പരവൂര്‍: നീര്‍ത്തടങ്ങള്‍ നികത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് ഭൂമാഫിയക്ക് ആഹ്ളാദം പകരുന്നു. കൊല്ലത്തിന്‍െറ നെല്ലറ എന്നുവിശേഷിപ്പിക്കുന്നപോളച്ചിറ പുഞ്ചപ്പാട ശേഖരത്തിലടക്കം ഏക്കര്‍ കണക്കിന് ഏലാകളും നീര്‍ത്തട ഭാഗങ്ങളും കരഭൂമിയായി മാറും.
പോളച്ചിറയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി നികത്തല്‍ നടന്നുവരികയാണ്. ഏതാനും വര്‍ഷംമുമ്പ് ഇതിന്‍െറ തോത് വര്‍ധിച്ചിരുന്നു. പുഞ്ചപ്പാടത്തിന്‍െറ കരകളില്‍ വന്‍വില നല്‍കി വസ്തുക്കള്‍ വാങ്ങിയ ഭൂമാഫിയ അതിനോട് ചേര്‍ന്നുള്ള നിലങ്ങളും സ്വന്തമാക്കി നികത്താന്‍ തുടങ്ങുകയായിരുന്നു. പോളച്ചിറയുടെ നാലുകരകളെയും ബന്ധിപ്പിച്ച് ബണ്ടുറോഡ് വന്നത് നികത്തലിന് ആക്കംകൂട്ടി. വഴി സൗകര്യമായപ്പോള്‍ ഏത് ഭാഗവും നികത്താമെന്നുവന്നു.
ചിറക്കര പഞ്ചായത്തിലാണ് പോളച്ചിറ. 1500 ലധികം ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരം പ്രകൃതിജന്യമായ സ്വാഭാവിക വളക്കൂറുള്ള അപൂര്‍വകൃഷിയിടമാണ്. യാതൊരു വളപ്രയോഗവും നടത്തേണ്ടതില്ല എന്നതാണ് ഇവിടത്തെ സവിശേഷത. ഇതിനകം ഏലാ വികസനത്തിനായി ലക്ഷങ്ങളുടെ പദ്ധതികള്‍ പഞ്ചായത്ത് ആവിഷ്കരിച്ചെങ്കിലും ഒന്നും ഫലപ്രദമായി പ്രാവര്‍ത്തികമാക്കാനായിട്ടില്ല. അതേസമയം ഏക്കര്‍കണക്കിന് നികത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയാറായതുമില്ല. കര്‍ഷകസംഘവും ഡി.വൈ.എഫ്.ഐയുമുള്‍പ്പെടെ രംഗത്തുവന്നെങ്കിലും ഫലം കണ്ടില്ല.
നിലവിലുള്ള ഇഷ്ടികക്കളങ്ങള്‍ നികത്തലിന് മറയായി. ഇഷ്ടികനിര്‍മാണത്തിനാവശ്യമായ കരമണ്ണ് നിക്ഷേപിക്കുന്നെന്ന വ്യാജേന കളങ്ങളോട് ചേര്‍ന്ന നീര്‍ത്തട ഭാഗങ്ങളില്‍ വന്‍തോതില്‍ മണ്ണ് നിക്ഷേപിക്കുകയും ക്രമേണ ഇവിടെ തെങ്ങുകളും മറ്റും വച്ചുപിടിപ്പിക്കുകയും ചെയ്തു.
ചില ഘട്ടങ്ങളില്‍ ഉയര്‍ന്ന എതിര്‍പ്പുകളത്തെുടര്‍ന്ന് നിര്‍ത്തിവെച്ച നികത്തല്‍ പലയിടത്തും പൂര്‍ത്തീകരിക്കുന്നതിനുള്ള നീക്കങ്ങള്‍ ഭൂമാഫിയ ആരംഭിച്ചിട്ടുണ്ട്. നേരത്തെ നികത്തപ്പെട്ടതാണെന്ന പേരില്‍ സാധുത തേടാനുള്ള വഴി തുറന്നതാണ് കാരണം. പോളച്ചിറ ഭാഗത്ത് 200 ഏക്കര്‍ ഏറ്റെടുത്ത് കിന്‍ഫ്ര വ്യവസായ പാര്‍ക്ക് തുടങ്ങുമെന്ന വിവരം പുറത്തുവന്നതോടെയാണ് പലരും ഇവിടെ കണ്ണുവെച്ചത്. പക്ഷിസങ്കേതമായ പോളച്ചിറയിലെ വിനോദസഞ്ചാരസാധ്യതകളും ഇക്കൂട്ടരുടെ താല്‍പര്യം വര്‍ധിപ്പിച്ചു. എന്നാല്‍ പോളച്ചിറയുടെ എല്ലാ സവിശേഷതയും പ്രകൃതി ഭംഗിയും ഇല്ലാതാക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ ചെന്നത്തെുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍