12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

നെല്ലിക്കാമലയില്‍ പാറമടക്ക് അനുമതി; പ്രതിഷേധം ഇരമ്പുന്നു

കാഞ്ഞാര്‍: സര്‍ക്കാര്‍ അധീനതയിലുള്ള നെല്ലിക്കാമല ഇടിച്ചുനിരത്തി പാറമട തുടങ്ങാന്‍ അനുമതി നല്‍കിയ കുടയത്തൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പ്രതിഷേധം ശക്തമായി. പഞ്ചായത്തിന്‍െറ വടക്കേ അതിര് നിര്‍ണയിക്കുന്ന പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് മുതിയാമല-മറുകുമല,നെല്ലിക്കാമല, പൂവത്തിനാപ്പാറ എന്നിവ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂമി ഇല്ലാത്തവര്‍ക്ക് തിരുവിതാംകൂര്‍ രാജവംശക്കാലത്ത് പതിച്ചുനല്‍കിയതാണ് ഈ പ്രദേശം.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ നെല്ലിക്കാമല ഇടിച്ചുനിരത്തിയാലുണ്ടാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് പരിശോധിക്കാന്‍ പാറമടക്ക് അനുമതി നല്‍കിയവര്‍ തയാറായിട്ടില്ല. പാറമട നല്‍കുന്ന കാര്യത്തില്‍ അഭിപ്രായ സമന്വയവും ആരാഞ്ഞില്ല. നിരവധി തവണ മലമുകളില്‍ നിന്ന് പാറക്കഷണങ്ങള്‍ താഴേക്ക് പതിച്ച് വന്‍നാശം ഉണ്ടായിട്ടുണ്ട്. മലമുകളിലെ പാണ്ടുപാറ വിണ്ടുകീറി ഏത് നിമിഷവും വീഴാവുന്ന സ്ഥിതിയിലാണ്. ചെങ്കുത്തായ ഈ മലയുടെ ചുവട്ടിലാണ് പാറ പൊട്ടിക്കാന്‍ അനുമതി നല്‍കിയത്.
കൈപ്പ-മുതിയാമല ഭാഗത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ കാഞ്ഞാര്‍ ടൗണുമായി ബന്ധപ്പെടാനും സ്കൂള്‍ കുട്ടികള്‍ സഞ്ചരിക്കാനും ആശ്രയിക്കുന്ന കാഞ്ഞാര്‍-കൈപ്പ റോഡിനെയാണ്. ഇവിടുത്തെ അമ്പതിലധികം ഓട്ടോ തൊഴിലാളികള്‍ ഈ റോഡിലൂടെ ഗതാഗതം നടത്തി ജീവിക്കുന്നു. കൈപ്പക്കവല- കൈപ്പ റോഡിന്‍െറ വീതി എട്ടടി മാത്രമാണ്.
രണ്ട് വാഹനത്തിന് ഒരേ സമയം കടന്നുപോകാന്‍ സാധിക്കാത്ത റോഡിലൂടെ ടിപ്പറും മറ്റും ഓടിയാലുണ്ടാകുന്ന ഭവിഷ്യത്ത് വലുതാണ്. കാല്‍ നടക്കാര്‍ക്കും ഇത് ഭീഷണിയാകും. മാത്രമല്ല, വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തെ അവശേഷിക്കുന്ന ഉറവകള്‍ കൂടി വറ്റിവരളാന്‍ പാറമടയുടെ പ്രവര്‍ത്തനം കാരണമാകും.
പാറമടക്ക് അനുമതി നല്‍കിയ പഞ്ചായത്തിന്‍െറ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരാന്‍ നാട്ടുകാര്‍ തയാറെടുക്കുകയാണ്. ഇതിന്‍െറ ഭാഗമായി ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കൈപ്പയില്‍ സമര പ്രഖ്യാപന ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാന്‍ ബിജു ജോണ്‍ മഞ്ഞപ്പള്ളില്‍ കണ്‍വീനറും കെ.വി. സണ്ണി കണ്ടവരളിയില്‍ ചെയര്‍മാനുമായ സംഘാടക സമിതി തീരുമാനിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com