയും വിവാദമാവുന്നത്്. വേണ്ടത്ര പരിശോധിക്കാതെയാണ് കരാര്‍ നല്‍കിയതെന്ന പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ടെത്തലാണ് വിവാദത്തിന് കാരണമായത്. അതിനിടെ, ഏജന്‍സിയുടെ സോഫ്റ്റ്വെയര്‍ പ്രശ്നം കാരണം സുരക്ഷാ ചുമതലയും ജോലി വിഭജനവും താറുമാറായതും വിവാദത്തിന് ബലം നല്‍കുകയാണ്. 4000 പേരെ വേദികളിലും 9000 പേരെ ഒളിമ്പിക് നഗര സുരക്ഷക്കും പരിശോധനക്കുമായാണ് ഏജന്‍സിക്ക് കരാര്‍. എന്നാല്‍, ഇവരില്‍ പലര്‍ക്കും വേണ്ടത്ര ഇംഗ്ളീഷ് പരിജ്ഞാനമില്ലെന്നും ആരോപണമുയരുന്നു.
80,000 ഇരിപ്പിടമുള്ള പ്രധാനവേദിയായ ഒളിമ്പിക് സ്റ്റേഡിയം അടക്കം 100 വേദികളാണ് 27 ആരംഭിക്കുന്ന കായിക മാമാങ്കത്തിനായി ഒരുങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus